ഇന്ത്യ എഐ ഇമ്പാക്റ്റ് ഉച്ചകോടിയിൽ ശ്രദ്ധേയനായി എട്ട് വയസുകാരൻ രൺവീർ; പ്രസംഗത്തിനും കൈയ്യടി
ന്യൂഡൽഹി: ലോകത്തിന് മാതൃകയായി ഇന്ത്യയുടെ എഐ ഉച്ചകോടി മാറുമ്പോൾ അതിൽ ശ്രദ്ധേയമാവുകയാണ് എട്ട് വയസുകാരൻ രൺവീർ സച്ച്ദേവ. ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ എഐ ഇമ്പാക്റ്റ് സമ്മിറ്റ് 2026ൽ, എട്ടുവയസുകാരനായ ഈ പ്രതിഭാധനൻ സാന്നിധ്യം കൊണ്ടും തന്റെ പ്രവൃത്തികൾ കൊണ്ടും കൗതുകം ഉയർത്തുകയായിരുന്നു.
ഫെബ്രുവരി 16 മുതൽ 20 വരെ നീളുന്ന ഈ അഞ്ചുദിവസത്തെ ഉച്ചകോടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യയിലെ ലോകപ്രമുഖരെ ഒരുമിപ്പിക്കുന്ന നാലാമത്തെ ആഗോള എഐ വേദിയാണിത്.
ഉച്ചകോടിയിൽ എഐയിലും ഇന്ത്യയുടെ സാങ്കേതിക ഭാവിയെക്കുറിച്ചുമുള്ള രൺവീറിന്റെ ആത്മവിശ്വാസമുള്ള കാഴ്‌ചപ്പാടുകൾ ശ്രദ്ധയാകർഷിച്ചു.

വെറും സാന്നിധ്യമാവുക അല്ലെങ്കിൽ പങ്കെടുക്കുക മാത്രമല്ല ഈ കൊച്ചുമിടുക്കൻ പരിപാടിയിൽ പ്രസംഗിക്കുകയും ചെയ്‌തു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ പ്രഭാഷകനായി. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ രൺവീർ താനൊരു സാങ്കേതിക വിദഗ്‌ധനും, ആഗോള ഗ്രന്ഥകാരനും, അന്താരാഷ്ട്ര പ്രഭാഷകനുമാണെന്ന് സ്വയം വിശേഷിപ്പിച്ചു.
'ഇന്ത്യ എഐ ഇമ്പാക്റ്റ് സമ്മിറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ പ്രഭാഷകനായാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. പുരാതന ഇന്ത്യൻ തത്ത്വചിന്തകളെ ആധുനിക സാങ്കേതികവിദ്യകളുമായി എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്' എന്നായിരുന്നു രൺവീർ അഭിമുഖത്തിൽ പറഞ്ഞത്.
മറ്റു രാജ്യങ്ങൾ എഐ നിർമ്മിക്കുന്ന സമീപനങ്ങളെക്കുറിച്ചും ഇന്ത്യയുടെ രീതികളെക്കുറിച്ചും താൻ ചർച്ച ചെയ്യുന്നുണ്ടെന്ന് രൺവീർ വ്യക്തമാക്കി. സ്വന്തം എഐ മോഡൽ പ്രദർശിപ്പിക്കുമെന്നും, 'പുറത്തിറക്കിയ ഒരു ഇന്ത്യൻ എഐ മോഡലിന്റെ ഉപയോഗം ഞാൻ പങ്കിടുകയും, അതിലൂടെ ഇന്ത്യയുടെ ജിഡിപിയിലേക്കുള്ള സംഭാവനയും എഐ സാക്ഷരത വളർത്തുന്നതും കാണിക്കും' എന്നും രൺവീർ കൂട്ടിച്ചേർത്തു.
ആഗോള വേദിയിൽ രൺവീർ സംസാരിക്കുന്നത് ആദ്യമായല്ല. 2025-ൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 'എഐ ഫോർ ഗുഡ് ഗ്ലോബൽ സമ്മിറ്റി'ൽ രൺവീർ പങ്കെടുത്തിട്ടുണ്ട്. അവിടെ, 180-ലധികം രാജ്യങ്ങൾ, 53 യുഎൻ പങ്കാളിത്തമുള്ള സംഘടനകൾ, ആഗോള എഐ നേതാക്കൾ എന്നിവരിൽ നിന്നുള്ള പതിനായിരത്തിലധികം പേരെ രൺവീർ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു.
2022-ലെ ഗ്ലോബൽ റീഡിംഗ് ചലഞ്ചിൽ 'സൂപ്പർ പ്രെസന്റർ' എന്ന പരിപാടിയിൽ സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു രൺവീർ. ആറാം വയസിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ TEDx സ്‌പീക്കറായും അദ്ദേഹം ചരിത്രം കുറിച്ചിട്ടുണ്ട്. ചൊവ്വാ പര്യവേഷണത്തിനായി ഒരു റോക്കറ്റ് ഷിപ്പ് പ്രോട്ടോടൈപ്പ് അദ്ദേഹം വികസിപ്പിച്ചതായും പുറത്തുവരുന്ന വിവരങ്ങൾ പറയുന്നു.












Click it and Unblock the Notifications