ഈ വർഷം എഐ മൂലം ജോലി നഷ്‌ടമായത് 11 ലക്ഷം പേർക്ക്; അതും യുഎസിൽ മാത്രം..! ഇനിയും തുടരും?
ന്യൂയോർക്ക്: ഇത് ശരിക്കും പറഞ്ഞാൽ എഐയുടെ കാലമാണ്. അങ്ങനെ നാം പറയുമ്പോൾ അതിൽ വളരെയധികം സത്യമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ കാലത്ത് വിപണിയുടെ മുന്നോട്ടുള്ള പോക്ക്. ആഗോള തലത്തിൽ വമ്പൻ കമ്പനികൾ മുതൽ ചെറിയ കമ്പനികൾ വരെ എഐ മേഖലയിൽ ധാരാളമായി നിക്ഷേപം നടത്തുകയും പുതിയ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഒക്കെ കൊണ്ട് വരുന്നുണ്ട് എന്നതാണ് പ്രധാന കാര്യം.
ഇത്രയൊക്കെ ആണെങ്കിലും ഈ വർഷം ആഗോള തൊഴിൽ വിപണിയുടെ പ്രധാന സവിശേഷത കൂട്ടപ്പിരിച്ചുവിടലുകളായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം പ്രമുഖ കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട വർഷമാണിത്. എഐയുടെ വളർച്ചയുടെ പരിണിത ഫലമെന്നോണം ജോലി നഷ്‌ടമായവർ ചില്ലറയൊന്നുമല്ല.

കൺസൾട്ടിംഗ് സ്ഥാപനമായ ചലഞ്ചർ പങ്കുവച്ച കണക്കുകൾ പ്രകാരം, യുഎസിൽ ഏകദേശം 55,000 തൊഴിൽ നഷ്‌ടങ്ങൾക്ക് എഐ ആണ് കാരണം ഉണ്ടായി എന്നാണ്. നവംബറിൽ മാത്രം 6,000-ത്തിലധികം പേർക്ക് എഐ മൂലമാണ് ജോലി നഷ്‌ടപ്പെട്ടതെന്നും അവർ പറയുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തൊഴിൽ നഷ്‍ടം കൂടി കണക്കിലെടുത്താൽ ഇതിലും എത്രയോ മടങ്ങ് വരും.
2025ൽ ആകെ 1.17 ദശലക്ഷം തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ രേഖപ്പെടുത്തി. 2020-ലെ കോവിഡ്-19 മഹാമാരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. അന്ന് 2.2 ദശലക്ഷം പിരിച്ചുവിടലുകൾ ഉണ്ടായിരുന്നു. അത് പക്ഷേ വിപണിയുടെ നിലനിൽപ്പിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉണ്ടായത്.
ഒക്ടോബറിൽ യുഎസ് കമ്പനികൾ 1,53,000 തൊഴിൽ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു. നവംബറിൽ 71,000-ത്തിലധികം തൊഴിലുകൾ ഇല്ലാതായതായും കണക്കുകൾ വ്യക്തമാക്കുന്നു. പണപ്പെരുപ്പം, ഉയർന്ന ഇറക്കുമതി തീരുവകൾ, ചെലവ് ചുരുക്കൽ എന്നിവ ലക്ഷ്യമിടുന്ന കമ്പനികൾക്ക് എഐ ഒരു ആകർഷകമായ ഹ്രസ്വകാല പരിഹാരമായി മാറുന്നു.
പിരിച്ചുവിടലും കമ്പനികളും
ഒക്ടോബറിൽ, ആമസോൺ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചു. എഐ ഉൾപ്പെടെയുള്ള പ്രധാന നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 14,000 കോർപ്പറേറ്റ് തസ്‌തികകൾ കമ്പനി വെട്ടിക്കുറച്ചു. ഈ വർഷം മൈക്രോസോഫ്റ്റ് ഏകദേശം 15,000 തൊഴിലുകൾ വെട്ടിച്ചുരുക്കി. ജൂലൈയിലെ പ്രഖ്യാപനത്തിൽ 9,000-ത്തോളം തസ്‌തികകൾ നിർത്തലാക്കുമെന്നും അറിയിച്ചിരുന്നു.
ആഗോള ടെക് ഭീമനായ ഐബിഎം സിഇഒ അരവിന്ദ് കൃഷ്‌ണ മെയ് മാസത്തിൽ 'വോൾ സ്ട്രീറ്റ് ജേർണലി'നോട് പറഞ്ഞത്, AI ചാറ്റ്ബോട്ടുകൾ നൂറുകണക്കിന് ഹ്യൂമൻ റിസോഴ്‌സ് ജീവനക്കാരുടെ ജോലികൾ ഏറ്റെടുത്തു എന്നാണ്. സൈബർ സുരക്ഷാ സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ ക്രൗഡ്‌സ്‌ട്രൈക്ക് മെയ് മാസത്തിൽ തങ്ങളുടെ 5 ശതമാനം ജീവനക്കാരെ (500 പേരെ) പിരിച്ചുവിടുകയാണെന്ന് അറിയിച്ചു. ഈ പിരിച്ചുവിടലിന് കാരണം എഐ ആണെന്നും അവർ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications