കൊച്ചി മെട്രോയ്ക്ക് കരുത്ത് പകരാൻ എഐ സംവിധാനം വരുന്നു; ആദ്യം 5 മേഖലകളിൽ, മോണോ റെയിലിലും!
കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച മെട്രോ സംവിധാനം പ്രവർത്തിക്കുന്ന നഗരങ്ങളിൽ ഒന്നാണ് കൊച്ചിയെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. അത്രയും കാര്യക്ഷമമായാണ് ഇവിടെ മെട്രോ സർവീസുകൾ നടത്തി കൊണ്ട് പോവുന്നത്. നിലവിൽ വലിയൊരു നവീകരണത്തിന്റെ അല്ലെങ്കിൽ കൂട്ടിച്ചേർക്കലിന്റെ പാതയിലാണ് മെട്രോ. ഇപ്പോഴിതാ പുതിയ മാറ്റത്തിന്, കാലത്തിന് അനുസരിച്ചുള്ള കുതിപ്പിന് ഒരുങ്ങുകയാണ് മെട്രോ.
കൊച്ചി മെട്രോയുടെ വരാനിരിക്കുന്ന പദ്ധതികളായ കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിലും അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിലും, ഇതിന് പുറമേ നിർദ്ദിഷ്‌ട തിരുവനന്തപുരം മോണോ റെയിൽ പദ്ധതിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ കെഎംആർഎൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ.

ടിക്കറ്റിംഗ്, ആൾക്കൂട്ട നിയന്ത്രണം, സമയക്രമം ആസൂത്രണം ചെയ്യൽ എന്നിവയുൾപ്പെടെ എഐ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുന്ന അഞ്ച് പ്രധാന മേഖലകളിലാണ് പ്രാരംഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റയാണ് അറിയിച്ചത്. ഇതോടെ ഇത്തരം മേഖലകളിൽ കൂടുതലായി എഐ സേവനം നടപ്പിലാക്കുകയും അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ട് വരികയും ചെയ്യും.
പുതിയ സാങ്കേതികവിദ്യകൾ പൊതുഗതാഗതത്തിൽ ഉൾപ്പെടുത്താനുള്ള കെഎംആർഎല്ലിന്റെ തീരുമാനം, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗതാഗത മേഖലയെ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ സംരംഭത്തിന് രാജഗിരി എഞ്ചിനീയറിംഗ് കോളേജും പിന്തുണ നൽകുമെന്നാണ് വിവരം.
കെഎംആർഎല്ലും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും ചേർന്ന് നടത്തിയ ഒരു പഠനത്തിൽ എഐ ഉപയോഗിക്കാൻ സാധ്യതയുള്ള 25 മേഖലകൾ കണ്ടെത്തുകയുണ്ടായി. ഇതിൽ ആദ്യ ഘട്ടത്തിനായി തിരഞ്ഞെടുത്ത അഞ്ച് മേഖലകൾ പ്രായോഗികവും ചെലവ് കുറഞ്ഞതുമാണ്. അതുകൊണ്ട് തന്നെ അവയിൽ നടപ്പിലാക്കി പരീക്ഷിക്കുകയാണ് ലക്ഷ്യം.
'നിലവിലുള്ള റൂട്ടുകളേക്കാൾ പുതിയ റൂട്ടുകളിൽ എഐ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത് കൂടുതൽ ലാഭകരമാണ്' ബെഹ്റ വ്യക്തമാക്കി. നിലവിലെ മെട്രോ ലൈനുകളിൽ എഐ സ്ഥാപിക്കുന്നത് കൂടുതൽ ചെലവേറിയതാകുമെന്നും, അതുകൊണ്ടാണ് പുതിയ ഘട്ടങ്ങളിലും തിരുവനന്തപുരം മെട്രോയിലും പ്രാധാന്യം നൽകുന്നതെന്നും ബെഹ്‌റ കൂട്ടിച്ചേർത്തു.
ഈ സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കൊച്ചിയെ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾക്ക് മാതൃകയാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനിടെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ (കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം മുതൽ കാക്കനാട് വരെ) നിർമ്മാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാല് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്.
കൂടാതെ ഭൂമി ഏറ്റെടുക്കാൻ സാധിച്ചാൽ മെട്രോ സ്‌മാർട്ട് സിറ്റിയിലേക്ക് വ്യാപിപ്പിക്കാൻ കഴിയും. അവിടെ ഒരു സ്‌റ്റേഷൻ സ്ഥാപിക്കാൻ തത്വത്തിൽ ധാരണയുണ്ടെങ്കിലും, ഭൂമി ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നതാണ് വെല്ലുവിളി. സ്‌മാർട്ട് സിറ്റി അധികൃതർ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് ആവശ്യം.












Click it and Unblock the Notifications