വമ്പൻ നീക്കത്തിന് ഒരുങ്ങി ഗൂഗിളും വാൾമാർട്ടും; എഐയിലൂടെ ഷോപ്പിംഗ് സാധ്യതകൾ വികസിപ്പിക്കാൻ കൈകോർക്കും
ന്യൂയോർക്ക്: ഗൂഗിൾ ജെമിനി എഐ ചാറ്റ്ബോട്ടിലെ ഷോപ്പിംഗ് സാധ്യതകൾ വികസിപ്പിക്കാൻ ഒരുങ്ങുന്നു. വാൾമാർട്ട്, ഷോപ്പിഫൈ, വെയ്‌ഫെയർ തുടങ്ങിയ പ്രമുഖ റീട്ടെയിലർമാരുമായി സഹകരിച്ചാണ് ഗൂഗിൾ മുന്നോട്ട് പോകാൻ ഒരുങ്ങുന്നത്. ജെമിനി ആപ്പിനെ ഒരു വെർച്വൽ വ്യാപാരിയും സഹായിയുമാക്കാനാണ് ലക്ഷ്യമെന്ന് ഗൂഗിൾ അറിയിച്ചു.
ഈ പുതിയ ഫീച്ചർ ഉപയോക്താക്കളെ ജെമിനി ചാറ്റിൽ നിന്ന് പുറത്തുപോകാതെ ഉൽപ്പന്നങ്ങൾ കണ്ടെത്താനും വാങ്ങാനും സഹായിക്കുമെന്നതാണ് പ്രത്യേകത. തൽക്ഷണ ചെക്കൗട്ട് സംവിധാനം വഴി വിവിധ ബിസിനസുകളിൽ നിന്നും പേയ്‌മെന്റ് ദാതാക്കളിൽ നിന്നും നേരിട്ട് സാധനങ്ങൾ വാങ്ങാൻ കഴിയുമെന്ന് വാൾമാർട്ടും ഗൂഗിളും സംയുക്തമായി വ്യക്തമാക്കി.

പുതിയ എഐ ഷോപ്പിംഗ് ഫീച്ചറുകൾ പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്: ഒരു ഉപഭോക്താവ് ശൈത്യകാല യാത്രയ്ക്ക് ആവശ്യമായ ഉപകരണങ്ങളെക്കുറിച്ച് ചോദിച്ചാൽ, ജെമിനി പങ്കാളിത്തമുള്ള റീട്ടെയിലർമാരുടെ ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യും. വാൾമാർട്ടുമായി അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്നവർക്ക് മുൻ വാങ്ങലുകളെ അടിസ്ഥാനമാക്കി നിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്യും.
ചാറ്റ്ബോട്ടിലൂടെ വാങ്ങുന്ന ഉൽപ്പന്നങ്ങൾ അവരുടെ നിലവിലുള്ള വാൾമാർട്ട് അല്ലെങ്കിൽ സാംസ് ക്ലബ് ഓൺലൈൻ ഷോപ്പിംഗ് കാർട്ടുകളുമായി എളുപ്പത്തിൽ സംയോജിപ്പിക്കാമെന്നും കമ്പനികൾ പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നു. ഇത് ഉപഭോക്താക്കൾക്ക് വലിയ രീതിയിൽ ഗുണകരമാവും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
നേരത്തെ സമാനമായ രീതിയിലുള്ള ഒരു കരാർ ഓപ്പൺഎഐയും വാൾമാർട്ടും ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു. ഫ്രെഷ് ഫുഡ് ഒഴികെ വാൾമാർട്ടിന്റെ വെബ്സൈറ്റിലെ എല്ലാ ഉൽപ്പന്നങ്ങളും ചാറ്റ്‌ജിപിടി അംഗങ്ങൾക്ക് തൽക്ഷണ ചെക്കൗട്ട് വഴി വാങ്ങാൻ ഈ പങ്കാളിത്തം അവസരം നൽകി വന്നിരുന്നു. അതിന് പിന്നാലെയാണ് ഗൂഗിളിന്റെ നീക്കം.
ഗൂഗിൾ, ഓപ്പൺഎഐ, ആമസോൺ തുടങ്ങിയവ തടസ്സരഹിതമായ എഐ-പവർഡ് ഷോപ്പിംഗ് ടൂളുകൾ വികസിപ്പിക്കാനുള്ള മത്സരത്തിലാണ്. റീട്ടെയിലറുടെ വെബ്സൈറ്റിലേക്ക് പോകാതെ, ഒരേ പ്രോഗ്രാമിനുള്ളിൽ ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്യുന്നത് മുതൽ വാങ്ങുന്നത് വരെ സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. സമീപ മാസങ്ങളിൽ ഓപ്പൺഎഐ, ഗൂഗിൾ എന്നിവ തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാവുകയാണ് ചെയ്‌തത്.
തുടക്കത്തിൽ, ജെമിനിയിലെ എഐ ഷോപ്പിംഗ് ഫീച്ചറുകൾ യുഎസ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ എന്ന് ഗൂഗിൾ അറിയിച്ചു. വരും മാസങ്ങളിൽ ഈ സൗകര്യം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇന്ത്യയുൾപ്പെടെയുള്ള വൻ വിപണികളിലേക്ക് അധികം വൈകാതെ തന്നെ കടന്നുകയറാൻ ആവും ഗൂഗിൾ ശ്രമിക്കുക.












Click it and Unblock the Notifications