11,12 ക്ലാസുകളിലെ എഐ പാഠ്യപദ്ധതി പരിഷ്‌കരിക്കൽ; പുതിയ സമിതിയെ നിയോഗിച്ച് എൻസിആർഇടി
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് എൻജിനീയർമാരുടെയും ഗവേഷകരുടെയും കുത്തകയല്ല, ഒപ്പം ഇന്ത്യൻ ക്ലാസ് മുറികളുടെയും ഭാഗമായി മാറിയിരിക്കുന്നു. മിഡിൽ സ്‌കൂളുകളിലെ ആനിമേറ്റഡ് പ്രോജക്റ്റുകൾ മുതൽ സീനിയർ സെക്കൻഡറി തലത്തിലെ ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതികൾ വരെ, അൽഗോരിതം അധിഷ്ഠിത ലോകത്ത് വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവ് നൽകാൻ വിദ്യാഭ്യാസ സമ്പ്രദായം സ്വയം നവീകരിക്കുകയാണ്.
പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി എഐ പാഠ്യപദ്ധതികളും പാഠപുസ്‌തകങ്ങളും രൂപീകരിക്കാൻ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഒരു സംഘത്തെ നിയോഗിച്ചു. പാർലമെന്റിൽ വിദ്യാഭ്യാസ മന്ത്രാലയം ഈ നീക്കം സ്ഥിരീകരിച്ചു രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്. എഎൻഐ റിപ്പോർട്ട് ചെയ്‌തതനുസരിച്ച്,എഐ വിദ്യാഭ്യാസം ഇപ്പോൾ ഐച്ഛിക വിഷമല്ലാത്ത ഒരു ചിട്ടയായ അക്കാദമിക് വിഷയമായി മാറിയിരിക്കുന്നു.

'പുതിയ വിദ്യാഭ്യാസ നയം 2020 (എൻഇപി 2020), സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 (NCF-SE 2023) എന്നിവയുടെ തുടർച്ചയായി, പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠ്യപദ്ധതികളും പാഠപുസ്‌തകങ്ങളും വികസിപ്പിക്കുന്നതിനായി എൻസിഇആർടി ഒരു പുസ്‌തക വികസന ടീമിന് രൂപം നൽകിയിട്ടുണ്ട്' എൻഎൻഐ വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
'ആറാം ക്ലാസിലെ വൊക്കേഷണൽ വിദ്യാഭ്യാസ പാഠപുസ്‌തകത്തിൽ ആനിമേഷനും ഗെയിംസിനുമുള്ള ഒരു പ്രോജക്‌ടും എൻസിഇആർടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രോജക്റ്റിൽ എഐ ടൂളുകളുടെ ഉപയോഗവും ഉൾപ്പെടുന്നു' എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അതായത് ഇനിയങ്ങോട്ട് വിദ്യാഭ്യാസ സമ്പ്രദായത്തിൽ എഐക്ക് മുഖ്യ സ്ഥാനമുണ്ടാവും എന്ന് തന്നെയാണ് ഇതൊക്കെയും സ്ഥിരീകരിക്കുന്നത്.
എഐ നേരത്തെ അവതരിപ്പിക്കുന്നതിന്റെ കാരണവും സർക്കാർ വ്യക്തമാക്കുന്നു. 2026-27 അധ്യയന വർഷം മുതൽ മൂന്നാം ക്ലാസ് മുതലുള്ള എല്ലാ സ്‌കൂളുകളിലും എഐ പഠനം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പ്യൂട്ടേഷണൽ ചിന്ത ഒരു പ്രത്യേക കഴിവായിട്ടല്ല, മറിച്ച് അടിസ്ഥാന സാക്ഷരതയായിട്ടാണ് ഇതിനെ സർക്കാർ കാണുന്നത്. അതുകൊണ്ട് തന്നെ എഐ പാഠ്യവിഷയമായി ഇനിയും ഉയർന്നുവരുമെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
നിലവിൽ ലോകത്ത് എല്ലായിടത്തും സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം എഐ പരിശീലനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തുന്നതിനും ഈ ദശകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അടുത്തകാലത്തായി ഉണ്ടായി വന്ന എഐ വിപ്ലവത്തോട് ചേർത്ത് വായിക്കേണ്ടത് തന്നെയാണ് ഈ മാറ്റവും. ഇത് ഇന്ത്യയിലും പ്രതിഫലിക്കുന്നു എന്നാണ് ഏറ്റവും പുതിയ സർക്കാർ നീക്കത്തിൽ നിന്നും വ്യക്തമാവുന്നത്.












Click it and Unblock the Notifications