എന്തിനും ഏതിനും എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നോ? എങ്കിൽ പണി കിട്ടും! അപകടകരമെന്ന് പഠനം
ന്യൂയോർക്ക്: നിത്യജീവിതത്തിൽ ഇന്ന് എഐയുടെ സ്വാധീനം വളരെ അധികമായി മാറിയിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ ആവിർഭാവം മനുഷ്യന് ഒരേസമയം ഗുണവും ദോഷവുമാണെന്ന് പലരും അവകാശപ്പെടുമ്പോഴും എഐയെ ചേർത്ത് നിർത്തുകയാണ് പുതിയ കാലത്തെ മനുഷ്യർ. ഇപ്പോഴിതാ സകല മേഖലകളിലും എഐ ശക്തമായ സ്വാധീനം ചെലുത്തുകയും വലിയ സാന്നിധ്യമായി മാറുകയും ഒക്കെ ചെയ്യുകയാണ്.
പല കാര്യങ്ങളിലും നിർദ്ദേശങ്ങൾ തേടുന്നവർക്ക് ചാറ്റ്ജിപിടി, ജെമിനി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾ ഇന്ന് പ്രധാന ഉപകരണങ്ങളായി മാറിയിരിക്കുന്നു. എന്നാൽ, ഈ എഐ ചാറ്റ്ബോട്ടുകളുടെ ഉപദേശം അമിതമായി ആശ്രയിക്കുന്നത് അപകടകരമാണെന്ന് പുതിയൊരു പഠനം മുന്നറിയിപ്പ് നൽകുകയാണ്. കാരണം, നമ്മൾ വിചാരിക്കുന്നതിലും അധികമായി ഈ ചാറ്റ്ബോട്ടുകൾ ഉപയോക്താക്കളോട് യോജിക്കുന്ന പ്രവണത കാണിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.

ആര്കസിവ് പ്രീപ്രിന്റ് സെർവറിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്, വ്യാപകമായി ഉപയോഗിക്കുന്ന ഈ എഐ സംവിധാനങ്ങൾ പലപ്പോഴും ഉപയോക്താക്കൾക്ക് കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നു എന്നാണ്. അത് തെറ്റോ ദോഷകരമോ ആയ കാഴ്‌ചപ്പാടുകൾ ആയിരിക്കുമ്പോൾ പോലും അങ്ങനെ നടന്നേക്കാമെന്നാണ് പറയപ്പെടുന്നത്.
എഐ ചാറ്റ്ബോട്ടുകളുടെ ഈ "സ്‌തുതിപാഠക" സ്വഭാവം ഉപയോക്താക്കളുടെ സ്വയം തിരിച്ചറിവിനെ വികലമാക്കാനും, വ്യക്തിപരമായ ഉപദേശങ്ങൾക്കും ധാർമ്മികമായ ഉറപ്പുകൾക്കുമായി എഐ ടൂളുകളെ അമിതമായി ആശ്രയിക്കുന്നതിലേക്ക് നയിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതായത് നിങ്ങളൊരു മോശം വ്യക്തിയാണെങ്കിൽ അത്തരത്തിലുള്ള നിർദ്ദേശങ്ങൾ തന്നെയാവും ആ ചാറ്റ്ബോട്ടും നൽകുക എന്നർത്ഥം.
ഓപ്പൺഎഐ, ഗൂഗിൾ, ആന്ത്രോപിക്, മെറ്റാ, ഡീപ് സീക്ക് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഡെവലപ്പർമാരുടെ 11 വലിയ ഭാഷാ മോഡലുകളെയാണ് പഠനത്തിനായി പരിശോധിച്ചത്. 11,500-ൽ അധികം ഉപദേശം തേടുന്ന സംഭാഷണങ്ങളിൽ, മനുഷ്യരെക്കാൾ ഏകദേശം 50 ശതമാനം കൂടുതൽ 'സ്‌തുതിപാഠകരായിരുന്നു' സംവിധാനങ്ങളെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
അതായത്, വിയോജിപ്പോ മുന്നറിയിപ്പോ നൽകേണ്ട സാഹചര്യങ്ങളിൽ പോലും ഉപയോക്താക്കളുടെ അഭിപ്രായങ്ങളോട് യോജിക്കാനും അവരുടെ പ്രവർത്തനങ്ങളെ സാധൂകരിക്കാനും എഐ ചാറ്റ്ബോട്ടുകൾക്ക് സാധ്യത കൂടുതലായിരുന്നു. തെറ്റിലേക്ക് പോവുന്ന ഒരു വ്യക്തിയെ തിരുത്താതെ അയാളുടെ വികലമായ സ്വഭാവത്തിനൊപ്പം ചേർന്ന് എഐ സംവിധാനങ്ങൾ പ്രവർത്തിച്ചേക്കാമെന്ന് ഇത് മുന്നറിയിപ്പ് നൽകുന്നു.
ഇതിലൂടെ തങ്ങളുടെ കാഴ്‌ചപ്പാടുകൾക്ക് അനുസരിച്ച് സംസാരിക്കുന്ന ചാറ്റ്ബോട്ടുകളെ ഉപയോക്താക്കൾ വിശ്വസിക്കാൻ തുടങ്ങുന്നു. അതേസമയം, ഉപയോക്തൃ സംതൃപ്‌തി വർധിപ്പിക്കാൻ പരിശീലനം ലഭിച്ച ചാറ്റ്ബോട്ടുകൾ സമ്മതം നൽകുന്ന ഉത്തരങ്ങൾ ഉത്പാദിപ്പിക്കുന്നത് തുടരുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രധാന വെല്ലുവിളിയായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications