എഐയുടെ പ്രഭാവം ഷൂസിലും, ഏത് ഇരുട്ടത്തും തിളങ്ങും; ഒപ്പം ഞെട്ടിക്കുന്ന ഫീച്ചറുകളും, വില എത്ര എന്നറിയണ്ടേ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി സകല മേഖലകളിലേക്കും വ്യാപിക്കുകയാണ്. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ സാങ്കേതികവിദ്യയും ഇലക്ട്രോണിക് ഉപകരണങ്ങളും മനുഷ്യന്റെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു. ഈ ഡിജിറ്റൽ യുഗത്തിൽ, സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, ബാൻഡുകൾ, റിംഗുകൾ, അടുക്കള ഉപകരണങ്ങൾ, ഇയർബഡ്‌സ്, റോബോട്ടുകൾ എന്നിവ കാര്യമായി ഉപയോഗിച്ച് വരുന്നുണ്ട്.
ഇപ്പോഴിതാ എഐ സാങ്കേതികവിദ്യ ഷൂസുകളിലും എത്തിയിരിക്കുകയാണ്. ഇംപാക്റ്റോ എന്ന കമ്പനിയാണ് എഐ അടിസ്ഥാനമാക്കിയുള്ള ഈ ഷൂസുകൾ പുറത്തിറക്കിയത്. അടുത്തിടെ ഹൈദരാബാദിലെ സരൂർനഗറിൽ നടന്ന ഒരു ഡാൻസ് മത്സരത്തിൽ ഈ എഐ ഷൂസുകൾ ഏവരുടെയും ശ്രദ്ധ നേടുകയായിരുന്നു. പൂർണ്ണമായും സ്വദേശി വൈദഗ്ധ്യമുപയോഗിച്ച് അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് ഇംപാക്റ്റോ ഇവ വികസിപ്പിച്ചത്.

നിലവിൽ കൊൽക്കത്തയിലാണ് ഈ എഐ ഷൂസുകളുടെ നിർമ്മാണം നടക്കുന്നത്. ആമസോൺ, ഫ്ലിപ്‌കാർട്ട്, മിന്ത്ര തുടങ്ങിയ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ഇവ വാങ്ങാൻ സാധിക്കുമെന്ന് ഇംപാക്റ്റോ അറിയിച്ചു. പ്രത്യേകിച്ച് ഈ ഉത്സവകാലത്ത് വിവിധ ഓഫറുകളുടെ സഹായത്തോടെ ഇവ നേടാനും സാധിക്കുമെന്നതും മറ്റൊരു ഗുണമാണ്.
'ഈ ഷൂസുകൾ കൊൽക്കത്തയിലാണ് നിർമ്മിക്കുന്നത്. ആമസോണിൽ ഞങ്ങൾ ട്രെൻഡിംഗ് നമ്പർ വൺ ആണ്. ഗോവയിലാണ് ഈ എഐ ഷൂസുകൾക്ക് ഏറ്റവും കൂടുതൽ വിൽപ്പനയുള്ളത്. തൊട്ടുപിന്നിൽ ഹൈദരാബാദുമുണ്ട്. ഹൈദരാബാദിൽ ഒരു സ്‌റ്റോർ തുറക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു' ഇംപാക്റ്റോ അധികൃതർ പറഞ്ഞു.
ഈ AI ഷൂസുകൾ ഒരു ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. കാലുകൾക്ക് മസാജ് നൽകുന്നതിനൊപ്പം നടന്ന ചുവടുകളുടെ എണ്ണം, ശാരീരിക അധ്വാനം ചെയ്‌ത സമയം, ഇല്ലാതായ കലോറി എന്നിവയും ഈ ആപ്പ് രേഖപ്പെടുത്തുന്നു. ആപ്പിൾ വാച്ചിനേക്കാൾ കൃത്യതയോടെയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഷൂസിനുള്ളിൽ ലൈറ്റുകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ, രാത്രിയിലും വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലും അവ തനിയെ പ്രകാശിക്കും. ഒരു തവണ ചാർജ് ചെയ്‌താൽ രണ്ടോ മൂന്നോ ദിവസം വരെ ഈ എഐ ഷൂസുകൾ പ്രവർത്തിക്കുമെന്ന് ഇംപാക്റ്റോ അറിയിച്ചു. ഈ ഷൂസുകളുടെ വില ഏകദേശം 10,000 മുതൽ 12,000 രൂപ വരെയാണ്. മാറിയ കാലത്തെ മാറ്റത്തിന് ഒപ്പം നടക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഈ ഷൂസ്.












Click it and Unblock the Notifications