ഓപ്പൺഎഐയും ഗൂഗിളും ഇനി സൈഡാവും; ഒന്നൊന്നര നീക്കവുമായി ഡീപ്‌സീക്ക്, രണ്ട് പുതിയ മോഡൽ എത്തി
ബീജിംഗ്: ആഗോള തലത്തിൽ വൻകിട എഐ കമ്പനികൾ തമ്മിലുള്ള മത്സരം കടുപ്പത്തിലാവുകയാണ്, ഏറ്റവും മെച്ചപ്പെട്ടത് തന്നെ ഉപഭോക്താക്കൾക്ക് കൊടുത്തു കൊണ്ട് സാന്നിധ്യം അറിയിക്കാനാണ് എല്ലാ കമ്പനികളുടെയും ശ്രമം. അങ്ങനെ അല്ലെങ്കിലും വിപണിയിൽ തങ്ങൾക്ക് നിലനിൽപ്പ് പ്രശ്‌നമാവുമെന്ന് അവർക്ക് അറിയാം. ഇപ്പോഴിതാ ജിപിടി-5, ജെമിനി 3 പ്രോ എന്നിവയുമായി മത്സരിക്കാൻ പുതിയ എഐ മോഡലുകളുമായി ഡീപ്‌സീക്ക് രംഗത്ത് വരികയാണ്.
ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്‌റ്റാർട്ടപ്പായ ഡീപ്‌സീക്ക് തങ്ങളുടെ പുതിയ രണ്ട് എഐ മോഡലുകൾ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. V3.2, V3.2-Speciale എന്നിങ്ങനെയാണ് ഈ മോഡലുകൾക്ക് പേര് നൽകിയിരിക്കുന്നത്. മറ്റ് കമ്പനികളുടെ വളർച്ച അതിവേഗത്തിൽ നടക്കുന്നതിനിടയിലാണ് ഉപഭോക്താക്കളെ ആകർഷിക്കാനായി കമ്പനിയും രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് പ്രത്യേകത.

കമ്പനി അവകാശപ്പെടുന്നത് പ്രകാരം, ഈ പുതിയ മോഡലുകൾ ജിപിടി-5, ജെമിനി 3 പ്രോ പോലുള്ള മുൻനിര സാങ്കേതികവിദ്യകളോട് കിടപിടിക്കുന്ന പ്രകടനം കാഴ്‌ചവയ്ക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ ഓപ്പൺ സോഴ്‌സ് ലൈസൻസിന് കീഴിൽ സൗജന്യമായി ലഭ്യമാക്കിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്.
ഡീപ്‌സീക്ക്-V3.2, ടൂൾ ഉപയോഗം, കോഡിംഗ് ടെസ്‌റ്റുകൾ തുടങ്ങിയ മേഖലകളിൽ ക്ലോഡ് സോണറ്റ് 4.5, ജിപിടി-5, ജെമിനി 3 പ്രോ എന്നിവയുടെ പ്രകടനത്തിനൊപ്പമോ അതിനടുത്തോ എത്തുന്നുണ്ട് എന്നാണ് അവർ അവകാശപ്പെടുന്നത്. ഇതിനിടയിൽ, Speciale മോഡൽ 2025-ലെ ഇന്റർനാഷണൽ മാത്ത് ഒളിമ്പ്യാഡിലും ഇൻഫോർമാറ്റിക്‌സ് ഒളിമ്പ്യാഡിലും സ്വർണ മെഡലിന് അർഹമായ സ്കോറുകൾ നേടിയിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ഡീപ്‌സീക്ക്-V3, ഡീപ്‌സീക്ക്-R1 എന്നീ മോഡലുകൾ അവതരിപ്പിച്ചതോടെയാണ് കമ്പനി ശ്രദ്ധേയമായത്. ഇവ ഓപ്പൺഎഐയുടെ മുൻനിര മോഡലുകളോട് കിടപിടിക്കുന്ന പ്രകടനം കാഴ്‌ച വയ്ക്കുകയും ചെയ്‌തിരുന്നു. ഓപ്പൺ സോഴ്‌സായി ലഭ്യമാക്കിയത്, ആർക്കും ഇവ ഉപയോഗിച്ച് പുതിയ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ അവസരം നൽകുകയും ചെയ്‌തിരുന്നു.
നിലവിൽ ഈ എഐ മത്സര രംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കുന്നതാണ് ദീപ്‌സീക്കിന്റെ നീക്കം. പല പരീക്ഷണങ്ങളിലും ഡീപ്‌സീക്കിന്റെ- V3.2 സ്പെഷ്യൽ ജിപിടി-5 ഹൈയേക്കാൾ ഉയർന്ന സ്കോർ നേടിയെങ്കിലും ജെമിനി 3 പ്രോയ്ക്ക് ഇപ്പോഴും പിന്നിലാണ്. എന്നിരുന്നാലും, മോഡലിന്റെ മൊത്തത്തിലുള്ള പ്രകടനം അതിനെ നിലവിലെ വെസ്‌റ്റേൺ എതിരാളികളുടെ ഒപ്പം നിർത്തുന്നു. ഇത് ഓപ്പൺഎഐ അടക്കമുള്ള കമ്പനികൾക്ക് വലിയ വെല്ലുവിളി തന്നെയാണ്.












Click it and Unblock the Notifications