മൂന്നാം ക്ലാസ് മുതൽ എഐ പഠിപ്പിക്കാൻ സിബിഎസ്ഇ; ലക്ഷ്യം പാഠ്യപദ്ധതി പരിഷ്‌കരണം മാത്രമല്ല, പിന്നെ?
ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് 2026-27 അധ്യയന വർഷം മുതൽ നിർണായകമായ ഒരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ഇതനുസരിച്ച്, മൂന്നാം ക്ലാസ് മുതലുള്ള പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) കമ്പ്യൂട്ടേഷണൽ തിങ്കിംഗും (സിടി) നിർബന്ധമാക്കും.
ഈ നീക്കം എഐയെ ഒരു അടിസ്ഥാന സാർവത്രിക നൈപുണ്യമായി കണക്കാക്കുന്നതിനുള്ള വലിയ ചുവടുവെപ്പാണെന്ന് വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ അഭിപ്രായപ്പെട്ടു. നമ്മുടെ ചുറ്റുപാടുകൾഎന്ന വിഷയം പഠിക്കുന്നതുപോലെ പ്രാധാന്യത്തോടെ എഐയെയും സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ വിദ്യാഭ്യാസ നയം 2020, സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF SE) 2023 എന്നിവയുമായി ഈ എഐ, സിടി സംയോജനം ഇഴുകി ചേരുന്നു. ഇന്റലിജന്റ് സംവിധാനങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഭാവിക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് ഉൾപ്പെടെ സഹായിക്കും.
ഒക്ടോബർ 29-ന് നടന്ന ഒരു യോഗത്തിൽ സിബിഎസ്ഇ, എൻസിഇആർടി, കെവിഎസ്, എൻവിഎസ് പ്രതിനിധികളും മറ്റ് വിദഗ്‌ധറം ഈ പുതിയ പാഠ്യപദ്ധതിയുടെ ഉള്ളടക്കം ചർച്ച ചെയ്‌തു. ഐഐടി മദ്രാസിലെ പ്രൊഫസർ കാർത്തിക് രാമന്റെ നേതൃത്വത്തിൽ ഒരു വിദഗ്‌ധ സമിതിയെ എഐ, സിടി ചട്ടക്കൂട് വികസിപ്പിക്കുന്നതിനായി സിബിഎസ്ഇ രൂപീകരിച്ചിട്ടുണ്ട്.
പാഠ്യപദ്ധതി എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്നതും എന്നാൽ സാങ്കേതിക, സാമൂഹിക ആവശ്യങ്ങൾക്കനുസരിച്ച് മാറാൻ കഴിയുന്നത്ര വഴക്കമുള്ളതുമായിരിക്കണമെന്ന് സഞ്ജയ് കുമാർ ഊന്നിപ്പറഞ്ഞു. ഇതിന് ഒരു സമഗ്രമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പദ്ധതി വിദ്യാർഥികൾക്ക് നല്ല പ്രതീക്ഷ നൽകുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല.
പാഠ്യപദ്ധതിയിൽ എഐ; നാൾവഴികൾ ഇങ്ങനെ
2019-2020: ഒമ്പതാം ക്ലാസ്സിൽ എഐ ഒരു ഓപ്ഷണൽ സ്‌കിൽ വിഷയമായി അവതരിപ്പിച്ചു. എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി 12 മണിക്കൂർ ദൈർഘ്യമുള്ള "എഐ ഇൻസ്‌പയർ" മൊഡ്യൂളും ശുപാർശ ചെയ്‌തു.
2020-2021: പതിനൊന്നാം ക്ലാസ്സിൽ എഐ ഒരു സ്‌കിൽ വിഷയമായി അവതരിപ്പിച്ചു, ഇത് പിന്നീട് പന്ത്രണ്ടാം ക്ലാസ്സിലേക്കും വ്യാപിപ്പിച്ചു.
നിലവിൽ: ആറ് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകളിൽ, ആയിരക്കണക്കിന് സിബിഎസ്ഇ സ്‌കൂളുകളിൽ 15 മണിക്കൂർ ദൈർഘ്യമുള്ള "സ്‌കില്ലിംഗ് ഫോർ എഐ റെഡിനെസ്" മൊഡ്യൂൾ നടപ്പിലാക്കുന്നു.
2026-2027 (പദ്ധതി): മൂന്നാം ക്ലാസ് മുതൽ എഐ & കമ്പ്യൂട്ടേഷണൽ തിങ്കിംഗ് സ്‌കൂൾ പാഠ്യപദ്ധതിയുടെ ഒരു നിർബന്ധിത അടിസ്ഥാന ഘടകമാകും.
ലക്ഷ്യം വെറും പാഠ്യപദ്ധതി പരിഷ്‌കരണം മാത്രമല്ല
പാഠ്യപദ്ധതി പരിഷ്‌കരണം മാത്രമല്ല വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലക്ഷ്യം. വിദ്യാലയങ്ങൾക്ക് മതിയായ ഒരുക്കത്തിനുള്ള സമയം ഉറപ്പാക്കിക്കൊണ്ട്, പഠന സാമഗ്രികളും, കൈപുസ്‌തകങ്ങളും, ഡിജിറ്റൽ ഉള്ളടക്കങ്ങളും ഡിസംബറോടെ അന്തിമമാക്കും. ഈ പ്രക്രിയയുടെ നട്ടെല്ല് അധ്യാപക പരിശീലനമായിരിക്കും. ഇതിനുള്ള ഒരുക്കങ്ങളും അണിയറയിൽ കാര്യമായി തന്നെ പുരോഗമിക്കുന്നുണ്ട്. അത് കൂടി പൂർത്തിയായാൽ വിദ്യാർത്ഥികൾക്ക് ഗുണകരമാവും.
ഇത് എഐയുടെ കാലം
നിലവിൽ എഐയുമായി ബന്ധപ്പെട്ട ഉന്നത പഠന കോഴ്‌സുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഭാവിയുടെ സാങ്കേതിക വിദ്യ എന്ന നിലയിൽ ശക്തമായ സാന്നിധ്യമാണ് ഇതിനുള്ളത്. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ അതിനാൽ തന്നെ ചെറിയ ക്ലാസുകളിൽ തന്നെ ഇതുമായുള്ള പരിചയം ഉറപ്പാക്കുന്നത് വിദ്യാർത്ഥികൾക്ക് എന്തുകൊണ്ടും നല്ല അനുഭവപരിചയം നൽകും.












Click it and Unblock the Notifications