അരവിന്ദ് ശ്രീനിവാസന്റെ പെർപ്ലെക്‌സിറ്റി എഐയുമായി കൈകോർത്ത് റൊണാൾഡോ; അമ്പരപ്പിൽ ആരാധകർ
ഇന്ത്യൻ വംശജനായ അരവിന്ദ് ശ്രീനിവാസിന്റെ പെർപ്ലെക്‌സിറ്റി എഐയിൽ നിക്ഷേപം നടത്തി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്‍ബോളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്ന ഈ അപ്രതീക്ഷിത സഹകരണം കായികലോകത്തും എഐ രംഗത്തും വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ. ഈ പ്രഖ്യാപനത്തിന് പിന്നാലെ റൊണാൾഡോ ആരാധകർ വലിയ അമ്പരപ്പാണ് പങ്കുവച്ചത്.
'ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സഹകരിക്കുന്നതും അദ്ദേഹത്തെ നിക്ഷേപകനായി സ്വാഗതം ചെയ്യുന്നതും വലിയ ബഹുമതിയാണ്. അദ്ദേഹം എക്കാലത്തെയും മികച്ച താരമായതിന് കാരണമുണ്ട്: വിശ്രമമില്ലാതെ ഗവേഷണം നടത്തി പരിധികൾ ഭേദിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണദ്ദേഹം. ചോദ്യങ്ങൾക്ക് മികച്ച മറുപടി നൽകുന്ന എഐ ആയി പെർപ്ലെക്‌സിറ്റിയെ മാറ്റാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും' എന്നായിരുന്നു അരവിന്ദ് ശ്രീനിവാസിന്റെ വാക്കുകൾ.

ലഭ്യമായ വിവരം അനുസരിച്ച് പെർപ്ലെക്‌സിറ്റിയുടെ വെബ്സൈറ്റിൽ റൊണാൾഡോയ്ക്കായി പ്രത്യേക 'ഹബ്' ഒരുക്കും. കരിയർ നേട്ടങ്ങൾ, അപൂർവ ചിത്രങ്ങൾ, ഗോളുകൾ, ചോദ്യോത്തരങ്ങൾ, പിന്നണി കഥകൾ എന്നിവ ഇവിടെ ആരാധകർക്കായി ലഭ്യമാകും. ഭാവിയിൽ കൂടുതൽ പ്രത്യേക അനുഭവങ്ങളും ഉൽപ്പന്നങ്ങളും പ്രതീക്ഷിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
റൊണാൾഡോയും ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു: 'വിജയികൾ പഠിക്കുന്നത് ഒരിക്കലും നിർത്തുന്നില്ല. ചോദ്യങ്ങൾ ചോദിക്കുന്നതും നിർത്തുന്നില്ല. മുന്നേറാൻ ഞാൻ @perplexity ഉപയോഗിക്കുന്നു. Perplexity.ai/ronaldo ഒരു തുടക്കം മാത്രമാണ്' എന്നായിരുന്നു അദ്ദേഹം തന്റെ പോസ്‌റ്റിൽ കുറിച്ചത്. ഇതോടെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചു.
'എന്റെ കരിയറിലെ ഓരോ നാഴികക്കല്ലുകളും ഇന്നലത്തെക്കാൾ മികച്ചതാകാനുള്ള ആഗ്രഹത്തിൽ നിന്നാണ്' റൊണാൾഡോ പറയുന്നു. 'കൂടുതൽ അറിയാനും ശരിയായ ചോദ്യങ്ങൾ ചോദിക്കാനുമുള്ള ഇച്ഛാശക്തിയിൽ നിന്നാണ് മികവ് ആരംഭിക്കുന്നതെന്ന്മനസ്സിലാക്കുന്നു. പരിധിയില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ ലോകത്തെ പ്രചോദിപ്പിക്കുന്നതിന് അവരുമായി പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു' എന്നും സിആർ7 കുറിച്ചു.
റോണോ ആരാധകരിൽ പലർക്കും ഇത് യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാനായില്ല. ഒരു ആരാധകൻ കുറിച്ചതിങ്ങനെ: 'സിആർ7 നെ എഐയുടെ ബ്രാൻഡ് മുഖമായി പെർപ്ലെക്‌സിറ്റിയുമായി സഹകരിപ്പിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ല. ഒരു ഇന്ത്യക്കാരൻ സിലിക്കൺ വാലിക്ക് നേതൃത്വം നൽകുകയും ഇപ്പോൾ അദ്ദേഹവുമായി സഹകരിക്കുകയും ചെയ്യുന്നത് അടുത്ത തലത്തിലുള്ള കാര്യമാണ്. പ്രചോദനം നൽകുന്നതാണിത് സർ, ഇന്ത്യയുടെ മികവ് പൂർണമായി പ്രകടമാക്കുന്നു' എന്നായിരുന്നു.












Click it and Unblock the Notifications