ജെമിനിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സിരി പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ; ലോഞ്ച് ഫെബ്രുവരിയിൽ
ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ സ്‍മാർട്ട് ഫോൺ കമ്പനികളിൽ ഒന്നായ ആപ്പിളിന്റെ സിരിയെ അറിയാത്തവർ ചുരുക്കമായിരിക്കും. നേരത്തെ സിരിയെ കൂടുതൽ സ്‌മാർട്ടാക്കാനുള്ള ആപ്പിളിന്റെ ശ്രമങ്ങൾ പലപ്പോഴായി പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോഴിതാ കാത്തിരിപ്പുകൾ അവസാനിക്കുകയാണ്. ഗൂഗിളിന്റെ ജെമിനി എഐ പിന്തുണയോടെ നവീകരിച്ച സിരി ഫെബ്രുവരിയിൽ തന്നെ എത്തുമെന്ന് ആപ്പിൾ പ്രതീക്ഷിക്കുന്നു.
അടുത്തകാലത്തായി ആപ്പിളിന്റെ വിശാലമായ എഐ തന്ത്രത്തിന്റെ ഭാഗമായ ഗൂഗിൾ പങ്കാളിത്തത്തിന് ശേഷമുള്ള ആദ്യ റിലീസാണിത്. ആദ്യ പതിപ്പ് കാര്യമായ മെച്ചപ്പെടുത്തലുകൾ നൽകും. ഡബ്ല്യുഡബ്ല്യുഡിസിയിൽ ഐഒഎസ് 27-നൊപ്പം നൂതന ചാറ്റ്ബോട്ട് സിരിയെ ഈ വർഷാവസാനം പ്രതീക്ഷിക്കാം.

പുതിയ സിരിക്ക് ഗൂഗിളിന്റെ ജെമിനി എഐ ആണ് കരുത്ത് പകരുക. ഉയർന്ന ചെലവുകളും തന്ത്രപരമായ ആശങ്കകളും കാരണം ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ആപ്പിൾ ഗൂഗിളിനെ തിരഞ്ഞെടുതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് ജെമിനി ആയിരിക്കും ഇനി സിരിക്ക് കൂട്ടാവുക.
റിപ്പോർട്ട് അനുസരിച്ച്, ഉപയോക്താക്കൾക്ക് വെബ്-സംഗ്രഹിച്ച പ്രതികരണങ്ങളും അവലംബങ്ങളും നൽകുന്ന വേൾഡ് നോളജ് ആൻസേഴ്‌സ് എന്ന ഫീച്ചർ സിരി അപ്‌ഡേറ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഇത് ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി അല്ലെങ്കിൽ പെർപ്ലക്‌സിറ്റി എഐ പോലെയോ പ്രവർത്തിക്കും എന്നാണ് കരുതുന്നത്.
ചില റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി അവസാനത്തോടെ തത്സമയ പ്രദർശനങ്ങളോടെ പുതിയ സിരിയെ ആപ്പിൾ വലിയ ചടങ്ങുകളുടെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കും. ഐഒഎസ് 26.4-നൊപ്പമെത്തുന്ന ഇത് മാർച്ചിലോ ഏപ്രിലിലോ പൊതു റിലീസിന് മുന്നോടിയായി ബീറ്റാ പരിശോധന ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം.
എന്നാൽ ഇതിൽ നിന്നൊക്കെ മാറി കമ്പനിയുടെ യഥാർത്ഥ മുന്നേറ്റം ഈ വർഷാവസാനം വരും. ഐഒഎസ് 27, ഐപാഡ്ഒഎസ് 27, മാക്ഒഎസ് 27 എന്നിവയിൽ, 2026-ലെ ഡബ്ല്യുഡബ്ല്യുഡിസിയിൽ, പുനർവിഭാവനം ചെയ്‌ത ചാറ്റ്ബോട്ട് സിരിയെ ആപ്പിൾ അവതരിപ്പിക്കും. ഇത് ചാറ്റ്ജിപിടി/ജെമിനി പോലെ തുടർച്ചയായ സംഭാഷണങ്ങളെ പിന്തുണയ്ക്കും.
ആപ്പിൾ ഫൗണ്ടേഷൻ മോഡൽസ് പതിപ്പ് 11 എന്നറിയപ്പെടുന്ന കൂടുതൽ നൂതനമായ ഒരു സിസ്‌റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ സിരി, ജെമിനി 3 യുമായി മത്സരിക്കുമെന്നും ഫെബ്രുവരിയിലെ റിലീസിനേക്കാൾ വളരെ കഴിവുള്ളതാണെന്നും പറയപ്പെടുന്നു. മികച്ച വേഗതയ്ക്കും കൃത്യതയ്ക്കും വേണ്ടി ഈ സവിശേഷതകളിൽ ചിലത് ഗൂഗിളിന്റെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ച്ചറിൽ നേരിട്ട് പ്രവർത്തിച്ചേക്കാം.












Click it and Unblock the Notifications