എഐ അല്ല ഇനി അതിലും വമ്പൻ വന്നാലും ചിലർക്ക് പേടിക്കേണ്ട; ഈ 5 മേഖലകൾ സുരക്ഷിതം, കാരണം?
എല്ലാ മേഖലയിലും എഐയുടെ സ്വാധീനം ശക്തമായി മാറുന്ന കാലഘട്ടമാണ് ഇത്. പല കമ്പനികളും എഐ മുന്നിൽ കണ്ട് ജീവനക്കാരെ വെട്ടികുറയ്ക്കുകയും തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ഹയറിംഗ് നടപടികൾ നിർത്തിവയ്ക്കുകയും ഒക്കെ ചെയ്യുന്നത് നാം കാണുന്നുണ്ട്. അതിനിടയിൽ ആശങ്കയായി കൂട്ടപിരിച്ചുവിടൽ വാർത്തകളും വാരുന്നുണ്ട്.
ഇക്കാര്യത്തിൽ ഏറ്റവും വലിയ തിരിച്ചടി ഏൽക്കേണ്ടി വരുന്നത് ഐടി മേഖലയിലെ ജീവനക്കാർക്കാണ്. കാരണം ഇതുൾപ്പെടെ മേഖല കൂടിയാണ് എഐ സംവിധാനങ്ങളിൽ ഗവേഷണം നടത്തുന്നതും അവയെ പരിചയപ്പെടുത്തുന്നതും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഐടി മേഖലയിലെ ജീവനക്കാർക്ക് ആശങ്ക സൃഷ്‌ടിക്കുന്നു എന്നത് വാസ്‌തവമാണ്.

എന്നാൽ ഈ സാഹചര്യത്തിലും, അഞ്ച് തരം ഐടി ജോലികൾക്ക് എഐ ഭീഷണിയില്ലെന്ന് വിദഗ്‌ധർ പറയുന്നു. സൈബർ സെക്യൂരിറ്റി എഞ്ചിനീയർമാരാണ് ഈ പട്ടികയിലെ ആദ്യത്തെ വിഭാഗം. ഈ രംഗത്ത് എഐയുടെ സാധ്യതകൾ വിലയിരുത്തുന്നുണ്ടെങ്കിലും, പ്രശ്‌നപരിഹാരത്തിന് മനുഷ്യരുടെ അനുഭവപരിജ്ഞാനം അനിവാര്യമാണെന്നാണ് വലിയൊരു വിഭാഗം ആളുകളും വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നത്.
എംബഡ്ഡഡ് സിസ്‌റ്റംസ് എഞ്ചിനീയർമാരും സുരക്ഷിത മേഖലയിലാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), ഓട്ടോമോട്ടീവ്, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ ഡ് എംബഡ്ഡഡ് സിസ്‌റ്റംസ് എഞ്ചിനീയർമാർക്ക് വലിയ ഡിമാൻഡുണ്ട്. ഈ മേഖലകളിൽ മനുഷ്യവിഭവശേഷി ഒഴിച്ചുകൂടാനാവാത്തതാണ്.
റോബോട്ടിക് എഞ്ചിനീയർമാർക്കും അടുത്ത ദശകത്തിൽ മികച്ച സാധ്യതകളുള്ള വിഭാഗമാണ്. അതിനാൽ അവർക്കും ആശങ്ക വേണ്ടെന്ന് വിദ്ഗധർ പറയുന്നു. ക്വാണ്ടം കമ്പ്യൂട്ടിംഗിൽ താൽപ്പര്യമുള്ളവർക്ക് ഈ രംഗത്ത് തിളങ്ങാനാകും. ഇവിടെ, സർഗ്ഗാത്മകതയും പുതിയ കണ്ടുപിടുത്തങ്ങളും ആവശ്യമാണ്, ഇത് എഐക്ക് പൂർണ്ണമായി നിറവേറ്റാൻ കഴിയില്ല.
ഡെവലപ്‌മെന്റ് ഓപ്പറേഷൻ എഞ്ചിനീയർമാർക്കും എഐ മൂലം ദോഷകരമായ സാഹചര്യങ്ങൾ ഉണ്ടാകില്ല. അതിനാൽ, സൈബർ സെക്യൂരിറ്റി, എംബഡ്ഡഡ് സിസ്‌റ്റംസ്, ഡെവലപ്‌മെന്റ് ഓപ്പറേഷൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, റോബോട്ടിക് എഞ്ചിനീയർമാർ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നിലവിൽ ഭയപ്പെടേണ്ടതില്ലെന്ന വിലയിരുത്തലിലാണ് വിദഗ്‌ധർ.
അതിനാൽ തന്നെ ഭാവിയിൽ ഐടി മേഖല തിരഞ്ഞെടുക്കുന്നവർ ഈ വിഭാഗങ്ങളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങുന്നതാവും നല്ലത്. കോഡിംഗ് ഉൾപ്പെടെയുള്ള സകല മേഖലകളും എഐ കൈകാര്യം ചെയ്‌തു തുടങ്ങിയിട്ടുണ്ട്. വമ്പൻ കമ്പനികൾ വലിയൊരു ശതമാനം ജീവനക്കാരെ പിടിച്ചു വിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കളമറിഞ്ഞ് കളിക്കുകയേ നിവൃത്തിയുള്ളൂ.












Click it and Unblock the Notifications