'വരാനിരിക്കുന്ന കാലത്ത് എഐ തന്നെയായിരിക്കും ലോകം ഭരിക്കുക, പക്ഷേ..'; മുന്നറിയിപ്പുമായി ഇലോൺ മസ്‌ക്
ന്യൂയോർക്ക്: പലവിധത്തിലുള്ള അഭിപ്രായങ്ങളാണ് എഐയെ കുറിച്ച് പലരും പ്രകടിപ്പിക്കുന്നത്. നിർമ്മിത ബുദ്ധിയുടെ ആശങ്കകൾ പല കോണുകളിൽ നിന്ന് ഉയരുകയും ചെയ്യുന്നുണ്ട്. എഐ വന്നാൽ കൂടുതൽ പേരുടെയും ജോലികൾ ഇല്ലാതാവുമോ എന്നാണ് ആശങ്ക. പ്രത്യേകിച്ച് ചില മേഖലകളിൽ ഇക്കാര്യത്തിൽ കടുത്ത അരക്ഷിതാവസ്ഥ തന്നെ നിലനിൽക്കുന്നുണ്ട്. അതിനിടയിൽ വീണ്ടും ഇത്തരം ആശങ്കകളെ അഭിസംബോധന ചെയ്യുന്ന ഒരു പ്രസ്‌താവനയുമായി ഒരു പ്രമുഖൻ രംഗത്ത് വന്നിരിക്കുകയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവിയെക്കുറിച്ച് വീണ്ടും ശ്രദ്ധേയമായ പ്രസ്‌താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ടെക് ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്‌ക്. മനുഷ്യരാശിയെത്തന്നെ ഭരിക്കുന്ന തലത്തിലേക്ക് എഐ എത്തുമെന്നാണ് മസ്‌കിന്റെ പുതിയ വെളിപ്പെടുത്തൽ. എന്നാൽ, ഇതിൽ ചില വ്യവസ്ഥകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീർഘകാലാടിസ്ഥാനത്തിൽ എഐ ആയിരിക്കും ലോകം ഭരിക്കുക, മനുഷ്യരല്ല എന്നതാണ് മസ്‌ക് പറയുന്നത്. എഐ സംവിധാനങ്ങൾ മനുഷ്യരേക്കാൾ ബുദ്ധിശക്തി നേടുന്നതോടെ നിയന്ത്രണം നിലനിർത്താൻ മനുഷ്യർക്ക് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ മാറ്റം എപ്പോഴും മോശപ്പെട്ട ഒന്നായിരിക്കില്ലെന്നും, എഐ എങ്ങനെ വികസിപ്പിക്കുന്നു, കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഫലമെന്നും മസ്‌ക് വിശദീകരിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എപ്പോഴും സൗഹൃദപരമായിരിക്കണം എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മനുഷ്യരാശിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് ഇതിനാൽ അർത്ഥമാക്കുന്നത്. ശരിയായ സുരക്ഷാ ക്രമീകരണങ്ങളോടും ധാർമ്മിക മൂല്യങ്ങളോടും കൂടി എഐ വികസിക്കുകയാണെങ്കിൽ, യന്ത്രങ്ങൾ മനുഷ്യർക്ക് ഗുണകരമാവുമെന്നും അദ്ദേഹം വ്യക്തമാക്കി
അതേസമയം, ലോകമാസകനം നിർമ്മിത ബുദ്ധിയുടെ വർധിച്ചുവരുന്ന ശക്തിയെക്കുറിച്ച് മസ്‌ക് മുന്നറിയിപ്പ് നൽകുന്നത് ഇത് ആദ്യമായല്ല. മുൻപും പലപ്പോഴായി അദ്ദേഹം ഇതേ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. 2026-ഓടെ എഐ ഏതൊരു മനുഷ്യനേക്കാളും ബുദ്ധിശക്തി നേടാമെന്നും, 2030ഓടെ ഇത് ലോകത്തിലെ എല്ലാ മനുഷ്യരുടെയും മൊത്തം ബുദ്ധിയേക്കാൾ ശക്തമാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.
തൊഴിൽ വിപണിയിൽ ഓട്ടോമേഷൻ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് മസ്‌ക് തന്റെ കാഴ്‌ചപ്പാടുകൾ പങ്കുവെച്ചു. ആമസോൺ 2027-ഓടെ 1,60,000-ത്തിലധികം ജോലികൾ റോബോട്ടുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് മസ്‌ക് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
ഈ സാഹചര്യത്തിൽ എല്ലാത്തരം ജോലികളും ഓട്ടോമേഷൻ ഏറ്റെടുക്കുന്നതോടെ മനുഷ്യരുടെ ജീവിതം കൂടുതൽ എളുപ്പമാവുമെന്നാണ് മസ്‌കിന്റെ വിലയിരുത്തൽ. എന്നാൽ, ഈ മാറ്റം വ്യക്തിപരമായ സംതൃപ്‌തിക്കും സാമൂഹിക ബന്ധങ്ങൾക്കും എങ്ങനെ സ്വാധീനം ചെലുത്തുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.












Click it and Unblock the Notifications