ഐഎസ്എസിൽ തകരാർ; പരിഹരിക്കാനായി 7 മണിക്കൂർ സ്‌പേസ് വാക്ക് നടത്തി ബഹിരാകാശ യാത്രികർ..!
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) പുറത്ത് നാസയുടെ രണ്ട് ബഹിരാകാശ യാത്രികർ വിജയകരമായി 7 മണിക്കൂർ 20 മിനിറ്റ് നീണ്ട സ്പേസ്‌വാക്ക് പൂർത്തിയാക്കി. ഭൂമിയെ മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഐഎസ്എസിലെ ഏറ്റവും നിർണായകമായ റോബോട്ടിക് സംവിധാനങ്ങളിലൊന്നായ കനഡാർം-2 റോബോട്ടിക് കൈയിലെ തകരാറിലായ റിസ്‌റ്റ് ജോയിന്റ് മാറ്റിസ്ഥാപിക്കാനായിരുന്നു ഈ ശ്രമകരമായ ദൗത്യം.
ചൊവ്വാഴ്‌ച ഇന്ത്യൻ സമയം വൈകിട്ട് ഏകദേശം 6.05-ന് ക്രിസ് വില്യംസും ജെസിക്ക മെയറും ക്വസ്‌റ്റ് എയർലോക്കിലൂടെ ഐഎസ്എസിൽ നിന്ന് പുറത്തിറങ്ങി. ആദ്യം ആറര മണിക്കൂർ ദൈർഘ്യമുള്ള ദൗത്യമായാണ് ഇത് നിശ്ചയിച്ചിരുന്നതെങ്കിലും, അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ 7 മണിക്കൂർ 20 മിനിറ്റ് വേണ്ടിവന്നു. ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ 1.10-നാണ് ഒടുവിൽ ഇരുവരുടെയും സ്പേസ്‌വാക്ക് അവസാനിച്ചത്.

Image Courtesy: Screengrab From NASA X Page
അറ്റകുറ്റപ്പണി പൂർത്തിയായതിന് പിന്നാലെ ടെക്‌സാസിലെ ഹൂസ്‌റ്റണിലുള്ള നാസയുടെ മിഷൻ കൺട്രോൾ കനഡാർം-2 വീണ്ടും പ്രവർത്തനക്ഷമമാക്കി. വൈദ്യുതി വിതരണവും ഡാറ്റാ കണക്റ്റിവിറ്റിയും വിജയകരമായി പരിശോധിച്ച ശേഷം, അടുത്ത ദിവസങ്ങളിൽ റോബോട്ടിക് കൈയുടെ പ്രവർത്തനം പൂർണമായി വിലയിരുത്തുന്നതിനായി വിവിധ പരിശോധനകൾ തുടരുമെന്ന് നാസ അറിയിച്ചു.
ഐഎസ്എസിന്റെ നിർമ്മാണം, പരിപാലനം, നവീകരണം എന്നിവയ്ക്കായി നടത്തപ്പെട്ട 280-ാമത് സ്പേസ്‌വാക്ക് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. കനേഡിയൻ സ്‌പേസ് ഏജൻസി വികസിപ്പിച്ച 17.6 മീറ്റർ നീളമുള്ള കനഡാർം-2, ചരക്ക് പേടകങ്ങളെ പിടിച്ചുനിർത്തുക, സ്പേസ്‌വാക്കിനിടെ ബഹിരാകാശ യാത്രികരെ നീക്കുക, വലിയ മോഡ്യൂളുകൾ മാറ്റിസ്ഥാപിക്കുക, ബാഹ്യ അറ്റകുറ്റപ്പണികൾക്ക് സഹായം നൽകുക തുടങ്ങിയ നിർണായക ജോലികൾ നിർവഹിക്കുന്ന സംവിധാനമാണ്.
മെയ് 27-ന് പതിവ് പ്രവർത്തനത്തിനിടെ റോബോട്ടിക് കൈയിലെ ഒരു റിസ്‌റ്റ് ജോയിന്റിൽ അസാധാരണമായ വൈദ്യുതി ഉപയോഗം കണ്ടെത്തുകയും അത് പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കാതിരിക്കുകയും ചെയ്‌തതോടെയാണ് അറ്റകുറ്റപ്പണി അനിവാര്യമായത്. നാസയും കനേഡിയൻ സ്‌പേസ് ഏജൻസിയും ചേർന്ന് നടത്തിയ പരിശോധനകൾക്ക് പിന്നാലെ, ഐഎസ്എസിൽ തന്നെ സൂക്ഷിച്ചിരുന്ന സ്പെയർ ഭാഗം ഉപയോഗിച്ച് സ്പേസ്‌വാക്കിനിടെ അത് മാറ്റിസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
25 വർഷത്തിലേറെയായി തുടർച്ചയായി പ്രവർത്തിക്കുന്ന കനഡാർം-2 പോലുള്ള സംവിധാനങ്ങൾക്ക് ഇത്തരത്തിലുള്ള അറ്റകുറ്റപ്പണികൾ സ്വാഭാവികമാണെന്നും, ഭൂമിയിലേക്ക് തിരിച്ചെത്തിക്കാതെ തന്നെ ബഹിരാകാശത്ത് വെച്ച് ഭാഗങ്ങൾ മാറ്റാൻ കഴിയുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും നാസ വ്യക്തമാക്കി.
ഈ ദൗത്യത്തിൽ ചുവന്ന തിരിച്ചറിയൽ വരകളുള്ള സ്പേസ് സ്യൂട്ട് ധരിച്ച ക്രിസ് വില്യംസ് സ്പേസ്‌വാക്ക് ക്രൂ അംഗം-1 ആയും, അടയാളങ്ങളില്ലാത്ത സ്യൂട്ട് ധരിച്ച ജെസിക്ക മെയർ ക്രൂ അംഗം-2 ആയും പങ്കെടുത്തു. വില്യംസിന്റെ കരിയറിലെ രണ്ടാമത്തെയും ജെസിക്ക മെയറുടെ അഞ്ചാമത്തെയും സ്പേസ്‌വാക്കായിരുന്നു ഇത്. ഇരുവരുടെയും സ്‌പേസ് വാക്കിന്റെ വീഡിയോയും അറ്റകുറ്റ പണികൾ നടത്തുന്നതും മറ്റും മറ്റും നാസ തന്നെ എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്.












Click it and Unblock the Notifications