എഐ എത്ര വികസിച്ചെന്ന് പറഞ്ഞാലും ചിലയിടത്ത് മനുഷ്യർ തന്നെ വേണം; ഈ കഴിവുകൾ ഉണ്ടെങ്കിൽ ജോലി പോവില്ല!
നിർമ്മിത ബുദ്ധി അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള തലത്തിൽ വ്യവസായ മേഖലകളെ ഒന്നാകെ ഇത് മാറ്റിമറിക്കുകയും ഏതൊക്കെ ജോലികൾ സുരക്ഷിതമായി തുടരുമെന്നതിനെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. ഇത് ഒരുപാട് ആളുകൾക്ക് ഭാവിയെ കുറിച്ചുള്ള ഭയം നൽകുന്നു. ദീർഘകാല തൊഴിൽ സാധ്യതകൾ കുറയുന്നതിനെക്കുറിച്ചും യന്ത്രവൽക്കരണം തൊഴിൽ സ്ഥിരതയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും പലരും ചിന്തയിലാണ്.
ഇപ്പോഴിതാ പ്യൂ റിസർച്ച് സെന്ററിന്റെ ഒരു പഠനം അനുസരിച്ച്, ഏകദേശം 52 ശതമാനം തൊഴിലാളികളും നിർമ്മിത ബുദ്ധി തങ്ങളുടെ ജോലിസ്ഥലത്ത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ആശങ്കാകുലരാണ്. ഏകദേശം മൂന്നിലൊന്ന് തൊഴിലാളികൾ പറയുന്നത്, ഭാവിയിൽ ദീർഘകാല തൊഴിൽ സാധ്യതകൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്.

ഇതോടൊപ്പം, റെസ്യൂമെ നൗ പുറത്തുവിട്ട 'എഐ റെസിസ്റ്റന്റ് കരിയേഴ്‌സ് ഇൻഡെക്‌സ്' നിർമ്മിത ബുദ്ധിക്ക് എളുപ്പത്തിൽ യന്ത്രവൽക്കരിക്കാൻ കഴിയാത്ത ജോലികളെ കണ്ടെത്തിയിട്ടുണ്ട്. ഓരോ ജോലിയുടെയും പൊരുത്തപ്പെടാനുള്ള കഴിവ്, സമ്മർദ്ദം താങ്ങാനുള്ള കഴിവ്, സമ്മർദ്ദം നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന സവിശേഷതകൾ വിലയിരുത്തിയാണ് ഇത് ഈ പട്ടിക തയ്യാറാക്കിയതെന്നതാണ് പ്രധാന കാര്യം.
പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്: ഒരു കാര്യത്തിന്റെ അന്തിമഫലം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന സാഹചര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഈ കഴിവിൽ ഉൾപ്പെടുന്നു. സംഘർഷ സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ മനുഷ്യർ എങ്ങനെ വിവേകം, അനുഭവം, സാഹചര്യം എന്നിവ ഉപയോഗിക്കുന്നു എന്ന് ഇത് വിശദീകരിക്കുന്നു. വ്യക്തമായ ഒരുത്തരമില്ലാത്ത സങ്കീർണ്ണമായ വിഷയങ്ങൾ വരുമ്പോൾ, അവയെ മനസ്സിലാക്കുന്നതിനും വിവിധ സാധ്യതകൾ വിലയിരുത്തുന്നതിനും എഐക്ക് പരിമിതകാല ഏറെയാണ്.
മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്: പുതിയ സാഹചര്യങ്ങളുമായി വേഗത്തിൽ ഇഴുകിച്ചേരാനുള്ള കഴിവിനാണ് ഇത് പ്രാധാന്യം നൽകുന്നത്. അപ്രതീക്ഷിത മാറ്റങ്ങളോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നു, പുതിയ വിവരങ്ങളിൽ നിന്ന് എങ്ങനെ പഠിക്കുന്നു, ആവശ്യമെങ്കിൽ തങ്ങളുടെ സമീപനം എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ച് ഇത് വിശദീകരിക്കുന്നു. നിശ്ചിത നിയമങ്ങൾ ബാധകമല്ലാത്ത അനിശ്ചിതമോ അപരിചിതമോ ആയ ചുറ്റുപാടുകളിൽ പ്രവർത്തിക്കുന്നത് ഈ വിഷയത്തിൽ പ്രധാനമാണ്.
തീരുമാനമെടുക്കുന്നതിലെ ഉത്തരവാദിത്തം: തീരുമാനങ്ങൾക്കും അവയുടെ ഫലങ്ങൾക്കും ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഈ കഴിവിൽ ഉൾപ്പെടുന്നു. വ്യക്തികൾ എങ്ങനെ തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കണം, ധാർമ്മികപരമായ വശങ്ങൾ പരിഗണിക്കണം, തങ്ങളുടെ തിരഞ്ഞെടുപ്പുകളുടെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് ഇത് വിശദീകരിക്കുന്നു.
മനുഷ്യ ഇടപെഴകലുകളിലെ വൈകാരിക ബുദ്ധി: ആശയവിനിമയത്തിലെ വികാരങ്ങളെ മനസിലാക്കാനും പ്രതികരിക്കാനുമുള്ള കഴിവാണ് ഈ നൈപുണ്യം. ഇത് എഐയ്ക്ക് അന്യമാണ്. ആളുകൾ എങ്ങനെ വികാരങ്ങളെ തിരിച്ചറിയുന്നു, സഹാനുഭൂതി കാണിക്കുന്നു, ബന്ധങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു എന്ന് ഇത് വിശദീകരിക്കുന്നു. വികാരങ്ങൾക്ക് ഒരു പങ്കുള്ള സംഭാഷണങ്ങൾ, ടീം വർക്ക്, സാമൂഹിക സാഹചര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.












Click it and Unblock the Notifications