'മനുഷ്യർ ഇപ്പോൾ ചെയ്യുന്ന ജോലികൾ എല്ലാം എഐ ഏറ്റെടുക്കും'; പിരിച്ചുവിടൽ വാർത്തയ്ക്കിടെ പേടിഎം സ്ഥാപകൻ
ന്യൂഡൽഹി: വരാനിരിക്കുന്ന കാലത്ത് ജോലികളിൽ കൃത്രിമബുദ്ധിയുടെ സ്വാധീനം അനിവാര്യമാണെന്ന് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ. വൈകാതെ തന്നെ പതിവ് ബിസിനസ് പ്രക്രിയകളുടെ ഭാഗമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. 'താമസിയാതെ നമുക്ക് ഒരു ജീവനക്കാരൻ എന്ന നിലയിലോ അല്ലെങ്കിൽ ഒരു സിഎഫ്ഒ എന്ന നിലയിലോ പോലും എഐ ഉപയോഗിക്കാൻ തുടങ്ങേണ്ടിവരും' ന്യൂഡൽഹിയിൽ നടന്ന ഒരു എഐ കേന്ദ്രീകൃത പരിപാടിയിൽ വിജയ് ശേഖർ ശർമ്മ പറഞ്ഞു.
മനുഷ്യർ നിലവിൽ ചെയ്യുന്ന മിക്ക ജോലികളും വരും കാലത്ത് എഐ നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു, പകരം മറ്റ് പ്രധാന ഉൽപ്പന്നങ്ങൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫിൻടെക് വേരുകൾക്കപ്പുറത്തേക്ക് നീങ്ങി എഐ കേന്ദ്രീകൃത സ്ഥാപനമായി മാറുക എന്ന വിശാലമായ കാഴ്‌ചപ്പാടും അദ്ദേഹം കമ്പനിക്ക് മുന്നിൽ വച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ മനുഷ്യരുടെ ജോലികൾ പൂർണമായും നഷ്‌ടപ്പെടുമെന്ന ആശങ്കകൾ അദ്ദേഹം തള്ളി കളഞ്ഞു. AI നിരവധി മനുഷ്യ പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുമെങ്കിലും, അത് തൊഴിൽ ശക്തിയിൽ പുതിയ റോളുകൾ സൃഷ്‌ടിക്കുമെന്ന് ശേഖർ ശർമ്മ പറഞ്ഞു. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻസ് വിവിധ തസ്‌തികകളിൽ ജോലികൾ വെട്ടിക്കുറയ്ക്കുന്ന സമയത്താണ് ഈ പരാമർശങ്ങൾ എന്നതാണ് പ്രധാന കാര്യം.
കഴിഞ്ഞ മാസം കമ്പനി ഒരു കൂട്ടം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. 2024 മാർച്ച് പാദത്തിൽ സെയിൽസ് ടീം ഹെഡ്‌കൗണ്ട് ഏകദേശം 3500 കുറഞ്ഞു, ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 36,521 ആയി മാറി. പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങളാണ് ഈ ഇടിവിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.
തങ്ങളുടെ എഐ സംരംഭങ്ങളുടെ ഭാഗമായി, പ്രതിമാസ ചെലവുകൾ സംഗ്രഹിക്കുന്ന ഒരു റാപ്പ് ഗാനം സൃഷ്‌ടിക്കാൻ പേടിഎമ്മിന്റെ ഡാറ്റ ഉപയോഗിക്കുന്ന ഒരു പുതിയ പാസ്ബുക്ക് സവിശേഷത വിജയ് ശേഖർ ശർമ്മ പ്രഖ്യാപിച്ചു. ലോഞ്ച് തീയതി പങ്കുവെച്ചിട്ടില്ലെങ്കിലും, ഇത് ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പേടിഎം നേരത്തെ യുഎസ് ആസ്ഥാനമായുള്ള എഐ സ്‌റ്റാർട്ടപ്പ് പെർപ്ലെക്‌സിറ്റിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. തത്സമയ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായാണ് ഈ പങ്കാളിത്തം. ഇതിനായി പേടിഎമ്മിന്റെ ഉപയോക്തൃ അടിത്തറയിലേക്ക് ആക്‌സസ് വികസിപ്പിക്കുന്നതിനായി പേയ്‌മെന്റ് ഗേറ്റ്‌വേ, എഐ സ്‌റ്റാർട്ടപ്പിന്റെ സെർച്ച് എഞ്ചിനെ സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്.
ഉപയോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷയിൽ ധനകാര്യ സംബന്ധിയായ ചോദ്യങ്ങളും വിഷയങ്ങളും ചോദിച്ച് അറിവുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ കഴിയും. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മുന്നേറ്റത്തിനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഇതിന്റെ തുടർച്ചയാണ് വിജയ് ശേഖർ ശർമ്മയുടെ പ്രസ്‌താവന.












Click it and Unblock the Notifications