എഐ രംഗത്ത് ശീതയുദ്ധമോ? സഹകരണം ഉറപ്പാക്കാൻ ആഗോള സംഘടന നിർദ്ദേശിച്ച് ചൈന, ലക്ഷ്യം യുഎസ്
കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനായി ഒരു ആഗോള സംഘടന രൂപീകരിക്കാൻ ചൈന പദ്ധതിയിടുന്നു. ലോകമെമ്പാടുമുള്ള എഐ രംഗത്ത് അമേരിക്കയുടെ സ്വാധീനം ചെറുക്കുകയാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും എഐ രംഗത്ത് സ്വാധീനമുറപ്പിക്കാൻ ശ്രമം തുടരുന്നതിനിടയിലാണ് ചൈനയുടെ പുതിയ നീക്കം.
ഷാങ്ഹായിൽ നടന്ന വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിൽ സംസാരിക്കവെ ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് ആണ് ഈ കാര്യം അറിയിച്ചത്. ആഗോളതലത്തിലുള്ള നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാനും സാങ്കേതികവിദ്യകൾ പങ്കുവെക്കാനുമുള്ള ചൈനയുടെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു.

അമേരിക്ക തങ്ങളുടെ സഖ്യകക്ഷികൾക്ക് എഐ കയറ്റുമതി വർധിപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന സമയത്ത് ലി ചിയാങ്ങിന്റെ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള കടുത്ത മത്സരത്തിന്റെ സൂചനയാണ്. ഏതാനും ശക്തരായ രാജ്യങ്ങൾക്കും കോർപ്പറേഷനുകൾക്കും എഐ സാങ്കേതികവിദ്യയുടെ കുത്തകാവകാശം ലഭിക്കുന്നത് തടയണമെന്നുള്ള മുന്നറിയിപ്പും കോൺഫറൻസിൽ നൽകി.
നിലവിലെ ആഗോള എഐ ഭരണസംവിധാനം ഏകീകൃതമല്ലെന്നും എഐ ചിപ്പുകളിലേക്കുള്ള ലഭ്യതക്കുറവും വിദഗ്ദ്ധരുടെ സഞ്ചാരത്തിലുള്ള നിയന്ത്രണങ്ങളും ഇതിന് തടസ്സമാണെന്നും ലി ചൂണ്ടിക്കാട്ടി. വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു ആഗോള എഐ ഭരണ മാതൃക സ്ഥാപിക്കാൻ കൂടുതൽ ഏകോപനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൈനീസ് വിദേശകാര്യ സഹമന്ത്രി മാ ഷാവോക്‌സു, റഷ്യ, ജർമ്മനി, ഖത്തർ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 30-ൽ അധികം രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പുതിയ എഐ സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഈ സംഘടനയുടെ ആസ്ഥാനം ഷാങ്ഹായിൽ സ്ഥാപിക്കാൻ ചൈന ആലോചിക്കുന്നതായും ചിയാങ്ങ് സൂചിപ്പിച്ചു.
സർക്കാരുകൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ പങ്കാളികളേയും ഉൾപ്പെടുത്തി അതിർത്തി കടന്നുള്ള ഓപ്പൺ സോഴ്‌സ് കമ്മ്യൂണിറ്റി പോലുള്ള സംരംഭങ്ങളിലൂടെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഓൺലൈൻ കർമ്മ പദ്ധതിയും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ എഐയുമായി ബന്ധപ്പെട്ട വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ചൈനീസ് നീക്കം. വരാനിരിക്കുന്ന എഐ യുഗത്തിൽ ചൈനയുടെ വെല്ലുവിളികളെ മറികടക്കുക ലക്ഷ്യമിട്ട് യുഎസ് കൂടുതൽ എക്‌സിക്യൂട്ടീവ് ഓർഡറുകൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ചൈനീസ് നീക്കത്തിൽ കാണുന്നത്.












Click it and Unblock the Notifications