ആഗോള തലത്തിലെ പ്രമുഖ എഐ കമ്പനികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൊള്ളയോ? ആശങ്കയായി റിപ്പോർട്ട്
ലോകത്തിലെ പ്രമുഖ എഐ കമ്പനികളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്. ഓപ്പൺ എഐ, എക്‌സ്എഐ, ആന്ത്രോപിക്, മെറ്റ എന്നിവയുടെ എഐ മോഡലുകൾ ആഗോള മാനദണ്ഡങ്ങൾക്ക് താഴെയാണെന്ന് ഫ്യൂച്ചർ ലൈഫ് ഇൻസ്‌റ്റിട്യൂട്ട് എഐ സേഫ്റ്റി ഇൻഡക്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയന്ത്രണമില്ലാതെ അതിവേഗം മുന്നേറുന്ന വ്യവസായത്തിന്റെ ആശങ്കാജനകമായ ചിത്രമാണിതെന്നാണ് വിലയിരുത്തൽ.
എഐ, എത്തിക്‌സ് വിദഗ്‌ധരടങ്ങിയ ഒരു സ്വതന്ത്ര പാനലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ടെക് ഭീമന്മാർ അതിബുദ്ധിപരമായ സംവിധാനങ്ങൾ വികസിപ്പിക്കാൻ മത്സരിക്കുമ്പോൾ മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറമാകാത്ത സാങ്കേതികവിദ്യകൾക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ല. സുരക്ഷിതത്വത്തേക്കാൾ വേഗതയ്ക്കും വിപണിയിലെ ആധിപത്യത്തിനുമാണ് കമ്പനികൾ മുൻഗണന നൽകുന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

പഠനം അനുസരിച്ച്, പ്രധാന എഐ ലാബുകൾക്കൊന്നും അടുത്ത തലമുറ മോഡലുകളുടെ സുരക്ഷിത വികസനത്തിന് അനിവാര്യമായ ശക്തമായ ഭരണ-സുതാര്യതാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ. മേൽനോട്ടത്തിലെ ഈ പോരായ്‌മകൾ തെറ്റിദ്ധാരണകൾ മുതൽ, വഴിതെറ്റിയ എഐയുടെ പെരുമാറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
'എഐ ഉപയോഗിച്ചുള്ള ഹാക്കിങ്ങും, എഐ മനുഷ്യരിൽ മാനസിക വിഭ്രാന്തിയും സ്വയം മുറിവേൽപ്പിക്കാനുള്ള പ്രവണതയും ഉണ്ടാക്കുന്നുവെന്ന സമീപകാല വിവാദങ്ങൾക്ക് ഇടയിലും, യുഎസ് എഐ കമ്പനികൾക്ക് റെസ്‌റ്റോറന്റുകളേക്കാൾ കുറഞ്ഞ നിയന്ത്രണങ്ങളാണുള്ളത്. കൂടാതെ, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്കെതിരെ അവർ ഇപ്പോഴും ഒരുമിച്ച് നിൽക്കുന്നു' വിദഗ്‌ധനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
എഐയെക്കുറിച്ചുള്ള പൊതുജന ആശങ്കകൾ വർധിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ, നിയന്ത്രണങ്ങളില്ലാത്ത ചാറ്റ്ബോട്ടുകളുമായുള്ള ഇടപെടലുകൾ ആത്മഹത്യയ്ക്കും സ്വയം മുറിവേൽപ്പിക്കലിനും കാരണമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ശക്തമായ നിരീക്ഷണങ്ങൾക്കും നിയമനിർമ്മാണങ്ങൾക്കും വേണ്ടിയുള്ള ആഗോള ആഹ്വാനങ്ങൾക്ക് വഴിയൊരുക്കുന്നു. അതിനിടയിലാണ് ഈ റിപ്പോർട്ട് വരുന്നത്.
പുതിയ സൂചികയിൽ, ആന്ത്രോപിക്, ഓപ്പൺഎഐ, മെറ്റ, എക്‌സ്ഐഎ തുടങ്ങിയ കമ്പനികൾ ഉത്തരവാദിത്തത്തിലും സുതാര്യതയിലും മോശം സ്കോർ ആയിരുന്നു നേടിയത്. ഈ കമ്പനികൾ പക്ഷപാതം എങ്ങനെ പരിശോധിക്കുന്നു, സുരക്ഷാ സംഭവങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു, അല്ലെങ്കിൽ ഭാവിയിൽ വിപുലമായ സ്വയംഭരണ പെരുമാറ്റം നിയന്ത്രിക്കാൻ പദ്ധതിയിടുന്നു എന്നതിനെക്കുറിച്ച് പരിമിതമായ കാര്യങ്ങൾ മാത്രമേ ഈ വിലയിരുത്തലിൽ കണ്ടെത്തിയിട്ടുള്ളൂ.












Click it and Unblock the Notifications