ഡോക്‌ടർമാരേക്കാൾ നന്നായി ഗ്രോക്ക് എഐ രോഗനിർണ്ണയം നടത്തുമെന്ന് മസ്‌ക്; പിന്നാലെ ചൂടുപിടിച്ച ചർച്ചകൾ
ന്യൂയോർക്ക്: ഗ്രോക്ക് എഐയുടെ വൈദ്യസഹായ ശേഷികളെക്കുറിച്ച് ഉടമയായ ഇലോൺ മസ്‌ക് പറയുന്ന പഴയൊരു വീഡിയോ ഓൺലൈനിൽ വീണ്ടും ചർച്ചയാവുകയാണ്. 2025 ജൂണിൽ പങ്കുവെച്ച ഈ വീഡിയോയിൽ സ്പേസ് എക്‌സ്, ടെസ്ല സ്ഥാപകൻ പറയുന്നത് ഗ്രോക്ക് വൈദ്യസഹായത്തിൽ ഉൾപ്പെടെ ഏറെ നിർണായകമായി മാറുമെന്നാണ്:
'എഐ വൈദ്യശാസ്ത്രത്തിൽ വളരെ സഹായകമാകും. എക്‌സ്-റേയോ എംആർഐ ചിത്രങ്ങളോ ഗ്രോക്കിലേക്ക് അപ്‌ലോഡ് ചെയ്‌താൽ രോഗനിർണയം നടത്താൻ സാധിക്കും. ഡോക്‌ടർമാർ പറയുന്നതിനേക്കാൾ മികച്ച ഫലങ്ങൾ നൽകിയിട്ടുള്ള കേസുകൾ ഞാൻ കണ്ടിട്ടുണ്ട്' എന്നായിരുന്നു ഇലോൺ മസ്‌ക് പറഞ്ഞത്.

ഗുരുതരമായ തെറ്റിദ്ധാരണയ്ക്ക് ശേഷം ഗ്രോക്ക് എഐ തന്റെ ജീവൻ രക്ഷിച്ചുവെന്ന റെഡ്ഡിറ്റ് പോസ്‌റ്റ് കഴിഞ്ഞ ദിവസം റീട്വീറ്റ് ചെയ്‌തതോടെയാണ് ഈ ക്ലിപ്പ് ശ്രദ്ധ നേടിയത്. 'യു/ടൈക്ക്ജെൻ' എന്ന പേരിലുള്ള 49 വയസുകാരൻ, 2025 അവസാനത്തോടെയാണ് ഈ അവകാശവാദം ഉന്നയിച്ചത്. തുടർന്ന് മസ്‌കിന്റെ വീഡിയോ വീണ്ടും ജനശ്രദ്ധ നേടി.
24 മണിക്കൂറിലധികം കഠിനമായ വയറുവേദനയനുഭവപ്പെട്ട ഇദ്ദേഹം, പ്രാഥമിക ആശുപത്രി സന്ദർശനത്തിൽ ആസിഡ് റിഫ്ലക്‌സ് ആണെന്ന് കണ്ടെത്തി മരുന്നുവാങ്ങി. എന്നാൽ വേദന തുടർന്നപ്പോൾ ഗ്രോക്കിനെ സമീപിച്ചു. ഗ്രോക്ക് പെർഫൊറേറ്റഡ് അൾസറോ അപ്പൻഡിസൈറ്റിസോ ആകാൻ സാധ്യതയെന്ന് നിർദ്ദേശിച്ച് ഉടൻ സിടി സ്‌കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ തിരിച്ചെത്തിയപ്പോൾ, ഗുരുതരമായി വീർത്ത, ഏതാണ്ട് പൊട്ടാറായ അപ്പൻഡിക്‌സ് സ്ഥിരീകരിച്ചു. പിന്നാലെ അടിയന്തര ശസ്ത്രക്രിയയിലൂടെ അദ്ദേഹം പൂർണ്ണമായി സുഖം പ്രാപിച്ചു.
തുടർന്നാണ് ഗ്രോക്ക് എഐയുടെ രോഗനിർണയ ശേഷികളെക്കുറിച്ചുള്ള ഇലോൺ മസ്‌കിന്റെ അഭിപ്രായങ്ങൾ ഓൺലൈനിൽ വ്യാപക ചർച്ചകൾക്ക് വഴിതുറന്നത്. ആരോഗ്യമേഖലയിലെ നിർമ്മിത ബുദ്ധിയുടെ പങ്ക് സംബന്ധിച്ച് ഉപയോക്താക്കൾക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ടായി. ചിലർ ഗ്രോക്കിന്റെ വേഗതയും ചിത്രങ്ങൾ വായിക്കുന്നതിലെ കൃത്യതയും പ്രശംസിച്ചപ്പോൾ, മറ്റുചിലർ സംശയം പ്രകടിപ്പിച്ചു.
മസ്‌കിന്റെ ശക്തമായ പിന്തുണ, മെഡിക്കൽ രംഗത്തെ എഐ സാന്നിധ്യത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു എന്നതാണ് വാസ്‌തവം. അടുത്തകാലത്തായി മെഡിക്കൽ രംഗത്തേക്ക് എഐയുടെ കടന്നുവരവ് കൂടുതൽ ശക്തി പ്രാപിക്കുന്നതിന് ഇടയിലാണ് ഈ സംഭവവികാസം. ഇതോടെ ഗ്രോക്ക് മാത്രമല്ല മറ്റ് എഐ വിഭാഗങ്ങളും ചർച്ചയ്ക്ക് ഇടയിൽ വരുന്നുണ്ട്.
എങ്കിലും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ സമ്മിശ്രമായിരുന്നു. ചിലരാവട്ടെ മസ്‌കിനെ പരിഹസിക്കാനും മറന്നില്ല. എന്റെ ബ്രൗസർ ഹിസ്റ്ററി അപ്‌ലോഡ് ചെയ്‌താൽ മാനസിക രോഗനിർണയം നടത്തുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഗ്രോക്ക് തന്റെ എംആർഐ തെറ്റായി നിർണയിച്ചുവെന്നാണ് മറ്റൊരാൾ കുറിച്ചത്. ചിലരാവട്ടെ മസ്‌കിന്റെ വാക്കുകൾ അനുകൂലിക്കുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications