ചാറ്റ്‌ജിപിടി ഗോ സബ്‌സ്‌ക്രിപ്‌ഷൻ ഇന്ത്യയിൽ ഇന്ന് മുതൽ 12 മാസം സൗജന്യം; ഓഫർ എങ്ങനെ കിട്ടും?
ന്യൂഡൽഹി: ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് ചാറ്റ്ജിപിടി ഗോ പ്ലാൻ സൗജന്യമായി നൽകാൻ ഓപ്പൺഎഐ തീരുമാനിച്ചത് അടുത്തിടെയാണ്. നവംബർ 4 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അവർ അറിയിച്ചതാണ്. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യകളോടുള്ള ഇന്ത്യൻ ഉപയോക്താക്കളുടെ താൽപ്പര്യം കണക്കിലെടുത്തും സാങ്കേതികവിദ്യ കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ പുതിയ നീക്കം.
സാധാരണ പണം നൽകി ഉപയോഗിക്കുന്ന ചാറ്റ്ജിപിടി ഗോ പ്ലാൻ ഒരു വർഷത്തേക്ക് സൗജന്യമായി നൽകാനാണ് ഓപ്പൺഎഐയുടെ തീരുമാനം. പരിമിതമായ കാലയളവിലേക്കുള്ള ഈ ഓഫർ നവംബർ 4ന് ആരംഭിക്കും. ഉയർന്ന സന്ദേശ പരിധി, ചിത്രങ്ങൾ ഉണ്ടാക്കാനുള്ള കഴിവ്, ഫയൽ അപ്‌ലോഡുകൾ എന്നിവയുൾപ്പെടെയുള്ള മെച്ചപ്പെട്ട ഫീച്ചറുകൾ ഈ പ്ലാനിൽ ഉൾപ്പെടുന്നു.

ഇന്ത്യ ഓപ്പൺഎഐയുടെ അതിവേഗം വളരുന്ന ഒരു പ്രധാന വിപണിയാണ്. ഇന്ത്യൻ ഉപയോക്താക്കളുടെ താൽപ്പര്യത്തെയും സർഗ്ഗാത്മകതയെയും അംഗീകരിക്കുന്നതിനാണ് ഈ നീക്കമെന്ന് കമ്പനി അറിയിച്ചു. ഓഗസ്‌റ്റിൽ ചാറ്റ്ജിപിടി ഗോ ആരംഭിച്ചതിന് ശേഷം ഒരു മാസത്തിനുള്ളിൽ പണം നൽകിയുള്ള സബ്‌സ്‌ക്രിപ്ഷനുകൾ ഇരട്ടിയായി വർധിച്ചിരുന്നു.
നവംബർ 4ന് ബെംഗളൂരുവിൽ നടക്കുന്ന ഓപ്പൺഎഐയുടെ ഡെവ്‌ഡേ എക്‌സ്‌ചേഞ്ച് ഇവന്റ് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫർ. ഈ പ്രൊമോഷണൽ കാലയളവിൽ രജിസ്‌റ്റർ ചെയ്യുന്ന എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും ഒരു വർഷത്തേക്ക് ചാറ്റ്ജിപിടി ഗോ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ചാറ്റ്ജിപിടി ഗോ പ്ലാൻ ആദ്യം ഇന്ത്യയിൽ പ്രതിമാസം 399 രൂപയ്ക്കാണ് അവതരിപ്പിച്ചത്. ഉയർന്ന ചാറ്റ് പരിധികൾ, കൂടുതൽ ദൈനംദിന ചിത്രങ്ങൾ ഉണ്ടാക്കാനുള്ള സൗകര്യം, വലിയ ഫയലുകൾ അപ്‌ലോഡ് ചെയ്യാനുള്ള കഴിവ്, മെച്ചപ്പെട്ട മെമ്മറി ശേഷി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. നവംബർ 4 മുതൽ രജിസ്‌റ്റർ ചെയ്യുന്നവർക്ക് 12 മാസത്തേക്ക് ഈ ഫീച്ചറുകൾ സൗജന്യമായി ഉപയോഗിക്കാം.
നിലവിൽ ചാറ്റ്ജിപിടി ഗോ സബ്‌സ്‌ക്രൈബ് ചെയ്‌തിട്ടുള്ള ഇന്ത്യൻ ഉപയോക്താക്കൾക്കും ഒരു വർഷം അധികമായി സൗജന്യ സേവനം ലഭിക്കും. എന്നിരുന്നാലും, ഈ ഓഫർ ഒരു നിശ്ചിത സമയത്തേക്ക് മാത്രമുള്ളതാണ്. യോഗ്യത നേടുന്നതിന് ഉപയോക്താക്കൾ പ്രൊമോഷണൽ വിൻഡോയിൽ രജിസ്‌റ്റാർ ചെയ്യണം.
ഓഫർ എങ്ങനെ ലഭിക്കും?
സൗജന്യ പ്ലാൻ സജീവമാക്കാൻ, ചാറ്റ്ജിപിടി വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ഫോണിൽ ആപ്പ് തുറക്കുക. നിലവിലുള്ള അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്‌ത ശേഷം 'നിങ്ങളുടെ പ്ലാൻ അപ്ഗ്രേഡ് ചെയ്യുക' തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ക്രമീകരണങ്ങളിൽ പോയി സബ്‌സ്‌ക്രിപ്ഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുക.
ചാറ്റ്ജിപിടി ഗോ ഓപ്ഷൻ തിരഞ്ഞെടുത്ത് ആക്റ്റിവേഷൻ പൂർത്തിയാക്കാൻ ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക. ഇത് പൂർത്തിയായാൽ, പ്ലാൻ നിങ്ങളുടെ അക്കൗണ്ടിൽ ഉടനടി ചേർക്കപ്പെടും. നിലവിൽ 12 മാസത്തേക്ക് അഥവാ ഒരു വർഷത്തേക്ക് ആയിരിക്കും ചാറ്റ്ജിപിടി ഗോ പ്ലാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ സൗജന്യമായി ലഭിക്കുക.
മറ്റ് കമ്പനികളുടെ വഴിയേ ഓപ്പൺഎഐയും
നിലവിൽ എയർടെല്ലുമായി സഹകരിച്ച് ഒരു വർഷത്തെ സൗജന്യ പെർപ്ലെക്‌സിറ്റി പ്രോ പ്ലാൻ പെർപ്ലെക്‌സിറ്റി നൽകുന്നുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്കായി ഒരു വർഷത്തെ സൗജന്യ എഐ പ്രോ പ്ലാൻ ഗൂഗിളും നൽകുന്നു. ഈ സാഹചര്യത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ ഇന്ത്യ പിടിക്കാൻ ഇപ്പോൾ ഒപ്പൺഎഐയും ചാറ്റ്ജിപിടി സൗജന്യമായി നൽകാൻ തീരുമാനിച്ചത്.












Click it and Unblock the Notifications