ബിഹാർ തിരഞ്ഞെടുപ്പ്; എഐ സാങ്കേതിക വിദ്യയെ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പ്
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പാർട്ടികളോട് കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്ന തെറ്റായ വിവരങ്ങൾ തടയാൻ സാമൂഹിക മാധ്യമങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്.
എഐ ഉപയോഗിച്ച് നിർമ്മിക്കുന്നതോ മാറ്റം വരുത്തിയതോ ആയ ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങളിലോ പരസ്യങ്ങളിലോ പങ്കിടുമ്പോൾ "എഐ ജെനറേറ്റഡ്" (എഐ നിർമ്മിതം), "ഡിജിറ്റലി എൻഹാൻസ്‌ഡ്" (ഡിജിറ്റലായി മെച്ചപ്പെടുത്തിയത്), "സിന്തറ്റിക് കണ്ടന്റ്" (സിന്തറ്റിക് ഉള്ളടക്കം) എന്നിങ്ങനെയുള്ള ലേബലുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന കൃത്രിമ ഉള്ളടക്കങ്ങൾ തടയുകയും സുതാര്യത ഉറപ്പാക്കുകയുമാണ് ഈ നടപടികളിലൂടെ ഇസി ലക്ഷ്യമിടുന്നത്. നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 14-ന് ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഓൺലൈനിൽ പങ്കിടുന്ന ഉള്ളടക്കങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്, നയങ്ങൾ, പരിപാടികൾ, മുൻകാല പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിമർശനങ്ങളാണ് ഉചിതം. പൊതുപ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണം.
മറ്റ് പാർട്ടികൾക്കോ പ്രവർത്തകർക്കോ എതിരെ സ്ഥിരീകരിക്കാത്ത ആരോപണങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതും കമ്മീഷൻ നിരുത്സാഹപ്പെടുത്തുന്നു. യോഗങ്ങൾ, പ്രകടനങ്ങൾ, പ്രകടനപത്രികകൾ, വോട്ടെടുപ്പ് എന്നിവയുൾപ്പെടെ തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഒരു ചട്ടക്കൂടാണ് മാതൃകാ പെരുമാറ്റച്ചട്ടം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കുന്നത് വരെ ഇത് പ്രാബല്യത്തിൽ ഉണ്ടാവും. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാറിയ കാലത്ത് എഐ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചാവും കുപ്രചരണങ്ങൾ എന്നത് യാഥാർഥ്യമാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ജാഗ്രത പുലർത്തുന്നത്.
അതിനിടെ ബിഹാറിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ജനതാദൾ യുണൈറ്റഡും (ജെഡിയു) ഉൾപ്പെടുന്ന സഖ്യവും രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ് എന്നിവ നയിക്കുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം. ഇക്കുറി പ്രശാന്ത് കിഷോറിന്റെ ജന സുരാജ് പാർട്ടിയും മത്സര രംഗത്തുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത തിരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഇത്തിരി വെള്ളം കുരിടിക്കും.
നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നാണ് കമ്മീഷൻ പറയുന്നത്. സുതാര്യതയും നീതിയും ഉറപ്പാക്കുക എന്നത് നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ നടപടികൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications