എഐയുടെ സ്വാധീനം തള്ളിക്കളയാനാവില്ല; ഈ 40 ജോലികളിൽ മനുഷ്യരേക്കാളും മേലെ..! പഠനം പറയുന്നു
അടുത്തിടെ മൈക്രോസോഫ്റ്റ് പുറത്തുവിട്ട ഒരു പഠനം തൊഴിൽ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. 40 വ്യത്യസ്‌ത ജോലികൾക്ക് ഇന്ന് 'രൂപാന്തര സാധ്യതയുണ്ട്' എന്ന് പഠനം എടുത്തുപറയുന്നു. അതായത്, ഈ ജോലികളുടെ പ്രധാന ഭാഗങ്ങൾ നിർമിത ബുദ്ധി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനോ മെച്ചപ്പെടുത്താനോ സാധിക്കും.
ജനറേറ്റീവ് എഐക്ക് നിലവിൽ 40 വ്യത്യസ്‌ത തൊഴിൽ മേഖലകളിൽ പ്രവർത്തിക്കാൻ കഴിയും; ഇത് തൊഴിൽ രൂപാന്തരം പലരും പ്രതീക്ഷിക്കുന്നതിലും അടുത്ത് സംഭവിച്ചേക്കാം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. മാത്രമല്ല കാലങ്ങളായി എഐ വരുന്നതോട് കൂടി തങ്ങളുടെ ജോലി നഷ്‌ടമാവുമോ എന്നുള്ള തൊഴിലാളികളുടെ ആശങ്ക കൂടിയാണ് ഇത് അടിവരയിടുന്നത്.

മൈക്രോസോഫ്റ്റ് നടത്തിയ പഠനത്തിലൂടെ ഒരു എഐ പ്രായോഗികതാ സ്കോർ തയ്യാറാക്കുകയായിരുന്നു. കോപൈലറ്റ് എഐയുമായുള്ള 200,000-ത്തിലധികം യഥാർത്ഥ തൊഴിലിടങ്ങളിലെ ഇടപെടലുകൾ വിശകലനം ചെയ്‌ത്, ഒരു ശരാശരി ജീവനക്കാരന്റെ ജോലിയുടെ ഉത്തരവാദിത്തങ്ങൾ എഐ സംവിധാനങ്ങൾ ചെയ്യാൻ കഴിവുള്ള ജോലികളുമായി എത്രത്തോളം പൊരുത്തപ്പെടുന്നുണ്ടെന്ന് പഠനം അളന്നു.
ഈ പൊരുത്തത്തിന്റെ അടിസ്ഥാനത്തിൽ ഒരു സ്കോർ നൽകി, ഒരു തൊഴിൽ ജനറേറ്റീവ് എഐയുടെ സ്വാധീനത്തിന് എത്രത്തോളം വിധേയമാണെന്ന് നിർണ്ണയിച്ചു. സൂചികയിൽ ഉയർന്ന സ്കോർ നേടുന്ന ജോലികൾക്കാണ് കൂടുതൽ സാധ്യത. അത്തരത്തിൽ ചെറുതും വലുതുമായി നിലവിൽ ലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന മേഖലകൾക്കാണ് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ ഇടയുണ്ടെന്ന് പറയുന്നത്.
സ്വാധീനം ഉണ്ടായേക്കാവുന്ന പ്രധാന ജോലികൾ
എഴുത്തുകാർ, എഡിറ്റർമാർ, വിവർത്തകർ, വ്യാഖ്യാതാക്കൾ, ചരിത്രകാരന്മാർ, ഡാറ്റാ സയന്റിസ്‌റ്റുകൾ, മാർക്കറ്റ് റിസർച്ച് അനലിസ്‌റ്റുകൾ, പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്‌റ്റുകൾ, ടെലിമാർക്കറ്റർമാർ, കസ്‌റ്റമർ സർവീസ് പ്രതിനിധികൾ, ടെലിഫോൺ ഓപ്പറേറ്റർമാർ, വെബ് ഡെവലപ്പർമാർ എന്നിവരുടെ ജോലികൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
ഈ ജോലികളിലെല്ലാം ആവശ്യമായ കഴിവുകൾ, മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ്, ഗൂഗിളിന്റെ ബാർഡ്, ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി പോലുള്ള വലിയ ഭാഷാ മോഡലുകൾ ഇതിനകം മികച്ച പ്രകടനം കാഴ്‌ചവെച്ച മേഖലകളാണ്. അതിനർത്ഥം ഈ മേഖലകൾ എല്ലാം തന്നെ വരും നാളുകൾ എഐയുടെ സ്വാധീനത്തിൽ മനുഷ്യരുടെ ആവശ്യകത തന്നെ ഇല്ലാതാവുന്നയാണ് എന്നാണ്.
എങ്കിലും പുതിയ റിപ്പോർട്ട് ഈ ജോലികളുടെ അന്ത്യം പ്രവചിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എഐയുടെ നിലവിലെ കഴിവുകളുമായി ഏത് ജോലികൾക്കാണ് ഏറ്റവും കൂടുതൽ പൊരുത്തമുള്ളതെന്ന് ഇത് സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇക്കാര്യം പഠനത്തിന് നേതൃത്വം നൽകിയ മൈക്രോസോഫ്റ്റ് തന്നെ പറയുന്നുണ്ട്.
'നിർമിത ബുദ്ധിക്ക് എവിടെ, എങ്ങനെ ജോലിയെ പിന്തുണയ്ക്കാൻ കഴിയുമെന്ന് നോക്കുന്ന ഒന്നാണ് മൈക്രോസോഫ്റ്റ് എഐ അപ്ലിക്കബിലിറ്റി ഇൻഡക്‌സ്. മനുഷ്യന്റെ ജോലികൾ ഇല്ലാതാകുമെന്ന് അളക്കുന്നതിന് പകരം, സാങ്കേതികവിദ്യയ്ക്ക് ജോലികളെ മെച്ചപ്പെടുത്താനോ പിന്തുണയ്ക്കാനോ കഴിയുന്ന തുറകൾ ഇത് എടുത്തു കാണിക്കുന്നു' റിപ്പോർട്ട് പറയുന്നു.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇന്നത്തെ എഐയുടെ കഴിവുകളും, മനുഷ്യ ജീവനക്കാരുമായി ചേർന്ന് ചില ജോലികൾ ചെയ്യാൻ അതിനുള്ള സാധ്യതകളും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. എഡിറ്റർമാരുടെയും ഡാറ്റാ സയന്റിസ്‌റ്റുകളുടെയും റോളുകളിൽ മനുഷ്യർക്ക് പ്രാധാന്യം തുടരുമ്പോഴും, ഈ ജോലികളിലെ ചില പ്രത്യേക കാര്യങ്ങൾ സമീപഭാവിയിൽ എഐക്ക് നിർവഹിക്കാനോ സഹായിക്കാനോ കഴിഞ്ഞേക്കും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications