റെയിൽവേ ട്രാക്കുകളിലെ ആനകൾക്ക് ഉണ്ടാവുന്ന അപകടം തടയാൻ എഐ; 141 കിലോമീറ്ററിൽ വിജയകരം
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിയുടെ കാര്യത്തിൽ സാങ്കേതിക മുന്നേറ്റങ്ങൾ നിരന്തര പ്രക്രിയ എന്ന നിലയിൽ നടന്നുവരുന്ന കാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള നിരവധി പ്രവചന പരിപാലന സംവിധാനങ്ങൾ നിലവിലുണ്ടെന്ന് റെയിൽവേ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ റെയിൽവേ സുരക്ഷാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും അതിലൂടെ യാത്ര സുഗമമാക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്.
സിഗ്നലിംഗ് സംവിധാനത്തിന്റെ കാര്യക്ഷമത വിലയിരുത്തുന്നതിനായി എഐ അധിഷ്ഠിത പ്രവചന പരിപാലന പരീക്ഷണങ്ങൾ ഇന്ത്യൻ റെയിൽവേയിലെ ചില സ്‌റ്റേഷനുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. ഈ പരീക്ഷണങ്ങളിൽ നിന്ന്, കൃത്യമായ തകരാർ പ്രവചനങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും വികസിപ്പിക്കാനാണ് ലക്ഷ്യം.

റെയിൽവേ ട്രാക്കുകളിൽ ആനകളെ കണ്ടെത്താൻ ഡിസ്ട്രിബ്യൂട്ടഡ് അക്കൗസ്‌റ്റിക് സിസ്‌റ്റം (ഡിഎഎസ്) ഉപയോഗിക്കുന്ന എഐ അധിഷ്‌ഠിത ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്‌റ്റം (IDS) നോർത്ത് ഫ്രോണ്ടിയർ റെയിൽവേയുടെ 141 കിലോമീറ്ററിൽ സ്ഥാപിച്ചിട്ടുണ്ട്. 981 കിലോമീറ്ററിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാൻ ടെൻഡറുകളായി.
സമയബന്ധിതമായി മുൻകരുതലെടുക്കാൻ ലോക്കോ പൈലറ്റുമാർ, സ്‌റ്റേഷൻ മാസ്‌റ്റർമാർ, കൺട്രോൾ റൂം എന്നിവർക്ക് ട്രാക്കുകൾക്ക് സമീപമുള്ള ആനകളുടെ നീക്കങ്ങളെക്കുറിച്ച് ഈ സംവിധാനം മുന്നറിയിപ്പ് നൽകും. കൂടാതെ റോളിംഗ് സ്‌റ്റോക്കിന്റെ പ്രവചനം കൂടുതൽ കൃത്യമാക്കുന്നതിനായി OMRS, WILD പോലുള്ള നൂതന സാങ്കേതിക വിദ്യകളും റെയിൽവേ സ്വീകരിച്ചിട്ടുണ്ട്.
ചലിക്കുന്ന ട്രെയിനുകളിലെ തകരാറിലായ ഭാഗങ്ങളോ നഷ്‌ടപ്പെട്ട ഘടകങ്ങളോ കണ്ടെത്താൻ AI/ML അധിഷ്ഠിത 'വെയ്സൈഡ് മെഷീൻ വിഷൻ അധിഷ്ഠിത പരിശോധനാ സംവിധാനം' (MVIS) സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേയും ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും നേരത്തെ ഈ വർഷം ജൂലൈയിൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
അതേസമയം, തമിഴ്‌നാട്ടിൽ ഉൾപ്പെടെ റെയിൽവേ ട്രാക്കുകളിൽ നിന്നുള്ള ആനകളുടെ അപകടം കുറയ്ക്കാൻ സാങ്കേതിക വിദ്യക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ വനപ്രദേശങ്ങളിലൂടെയുള്ള റെയിൽവേ ട്രാക്കുകളിൽ സാങ്കേതിക വിദ്യ ഏർപ്പെടുത്തിയതോടെ ആനകളുടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രണ്ട് വർഷത്തിനിടെ 5260 ആനകളെ സുരക്ഷിതമായി കടത്തിവിട്ടതിന് പിന്നിൽ കൃത്രിമബുദ്ധിയുടെ സഹായമുണ്ടെന്ന് വനം, റെയിൽവേ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. റെയിൽവേ ട്രാക്കുകളിൽ എഐ അധിഷ്ഠിത സംവിധാനങ്ങൾ സ്ഥാപിച്ച് മൃഗങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് റെയിൽവേയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയത്.












Click it and Unblock the Notifications