എഐ കരിയർ സർട്ടിഫിക്കറ്റ് കോഴ്‌സുമായി ഗൂഗിൾ; ഭാവിയിൽ ജോലികൾക്ക് ഗുണമാവും, അധിക യോഗ്യതയും
ആഗോള തലത്തിൽ എഐ വലിയ മാറ്റങ്ങൾക്ക് വഴി മരുന്നിടുകയാണ്. ഇപ്പോഴിതാ ഗൂഗിൾ പറയുന്നത് അനുസരിച്ച് 70 ശതമാനം മാനേജർമാർക്കും എഐ കഴിവുകൾ ജോലിസ്ഥലത്ത് അനിവാര്യമായിരിക്കെ, 14 ശതമാനം തൊഴിലാളികൾക്ക് മാത്രമേ അതിനുള്ള പരിശീലനം ലഭിച്ചിട്ടുള്ളൂ. പിന്നാലെ ഈ വിടവ് നികത്തി, അടിസ്ഥാന ധാരണയിൽ നിന്ന് യഥാർത്ഥ എഐ വൈദഗ്ധ്യത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കാൻ ഗൂഗിൾ 'എഐ പ്രൊഫഷണൽ സർട്ടിഫിക്കറ്റ്' അവതരിപ്പിക്കുകയാണ് ഇപ്പോൾ.
എഐ സാങ്കേതിക വിദഗ്‌ധരിൽ മാത്രം ഒതുങ്ങുന്നില്ല. മാർക്കറ്റിംഗ്, ഫിനാൻസ്, ഡിസൈൻ, ബിസിനസ് മേഖലകളിലെല്ലാം എഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കുന്നവരെയാണ് തൊഴിൽദാതാക്കൾ തേടുന്നത്. ജനറേറ്റീവ് എഐയുടെ പ്രായോഗിക ശേഷികൾ പഠിപ്പിക്കുന്ന ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം വിദ്യാർത്ഥികളെ ശക്തരാക്കും.

ഗവേഷണം, ഡാറ്റാ വിശകലനം, പ്രസന്റേഷനുകൾ, റിപ്പോർട്ടുകൾ, മാർക്കറ്റിംഗ് മെറ്റീരിയലുകൾ എന്നിവ തയ്യാറാക്കാൻ കോഴ്‌സ് സഹായിക്കും. പ്രൊജക്റ്റുകൾ ആസൂത്രണം ചെയ്യാനും, ആവർത്തന ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും, സർഗാത്മക ചിന്ത വർധിപ്പിക്കാനും ഇത് വഴി സാധിക്കും. എഐ ടൂളുകൾ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകളുടെ പോർട്ട്‌ഫോളിയോ വഴി തങ്ങളുടെ കഴിവുകൾ തെളിയിക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കും.
ചെയ്‌തു തന്നെ പഠിക്കുക എന്നതിന് ഊന്നൽ നൽകുന്ന കോഴ്‌സിൽ, 20-ൽ അധികം യഥാർത്ഥ സാഹചര്യങ്ങളുണ്ട്. പ്രൊഫഷണൽ ചിത്രങ്ങൾ, വീഡിയോകൾ, ഇൻഫോഗ്രാഫിക്‌സ് നിർമ്മിക്കുക, ആശയങ്ങളെ പ്ലാനുകളാക്കി മാറ്റുക, ഡാറ്റ വിശകലനം ചെയ്യുക, കോഡിംഗ് ഇല്ലാതെ ആപ്പുകൾ "വൈബ് കോഡ്" ചെയ്യുക എന്നിവ ഉദാഹരണങ്ങളാണ്. അഡ്വാൻസ്ഡ് എഐ ടൂളുകൾ താൽക്കാലികമായി ഉപയോഗിക്കാനും പഠിതാക്കൾക്ക് അവസരമുണ്ട്.
ഒരു ദശലക്ഷത്തിലധികം ബിരുദധാരികളെ സൃഷ്‌ടിച്ച ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമാണിത്. 70 ശതമാനം പഠിതാക്കൾക്കും ആറ് മാസത്തിനുള്ളിൽ പുതിയ ജോലികൾ, സ്ഥാനക്കയറ്റങ്ങൾ, ശമ്പള വർധനവ് എന്നിവയുൾപ്പെടെ നല്ല കരിയർ ഫലങ്ങളുണ്ടായി. വാൾമാർട്ട്, ഡെലോയിറ്റ്, വെറൈസൺ പോലുള്ള കമ്പനികൾ ജീവനക്കാരെ പരിശീലിപ്പിക്കാൻ ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത് വ്യവസായ അംഗീകാരം ഉറപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ 11-12 ക്ലാസിലുള്ള വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും, കരിയറിന്റെ ആദ്യഘട്ടങ്ങളിലുള്ളവർക്കും എഐ സാക്ഷരത ഒരു പ്രധാന തൊഴിൽ വൈദഗ്ധ്യമാണ്, ഒരു പതിറ്റാണ്ട് മുമ്പ് കമ്പ്യൂട്ടർ അറിവ് പോലെയാവും ഇത്. അഡ്വാൻസ്ഡ് കോഡിംഗ് ആവശ്യമില്ലാത്തതിനാൽ വാണിജ്യം, ഹ്യുമാനിറ്റീസ്, സയൻസ്, മാനേജ്മെന്റ് പശ്ചാത്തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും ഈ കോഴ്‌സ് പ്രയോജനകരമാണ്.
എഐ ലോകമെമ്പാടും പിടിമുറുക്കുന്ന ഈ കാലഘട്ടത്തിലാണ് ഗൂഗിൾ അതിനൊത്ത ഒരു കോഴ്‌സുമായി രംഗത്ത് വരുന്നത് എന്നതാണ് പ്രത്യേകത. ഇതിലൂടെ കൂടുതൽ ആളുകൾക്കും എഐയുടെ അടിസ്ഥാന പാഠങ്ങൾ സ്വായത്തമാക്കാനും അതിലൂടെ കരിയറിൽ വളർച്ച ഉണ്ടാക്കാനും സാധിക്കുമെന്നാണ് അവർ സാക്ഷ്യപ്പെടുത്തുന്നത്.












Click it and Unblock the Notifications