എഐയിൽ നിന്ന് രക്ഷനേടാൻ എന്താണ് വഴി? തല പുകയ്‌ക്കേണ്ട, ഇനി അമ്മയെ പോലെ കണ്ടാൽ മാത്രം മതി!
നിർമ്മിത ബുദ്ധി അതിവേഗം പുരോഗമിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമെല്ലാം കടന്നുപോവുന്നത്. ഇപ്പോൾ എന്തിനും ഏതിനും എഐ എന്ന നിലയിലേക്ക് വരെ കാര്യങ്ങൾ മാറിയിരിക്കുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി മനുഷ്യർക്ക് മാത്രം ചെയ്യാൻ കഴിയുമായിരുന്ന ജോലികൾ പോലും ഇപ്പോൾ എഐ മുഖേന എളുപ്പത്തിൽ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. അത്തരത്തിൽ നോക്കുമ്പോൾ ഇന്നത്തെ കാലത്ത് ജീവിക്കാൻ പേടിക്കുന്നവരുമുണ്ട്.
മനുഷ്യരെ എഐ കീഴടക്കുമെന്ന ഭയവും വർധിച്ചു വരികയാണ്. ഭാവിയിൽ വികസിത എഐ ഉയർത്താൻ സാധ്യതയുള്ള ഭീഷണികളെ എങ്ങനെ നേരിടാമെന്ന് ഗവേഷകരും മറ്റുള്ളവരും സ്വന്തം സിദ്ധാന്തങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നു. എന്നാൽ എഐയുടെ തലതൊട്ടപ്പനായ ജെഫ്രി ഹിന്റണിനോട് ചോദിച്ചാൽ കിട്ടുന്ന മറുപടി വളരെയധികം രസകരമാണ്. ഒരുപക്ഷേ ഈ മറുപടി നിങ്ങളെ ഒരേസമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.

എഐ ഐയിൽ നിന്ന് സുരക്ഷിതരായിരിക്കാൻ, അതിനോട് ഒരു കാരണവശാലും മുതലാളി ചമയരുത് എന്നാണ് ഹിന്റൺ പറയുന്നത്. പകരം നിങ്ങൾ കുട്ടിയായിരിക്കണം എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു അമ്മ തന്റെ കുട്ടികളെ ഉപദ്രവിക്കാത്തതിനാൽ, എല്ലാവരും എഐയെ ഒരു അമ്മയെപ്പോലെ പരിഗണിക്കണമെന്ന് ഹിന്റൺ പറയുന്നു.
മനുഷ്യർ മാതൃ സഹജാവബോധം ഉപയോഗിച്ച് കൃത്രിമബുദ്ധി വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഹിന്റൺ വാദിച്ചു. അങ്ങനെ അത് വളരെ മിടുക്കനും കൂടുതൽ ശക്തനുമാകുമ്പോഴും, നമ്മെ എതിരാളികളായി കാണുന്നതിനുപകരം അത് നമ്മെ സംരക്ഷിക്കാൻ ആഗ്രഹിക്കുമെന്നാണ് ഹിന്റൺ വ്യക്തമാക്കുന്നത്.
മനുഷ്യർ അതിബുദ്ധിയുള്ള എഐ സംവിധാനങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നതിനാൽ, ആ സംവിധാനങ്ങൾ തീർച്ചയായും അവരുടേതായ അതിജീവന, നിയന്ത്രണ ലക്ഷ്യങ്ങൾ വികസിപ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതിനാൽ അവയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനുപകരം, ഒരു അമ്മ തന്റെ കുട്ടിയോട് പെരുമാറുന്നതുപോലെ മനുഷ്യരോട് പെരുമാറാൻ ഡെവലപ്പർമാർ എഐയെ രൂപകൽപ്പന ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ വാദം.
എഐയുടെ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത് ഇതാദ്യമല്ല. വർഷങ്ങളായി, യന്ത്രങ്ങൾ മനുഷ്യന്റെ ബുദ്ധിശക്തിയെ മറികടന്നുകഴിഞ്ഞാൽ, നമ്മുടെ ലക്ഷ്യങ്ങളുമായി വൈരുദ്ധ്യമുണ്ടെങ്കിൽ പോലും, അവ പിന്തുടരുന്നതിൽ നിന്ന് അവയെ തടയുക അസാധ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
അതായത് എഐ ഈ ലോകം തന്നെ കീഴടക്കിയേക്കാമെന്നും അത് ഒരുപക്ഷേ മനുഷ്യരേക്കാൾ മുകളിൽ എത്തിയേക്കാമെന്നുമാണ് അദ്ദേഹം നൽകുന്ന മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മനുഷ്യരുമായി എഐ ഏറ്റുമുട്ടാനുള്ള സാധ്യത കൂടുതലാണ്. ഒരുകാലത്ത് നിർമ്മിത ബുദ്ധി മനുഷ്യരാശിയെ സ്ഥാനഭ്രഷ്‌ടനാക്കാനോ അല്ലെങ്കിൽ ഭൂമുഖത്ത് നിന്ന് പൂർണമായും തുടച്ചുനീക്കാനോ സാധ്യതയുണ്ടെന്ന് ഹിന്റൺ അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications