ദമ്പതികളുടെ 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് എഐ; ഗർഭധാരണം സാങ്കേതിക വിദ്യയുടെ സഹായത്തോടെ!!
എന്തിനും ഏതിനും എഐ സഹായിച്ചു തുടങ്ങിയ കാലമാണിത്. എല്ലാ കാര്യങ്ങൾക്കും എഐ ആളുകൾ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ചില മേഖലകളിൽ പോലും എഐ ശക്തമായ സന്നിധ്യമായി മാറുകയാണ്. 18 വർഷമായി ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ശ്രമിച്ചിരുന്ന ദമ്പതികൾക്ക് ഒടുവിൽ കൃത്രിമബുദ്ധിയുടെ സഹായത്തോടെ ഈ ആഗ്രഹം സഫലീകരിക്കാൻ കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പേര് വെളിപ്പെടുത്താത്ത ഈ ദമ്പതികൾ ലോകമെമ്പാടുമുള്ള പല ചികിത്സാ കേന്ദ്രങ്ങളിൽ നിന്നായി ഒന്നിലധികം തവണ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഐവിഎഫ് ചികിത്സാ രീതി നടത്തിയിരുന്നു, പക്ഷേ ഇതിന് ഫലമുണ്ടായില്ല. പുരുഷ പങ്കാളിയുടെ ബീജത്തിൽ ആവശ്യത്തിന് ബീജം ഇല്ലാത്ത അപൂർവ രോഗമായ അസൂസ്‌പെർമിയ കാരണമായിരുന്നു ഈ ശ്രമങ്ങൾ പരാജയപ്പെട്ടത്.

എല്ലാ വാതിലുകളും മുട്ടിയതോടെ ഒടുവിൽ ദമ്പതികൾ കൊളംബിയ യൂണിവേഴ്‌സിറ്റി ഫെർട്ടിലിറ്റി സെന്ററിലേക്ക് എത്തുകയും അവിടെ ഒരു നൂതന സമീപനം പരീക്ഷിച്ചുനോക്കിയതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പുരുഷന്മാരിൽ ഒളിഞ്ഞിരിക്കുന്ന ബീജത്തെ തിരിച്ചറിയാൻ എഐ ഉപയോഗിക്കുന്ന എസ്‌ടിഎആർ രീതി ഉപയോഗിച്ചാണ് ദമ്പതികളുടെ ജീവിതത്തിലേക്ക് ഭാഗ്യത്തിന്റെ രൂപത്തിൽ ഈ മാറ്റം വന്നത്.
ഫെർട്ടിലിറ്റി സെന്ററിലെ ഗവേഷകർ എഐ പവർഡ് സിസ്‌റ്റം ഉപയോഗിച്ച് ബീജ സാമ്പിൾ പരിശോധിക്കുകയും മറഞ്ഞിരിക്കുന്ന ബീജം കണ്ടെത്തുകയും ചെയ്‌തു. ബീജം വീണ്ടെടുത്ത ശേഷം, ഐവിഎഫ് വഴി ഭാര്യയുടെ അണ്ഡത്തിൽ ബീജസങ്കലനം നടത്തുകയും ചെയ്‌തു. ഇതോടെ ഈ രീതി ഉപയോഗിച്ച് ഗർഭം ധരിച്ച ആദ്യത്തെ സ്ത്രീയായി അവർ മാറി.
സിയുഎഫ്‌സിയുടെ ഡയറക്‌ടർ ഡോ. സേവ് വില്യംസും സഹപ്രവർത്തകരും അഞ്ച് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് സ്‌റ്റാർ രീതി വികസിപ്പിച്ചെടുത്തത്. യഥാർത്ഥ ജീവിതത്തിൽ ഈ രീതി ഫലം കണ്ടപ്പോൾ ഈ സംഘവും യഥാർത്ഥത്തിൽ അത്ഭുതപ്പെട്ടുപോയി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നത്.
സ്‌റ്റാർ എഐയുടെ പ്രവർത്തനം എങ്ങനെ?
ഒരു ബീജ സാമ്പിൾ പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഒരു ചിപ്പിൽ മൈക്രോസ്കോപ്പിന് കീഴിൽ സ്ഥാപിച്ച ശേഷം, സ്‌റ്റാർ സിസ്‌റ്റം ഉയർന്ന പവർ ഇമേജിംഗ് ഉപയോഗിച്ച് മുഴുവൻ ബീജ സാമ്പിളും സ്‌കാൻ ചെയ്യുകയും ഒരു മണിക്കൂറിനുള്ളിൽ എട്ട് ദശലക്ഷത്തിലധികം ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നു. ബീജകോശങ്ങളെ തിരിച്ചറിയാൻ പ്രത്യേകം പരിശീലനം ലഭിച്ച എഐ സംവിധാനം ഇതിൽ നിന്ന് പ്രത്യുത്പാദന ശേഷിയുള്ള കോശങ്ങളെ തിരിച്ചറിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.












Click it and Unblock the Notifications