എഐ ഗവേഷകന് ശമ്പളമായി 2196 കോടി രൂപ വാഗ്‌ദാനം ചെയ്‌ത് സക്കർബർഗ്! വെറുതെയല്ല, കാരണം ഇതാണ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയെ വീണ്ടും ചർച്ചകളിൽ ശ്രദ്ധ ക്ഷണിക്കുന്ന മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ പുതിയ നീക്കം ശ്രദ്ധേയമാകുന്നു. എഐ ഗവേഷകനായ മാറ്റ് ഡീറ്റ്കെയെ മെറ്റയുടെ സൂപ്പർ ഇന്റലിജൻസ് ലാബിലേക്ക് നിയമിക്കാൻ 2,196 കോടിയുടെ ഭീമൻ ശമ്പള പാക്കേജാണ് സക്കർബർഗ് വാഗ്‌ദാനം ചെയ്‌തത്. എഐയുടെ അനന്ത സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ആദ്യ ഘട്ടത്തിൽ 125 ദശലക്ഷം (ഏകദേശം 1098 കോടി) മെറ്റാ ഡീറ്റ്കെയ്ക്ക് വാഗ്‌ദാനം ചെയ്‌തിരുന്നു എന്നാണ് വിവരം. എന്നാൽ ഈ ഓഫർ ഡീറ്റ്കെ നിരസിച്ചതിനെ തുടർന്ന് സക്കർബർഗ് നേരിട്ട് ഇടപെടുകയും ശമ്പളം ഇരട്ടിയാക്കി 265 ദശലക്ഷം (ഏകദേശം ₹2,196 കോടി) ആയി ഉയർത്തുകയുംചെയ്‌തുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നിയമനം എഐ രംഗത്തെ ഏറ്റവും സുപ്രധാന നീക്കങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്.

അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, എഐ മേഖലയിലെ തീവ്രമായ മത്സരമാണ് ഇത്രയും വലിയ പാക്കേജുകൾക്ക് കാരണമായി വിലയിരുത്തുന്നത്. സിലിക്കൺ വാലിയിൽ മികച്ച എഐ പ്രതിഭകളെ സ്വന്തമാക്കാൻ ടെക് ഭീമന്മാർ പരസ്‌പരം മത്സരിക്കുകയാണ്. ദി ന്യൂയോർക്ക് ടൈംസ് ഈ നീക്കത്തെക്കുറിച്ച് ഒരു പ്രത്യേക ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വേഗത്തിൽ വളരുന്ന എഐ സ്‌റ്റാർട്ടപ്പായ 'വെർസെപ്റ്റി'ൽ സക്കർബർഗിന് താൽപ്പര്യമുണ്ടെന്നും, അതിന്റെ ഭാഗമായാണ് ഡീറ്റ്കെയെ നിയമിക്കാൻ അദ്ദേഹം തീരുമാനിച്ചതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു. ഡീറ്റ്കെ ഈ ഓഫർ സ്വീകരിച്ചതായും ഉടൻ തന്നെ മെറ്റായുടെ സൂപ്പർ ഇന്റലിജൻസ് ടീമിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എഐയിൽ പിഎച്ച്ഡി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സിയാറ്റിലിലെ അലെൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ എഐൽ ഗവേഷകനായി മാറ്റ് ഡീറ്റ്കെ പ്രവർത്തിച്ചിട്ടുണ്ട്. അവിടെ മോൽമോ ഡെവലപ്‌മെന്റ് ടീം ലീഡറായിരുന്നു അദ്ദേഹം. ടെക്സ്റ്റ്, ഫോട്ടോ, ഓഡിയോ എന്നിവ പ്രോസസ് ചെയ്യാൻ കഴിയുന്ന അത്യാധുനിക മൾട്ടിമോഡൽ ചാറ്റ്ബോട്ടാണ് മോൽമോ.
മോൽമോയിലെ ഡീറ്റ്കെയുടെ സംഭാവനകൾക്ക് 2022-ലെ NeurIPS ഉച്ചകോടിയിൽ 'ഔട്ട്സ്റ്റാൻഡിംഗ് പേപ്പർ അവാർഡ്' എന്ന പുരസ്‌കാരവും യുവ പ്രതിഭയ്ക്ക് ലഭിച്ചിരുന്നു. 2023 അവസാനത്തോടെ മെറ്റാ ഡീറ്റ്കെയെ നിയമിക്കാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ യാഥാർഥ്യമായത് ഇപ്പോഴാണ്. സക്കർബർഗിന്റെ വ്യക്തിപരമായ ഇടപെടലും മെച്ചപ്പെടുത്തിയ പാക്കേജും ഈ നീക്കത്തിന് സഹായകമായി.
മെറ്റായുടെ സൂപ്പർ ഇന്റലിജൻസ് ലാബ് ഇതിനകം ഒരു ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിക്കഴിഞ്ഞു. ഓപ്പൺഎഐ, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ എതിരാളികളിൽ നിന്ന് മികച്ച ഗവേഷകരെ ഇവർ നിയമിക്കുന്നുണ്ട്. ഡീറ്റ്കെയെ കൂടാതെ, ആപ്പിളിന്റെ എഐ മോഡൽസ് ടീം മുൻ മേധാവി റൂമിംഗ് പാങും ഈ ലാബിൽ ചേർന്നിട്ടുണ്ട്. അദ്ദേഹത്തിന് 200 ദശലക്ഷത്തിലധികം ഡോളറിന്റെ പാക്കേജ് വാഗ്‌ദാനം ചെയ്‌തിരുന്നു.












Click it and Unblock the Notifications