ഇന്ത്യൻ മഹാസമുദ്രത്തിൽ ഗൂഗിളിന്റെ വമ്പൻ എഐ ഡാറ്റാ സെന്റർ വരുന്നു; നീക്കം ഓസ്‌ട്രേലിയക്ക് വേണ്ടി
സിഡ്‌നി: ഓസ്‌ട്രേലിയയുടെ ഭാഗമായ വിദൂര ഇന്ത്യൻ മഹാസമുദ്രത്തിലെ ക്രിസ്‌മസ് ദ്വീപിൽ ഒരു വലിയ എഐ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ ഗൂഗിൾ പദ്ധതിയിടുകയാണ്. ഈ വർഷം പ്രതിരോധ വകുപ്പുമായി ഒരു ക്ലൗഡ് കരാറിൽ ഒപ്പുവെച്ചതിന് ശേഷമാണ് ഈ നിർണായക നീക്കം. റോയിട്ടേഴ്‌സ് പരിശോധിച്ച രേഖകളിലൂടെയും ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളിലൂടെയുമാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ഇന്തോനേഷ്യയിൽ നിന്ന് 350 കിലോമീറ്റർ (220 മൈൽ) തെക്കായി സ്ഥിതി ചെയ്യുന്ന ഈ ചെറുദ്വീപിലെ ഡാറ്റാ സെന്ററിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ കൂടുതലായി പുറത്തുവന്നിട്ടില്ല. ഇതിന്റെ വ്യാപ്‌തി, ചെലവ്, സാധ്യതയുള്ള ഉപയോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പല വിശദാംശങ്ങളും ഇപ്പോഴും രഹസ്യമായി തുടരുകയാണ്.

ചൈനീസ് അന്തർവാഹിനികളുടെയും മറ്റ് നാവിക പ്രവർത്തനങ്ങളുടെയും നിരീക്ഷിക്കുന്നതിൽ ഈ ദ്വീപിന് നിർണായക പ്രാധാന്യമുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. അതിനാൽ, ഇങ്ങനെയൊരു സൗകര്യം ദ്വീപിന് വലിയ മുതൽക്കൂട്ടാകുമെന്ന് സൈനിക മേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളിന്റെ നീക്കം.
ദ്വീപിലെ വിമാനത്താവളത്തിനടുത്തുള്ള ഭൂമി പാട്ടത്തിനെടുക്കുന്നതിനും ഊർജ്ജ ആവശ്യങ്ങൾക്കായി ഒരു പ്രാദേശിക ഖനന കമ്പനിയുമായി കരാർ ഉറപ്പിക്കുന്നതിനും ഗൂഗിൾ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ക്രിസ്‌മസ് ദ്വീപ് ഷെയർ ഉദ്യോഗസ്ഥരും കൗൺസിൽ മീറ്റിംഗ് രേഖകളും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.
എന്നാൽ ഈ വാർത്തയോട് പ്രതികരിക്കാൻ ആൽഫബെറ്റ് ഐഎൻസിയുടെ ഉടമസ്ഥതയിലുള്ള ഗൂഗിൾ വിസമ്മതിച്ചു. ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പും ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഓസ്‌ട്രേലിയൻ, യുഎസ്, ജാപ്പനീസ് സൈന്യങ്ങൾ പങ്കെടുത്ത ഒരു സമീപകാല സൈനികാഭ്യാസം, ഒരു പ്രാദേശിക സംഘർഷമുണ്ടായാൽ ഓസ്‌ട്രേലിയയുടെ പ്രതിരോധത്തിൽ ക്രിസ്‌മസ് ദ്വീപിനുള്ള പ്രാധാന്യം എടുത്തു കാണിച്ചു.
പ്രത്യേകിച്ച് ആളില്ലാ ആയുധ സംവിധാനങ്ങൾ വിക്ഷേപിക്കുന്നതിനുള്ള അതിന്റെ ഗുണങ്ങൾ ഈ അഭ്യാസത്തിലൂടെ വെളിപ്പെട്ടതാണ്. ഭാവിയിൽ ആളില്ലാ സംവിധാനങ്ങളെ നിരീക്ഷണ ദൗത്യങ്ങൾക്കും ലക്ഷ്യമിട്ടുള്ള ദൗത്യങ്ങൾക്കും ഉപയോഗിക്കുമ്പോൾ, എഐ ഉപയോഗിച്ചുള്ള കമാൻഡ് ആൻഡ് കൺട്രോൾ പ്രവർത്തനങ്ങൾ നടത്താൻ ഈ ഡാറ്റാ സെന്റർ സഹായിക്കുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.
ഉപഗ്രഹങ്ങളേക്കാൾ കൂടുതൽ ബാൻഡ്‌വിഡ്ത്തും വിശ്വാസ്യതയും സബ്‌സീ കേബിളുകൾ നൽകുന്നു. മാത്രമല്ല ഏതെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ ചൈന ഉപഗ്രഹ ആശയവിനിമയങ്ങൾ തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു. ദ്വീപിൽ ഒരു ഡാറ്റാ സെന്റർ ഉണ്ടെങ്കിൽ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ വഴി അത്തരം പല കാര്യങ്ങളും ചെയ്യാനാകുമെന്നാണ് സൈന്യത്തിന്റെ വിശ്വാസം.
നേരത്തെ ഓസ്‌ട്രേലിയൻ പ്രതിരോധ വകുപ്പ് ജൂലൈയിൽ ഗൂഗിളുമായി മൂന്ന് വർഷത്തെ ക്ലൗഡ് കരാറിൽ ഏർപ്പെട്ടിരുന്നു. പിന്നാലെ ബ്രിട്ടീഷ് സൈന്യവും സമാനമായ ഒരു ഗൂഗിൾ ക്ലൗഡ് കരാർ പ്രഖ്യാപിച്ചിരുന്നു. ഇത് അമേരിക്കയുമായുള്ള വിവര കൈമാറ്റം വർധിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി. അതിനിടയിലാണ് പുതിയ വാർത്തകൾ കൂടി വരുന്നത്.












Click it and Unblock the Notifications