ഇന്ത്യൻ പ്രതിഭകൾ തദ്ദേശീയമായ എഐ വികസിപ്പിക്കണം; സ്‌റ്റാർട്ടപ്പുകളോട് ആഹ്വാനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളോട് തദ്ദേശീയമായ നിർമ്മിത ബുദ്ധി ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ സ്‌റ്റാർട്ടപ്പ് ദിനാഘോഷത്തിൽ സംസാരിക്കവെ, സ്‌റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പത്താം വാർഷികം കൂടിയായ ഈ വേളയിൽ, ഉൽപ്പാദന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗോള നിലവാരമുള്ള ഉൽപ്പന്നങ്ങൾ രാജ്യത്ത് സൃഷ്‌ടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു. പുതിയ സ്‌റ്റാർട്ടപ്പ് ട്രെൻഡുകളിലും സാങ്കേതികവിദ്യകളിലും ഇന്ത്യക്ക് ഒരു നേതൃപരമായ പങ്ക് വഹിക്കാൻ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'നമ്മൾ മുന്നോട്ട് പോകുമ്പോൾ, നമ്മുടെ ലക്ഷ്യം കേവലം പങ്കാളിത്തം എന്നതിലുപരി ആഗോള നേതൃത്വമാകണം. സ്‌റ്റാർട്ടപ്പുകൾ ഉൽപ്പാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. മികച്ച ഗുണമേന്മയുള്ളതും തനതായ ആശയങ്ങളുള്ളതുമായ പുതിയ ഉൽപ്പന്നങ്ങൾ നാം സൃഷ്‌ടിച്ച് സാങ്കേതികവിദ്യയിൽ ലോകത്തിന് മാതൃകയാകണം' പ്രധാനമന്ത്രി നിരീക്ഷിച്ചു.

രാജ്യത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിവുള്ള പുതിയ മേഖലകളിൽ ഇന്ത്യൻ സ്‌റ്റാർട്ടപ്പുകൾക്ക് ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയിലും തന്ത്രപരമായ സ്വയംഭരണത്തിലും നിർണായക പങ്ക് വഹിക്കുന്ന നിരവധി മേഖലകൾ വളർന്നു വരുന്നുണ്ട്. നിർമ്മിത ബുദ്ധിയുടെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഈ മത്സരത്തിൽ ഒരു രാജ്യം എത്രത്തോളം മുന്നിലെത്തുന്നുവോ, അത്രയധികം നേട്ടങ്ങൾ അവർക്ക് സ്വന്തമാക്കാം. ഇത് നമ്മുടെ സ്‌റ്റാർട്ടപ്പുകൾ ഇന്ത്യക്ക് വേണ്ടി ചെയ്യേണ്ട ദൗത്യമാണ്' മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യഎഐ മിഷനെക്കുറിച്ച് സംസാരിച്ചപ്പോൾ, 38,000-ത്തിലധികം ജിപിയു-കൾ (ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുകൾ) ഇതിനകം ഉൾപ്പെടുത്തിക്കഴിഞ്ഞതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. 'വലിയ സാങ്കേതികവിദ്യകൾ ചെറിയ സ്‌റ്റാർട്ടപ്പുകൾക്ക് പ്രാപ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കൂടാതെ തദ്ദേശീയമായ നിർമ്മിത ബുദ്ധി, ഇന്ത്യൻ സെർവറുകളിൽ, ഇന്ത്യയിലെ പ്രതിഭകളാൽ തന്നെ വികസിപ്പിക്കപ്പെടണം' അദ്ദേഹം വ്യക്തമാക്കി.
10 വർഷം മുമ്പ് രാജ്യത്ത് കണ്ടുപിടിത്തങ്ങൾക്ക് യാതൊരു സാധ്യതയുമുണ്ടായിരുന്നില്ലെന്ന് നിങ്ങൾക്കറിയാം. ഞങ്ങൾ ആ വെല്ലുവിളി ഏറ്റെടുത്തു, സ്‌റ്റാർട്ടപ്പ് ഇന്ത്യക്ക് തുടക്കമിട്ടു, യുവാക്കൾക്ക് സ്വതന്ത്രമായി ചിന്തിക്കാൻ അവസരം നൽകി. ഇന്ന് ആ പരിശ്രമങ്ങളുടെ ഫലം നമ്മുടെ മുന്നിലുണ്ട്. ഒരു ദശാബ്‌ദം കൊണ്ട് സ്‌റ്റാർട്ടപ്പ് ഇന്ത്യ ഒരു വിപ്ലവമായി പരിണമിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
10 വർഷം മുൻപ് 500-ൽ താഴെ സ്‌റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഇന്ന് അത് 2 ലക്ഷത്തിലധികമുണ്ട്. ഇതോടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സ്‌റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. നിലവിൽ ഇന്ത്യയിൽ 125 സജീവ യൂണികോണുകളുമുണ്ടെന്ന് അദ്ദേഹം പറയുന്നു. പദ്ധതിയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ഒറ്റവർഷം ഏറ്റവും കൂടുതൽ പുതിയ സ്‌റ്റാർട്ടപ്പുകൾ രജിസ്‌റ്റർ ചെയ്‌തത് 2025-ലാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.












Click it and Unblock the Notifications