'ഇന്ത്യ എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന രാജ്യമായി മാറണം, ലോകത്തിന് മാതൃകയാവണം'; മുകേഷ് അംബാനി
ന്യൂഡൽഹി: ഇന്ത്യ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാത്രം തുടരരുതെന്നും, ലോകത്തിന് മാതൃകയാകുന്ന എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന രാജ്യമായി മാറണമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ 49-ാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
റിലയൻസിന്റെ എഐ സംരംഭമായ റിലയൻസ് ഇന്റലിജൻസ് ഇനി നിർവഹണ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, രാജ്യത്തെ യുവ എൻജിനീയർമാർ ഈ ദൗത്യത്തിന്റെ ഭാഗമാകണമെന്നും അംബാനി ആഹ്വാനം ചെയ്‌തു. ഇന്ത്യ മറ്റാരെങ്കിലും വികസിപ്പിച്ച എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യം മാത്രമായി തുടരരുത്. എഐ സൃഷ്‌ടിക്കുന്നതിലും ഉപയോഗിക്കുന്നതിലും ആഗോള നേതൃത്വം വഹിക്കുന്ന രാജ്യമായി ഇന്ത്യ മാറണമെന്നും അംബാനി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷമാണ് ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും ആവശ്യമായ എഐ അടിസ്ഥാനസൗകര്യങ്ങൾ, പ്ലാറ്റ്‌ഫോമുകൾ, സേവനങ്ങൾ എന്നിവ വികസിപ്പിക്കുന്ന ലക്ഷ്യത്തോടെ റിലയൻസ് ഇന്റലിജൻസ് പദ്ധതി പ്രഖ്യാപിച്ചത്. വ്യക്തമായ ലക്ഷ്യങ്ങൾ നിശ്ചയിച്ച ശേഷം ഗൂഗിൾ, മെറ്റ, എൻവിഡിയ തുടങ്ങിയ വൻകിട ആഗോള കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
ഒരു പതിറ്റാണ്ട് മുമ്പ് രാജ്യത്തെ എല്ലാവരിലേക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കുമെന്ന വാഗ്‌ദാനം ജിയോ പാലിച്ചതുപോലെ, ഇനി എല്ലാവരിലേക്കും എഐ എത്തിക്കുമെന്ന വാഗ്‌ദാനവും യാഥാർഥ്യമാക്കുമെന്നും അംബാനി പറഞ്ഞു. ജിയോയുടെ വിജയത്തിന് പിന്നിൽ ആയിരക്കണക്കിന് ഇന്ത്യൻ യുവ എൻജിനീയർമാരുടെ ധൈര്യവും കഴിവും പ്രതിബദ്ധതയുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ വിദേശ സാങ്കേതികവിദ്യ മാത്രം ആശ്രയിക്കേണ്ട രാജ്യമാണെന്ന ധാരണ അവർ തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ജിയോ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കമ്പനി മാത്രമല്ല, സ്വന്തമായി പുതിയ സാങ്കേതികവിദ്യ സൃഷ്‌ടിക്കുന്ന സ്ഥാപനമായും മാറിയിട്ടുണ്ടെന്ന് മുകേഷ് അംബാനി യോഗത്തിൽ പറഞ്ഞു.
റിലയൻസ് ഇന്റലിജൻസ് പദ്ധതിയിലൂടെ യുവ എൻജിനീയർമാർക്ക് ഇതിലും വലിയ അവസരമാണ് ലഭിക്കുന്നതെന്നും അംബാനി പറഞ്ഞു. രാജ്യവ്യാപകമായി സ്വാധീനം ചെലുത്തുന്ന പദ്ധതികളിൽ പ്രവർത്തിക്കാനും 150 കോടി ഇന്ത്യക്കാർക്കായി സാങ്കേതികവിദ്യ വികസിപ്പിക്കാനും ലോകം സ്വീകരിക്കുന്ന ഇന്ത്യയിൽ ജനിച്ച നവീകരണങ്ങൾ സൃഷ്‌ടിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുകയെന്നും അംബാനി കൂട്ടിച്ചേർത്തു.
ഞങ്ങളോടൊപ്പം ചേരൂ... ഇന്ത്യയ്ക്കായി സാങ്കേതികവിദ്യ സൃഷ്‌ടിക്കൂ. മനുഷ്യരാശിക്ക് ഉപകാരപ്പെടുന്ന കൃത്രിമ ബുദ്ധി വികസിപ്പിക്കൂ. ശക്തവും വിശ്വസനീയവും എല്ലാവർക്കും താങ്ങാനാകുന്ന ചെലവിലുള്ളതുമായ എഐ നിർമ്മിക്കൂ. എല്ലാ ഇന്ത്യൻ ഭാഷകളിലും പ്രവർത്തിക്കാൻ കഴിയുന്ന എഐ സൃഷ്‌ടിക്കൂ; എന്നായിരുന്നു മുകേഷ് അംബാനി മുന്നോട്ട് വച്ച പ്രധാന ആവശ്യം.














Click it and Unblock the Notifications