ആമസോണിന് മുന്നറിയിപ്പുമായി ആയിരത്തോളം ജീവനക്കാർ; എഐയിൽ തൊട്ട് അധികം കളിക്കേണ്ട..!
ന്യൂയോർക്ക്: ആമസോൺ നേതൃത്വത്തിനെതിരെ, അതും ആൻഡി ജാസി ഉൾപ്പെടെയുള്ള ഉന്നത നേതൃത്വത്തിന് തന്നെ ഒരു പൊതു മുന്നറിയിപ്പ് നൽകി ആയിരത്തിലധികം ജീവനക്കാർ. നിർമ്മിത ബുദ്ധിയുടെ അതിവേഗവും എല്ലാ നഷ്‌ടങ്ങളും ന്യായീകരിച്ച് കൊണ്ടുള്ള മുന്നോട്ടുള്ള പോക്കും ജനാധിപത്യത്തിനും, തൊഴിലുകൾക്കും, ഭൂമിക്ക് പോലും വലിയ ദോഷങ്ങൾ വരുത്തുമെന്നാണ് അവരുടെ വാദം.
എഐ യുടെ ഉത്തരവാദിത്തമുള്ള വിന്യാസം ആവശ്യപ്പെട്ട് 1000+ ആമസോൺ ജീവനക്കാരും പുറത്തു നിന്നുള്ള 2000+ ആളുകളും ഐക്യദാർഢ്യ ഒപ്പിട്ടിട്ടുണ്ട് എന്ന തലക്കെട്ടിലുള്ള ഈ തുറന്ന കത്ത് സംഘടിപ്പിച്ചത് ആമസോൺ എംപ്ലോയീസ് ഫോർ ക്ലൈമറ്റ് ജസ്‌റ്റിസ് എന്ന ആക്റ്റിവിസ്‌റ്റ് ഗ്രൂപ്പാണ്. തുറന്ന കത്തിൽ ഇതുവരെ 1,039-ലധികം ആമസോൺ ജീവനക്കാരും ആമസോണിന് പുറത്തുനിന്നുള്ള 2,436-ൽ അധികം ആളുകളും ഒപ്പിട്ടു.

മുതിർന്ന എഞ്ചിനീയർമാർ, മാനേജർമാർ, ശാസ്ത്രജ്ഞർ, ഡിസൈനർമാർ, ലോജിസ്‌റ്റിക്‌സ് തൊഴിലാളികൾ, മാർക്കറ്റിംഗ് പ്രൊഫഷണലുകൾ എന്നിവർ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. അവർ വാർപ്പ്-സ്‌പീഡ് എന്ന് വിശേഷിപ്പിക്കുന്ന എഐ സാങ്കേതികവിദ്യകളുടെ അതിവേഗത്തിലുള്ള വിന്യാസം ധാർമ്മികത, സുസ്ഥിരത, മനുഷ്യക്ഷേമം എന്നിവയെക്കാൾ ലാഭത്തിനും ഓട്ടോമേഷനും മുൻഗണന നൽകുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കത്തിൽ, കമ്പനിയുടെ നിലവിലെ സമീപനം ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും, കാലാവസ്ഥാ തകർച്ചക്ക് വേഗത കൂട്ടുകയും, അമിതമായ ഓട്ടോമേഷൻ വഴി തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുമെന്ന് ജീവനക്കാർ വാദിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു നീക്കം ആമസോൺ ജീവനക്കാരിൽ നിന്നുണ്ടാവുന്നത്.
ആഗോളതലത്തിൽ സ്വേച്ഛാധിപത്യം വർധിക്കുകയും, കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഏറ്റവും പ്രധാനപ്പെട്ട വർഷങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന ഈ സമയത്ത് ഈ അതിക്രമകരമായ വിന്യാസത്തെക്കുറിച്ച് ഞങ്ങൾക്ക് ഗുരുതരമായ ആശങ്കകളുണ്ടെന്നാണ് ജീവനക്കാർ പങ്കുവച്ച കത്തിലൂടെ വ്യക്തമാക്കുന്നത്.
മാനേജർമാരല്ലാത്ത ജീവനക്കാരെ ഉൾപ്പെടുത്തി ധാർമ്മികമായ എഐ വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ തൊഴിലാളികൾ കമ്പനിയോട് ആവശ്യപ്പെടുന്നു. സാങ്കേതികവിദ്യ എങ്ങനെ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യണം എന്നതിനെക്കുറിച്ച് അർത്ഥവത്തായ അഭിപ്രായം പറയാനുള്ള അവസരം ഇത് അവർക്ക് നൽകും. എഐ ടൂളുകൾ ജോലിഭാരം, കരിയർ പാതകൾ, തൊഴിൽ സാഹചര്യങ്ങൾ എന്നിവയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് സുതാര്യതയും അവർ ആവശ്യപ്പെടുന്നു.
അതേസമയം, ചെലവ് ചുരുക്കലിന്റെയും ഓട്ടോമേഷൻ ഡ്രൈവുകളുടെയും ഭാഗമായി ഏകദേശം 14,000 ജോലികൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആമസോണിന് ഈ വർഷം വളരെ അധികം മാറ്റങ്ങൾ കണ്ട ഒരു വർഷം കൂടിയായിരുന്നു. എഐ ആണ് ആമസോണിന്റെ ഭാവിയുടെ കേന്ദ്രബിന്ദുവെന്ന് സിഇഒ ആൻഡി ജാസി ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications