എഐ ഒരിക്കലും ജോലികൾ ഇല്ലാതാക്കില്ലെന്ന് മുകേഷ് അംബാനി; 10 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപനം
ന്യൂഡൽഹി: മൊബൈൽ ഡാറ്റയുടെ നിരക്ക് കുറച്ചതുപോലെ എഐ ചെലവും കുറയ്ക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഈ വർഷം മുതൽ അടുത്ത ഏഴ് വർഷത്തിനുള്ളിൽ എഐ മേഖലയിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് റിലയൻസ് ഗ്രൂപ്പിന്റെ സംരംഭമായ ജിയോയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും പദ്ധതിയിടുന്നതെന്നും ന്യൂഡൽഹിയിൽ നടക്കുന്ന എഐ ഇമ്പാക്റ്റ് സമ്മിറ്റിൽ അദ്ദേഹം അറിയിച്ചു.
എഐയുടെ മികച്ച സാധ്യതകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും അത് തൊഴിലവസരങ്ങളെ ഇല്ലാതാക്കില്ലെന്നും മുകേഷ് അംബാനി വ്യക്തമാക്കി. എഐ ചിലരുടെ കൈകളിൽ മാത്രം അധികാരം കേന്ദ്രീകരിക്കുമോ അതോ എല്ലാവർക്കും അവസരങ്ങൾ ലഭ്യമാക്കുമോ എന്ന് ലോകം ചർച്ച ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐയുടെ മികച്ച ഗുണങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എഐക്ക് അതിസമൃദ്ധിയുടെ യുഗം കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽ നഷ്‌ടമുണ്ടാക്കുന്നതിന് പകരം പുതിയതും പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ളതുമായ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ച് എഐ തൊഴിൽ മേഖലയെ തന്നെ മാറ്റിമറിക്കുമെന്ന് ഇന്ത്യ എഐ ഇമ്പാക്റ്റ് സമ്മിറ്റിൽ വെച്ച് അംബാനി കൂട്ടിച്ചേർത്തു. 'എഐ തൊഴിലുകളെ ഇല്ലാതാക്കില്ലെന്ന് ഞങ്ങൾ തെളിയിക്കും. അതിലുപരിയായി, ഉയർന്ന വൈദഗ്ധ്യമുള്ള പുതിയ തൊഴിലവസരങ്ങൾ അത് സൃഷ്‌ടിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
എഐ സാമ്പത്തിക സാധ്യതകളെ കുറയ്ക്കുന്നതിന് പകരം വികസിപ്പിക്കുമെന്ന ശുഭാപ്‌തിവിശ്വാസം അദ്ദേഹം പങ്കുവെച്ചു. വലിയ തോതിലുള്ള തൊഴിൽ നഷ്‌ടങ്ങളെക്കുറിച്ചുള്ള ഭയങ്ങൾ അടിസ്ഥാനരഹിതമാണെന്നും, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ സാധാരണയായി വൈദഗ്ധ്യമുള്ള ജോലികൾക്ക് പുതിയ വഴികൾ തുറക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നത്തെ കാലത്ത് എന്നല്ല ഏത് കാലത്തും സാങ്കേതിക മുന്നേറ്റങ്ങൾ പലപ്പോഴും തൊഴിൽ നഷ്‌ടങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് തിരികൊളുത്താറുണ്ടെങ്കിലും, എഐക്ക് പുതിയ തൊഴിൽ വിഭാഗങ്ങളെ സൃഷ്‌ടിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും വ്യവസായങ്ങളിലുടനീളം കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് അംബാനി നിരീക്ഷിച്ചു..
ഇന്ത്യൻ ബിസിനസുകൾ, സ്‌റ്റാർട്ടപ്പുകൾ, ഐഐടികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് എഐയുടെ സംയോജനം വേഗത്തിലാക്കാൻ റിലയൻസും ജിയോയും വിപുലമായി സഹകരിക്കുമെന്ന് അദ്ദേഹം ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. വിശാലമായ സ്കെയിലിൽ വികസിപ്പിക്കാനും, വിശ്വാസ്യതയോടു കൂടിയുള്ളതും, ചെലവ് കുറഞ്ഞതുമായ എഐ സൊല്യൂഷനുകൾ നൽകുന്നതിലാണ് കമ്പനിയുടെ ശ്രമമെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം, 2026 ഫെബ്രുവരി 16 മുതൽ 21 വരെ ന്യൂഡൽഹിയിൽ നടക്കുന്ന സുപ്രധാന ആഗോള പരിപാടിയാണ് ഇന്ത്യ എഐ ഇമ്പാക്റ്റ് സമ്മിറ്റ് 2026. ഭാരത് മണ്ഡപത്തിൽ ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികളും എഐ വിദഗ്‌ധരും ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications