ഇന്ത്യയുടെ എഐ നയങ്ങൾ തീരുമാനിക്കാൻ പുതിയ ഉന്നതതല സമിതി; അധ്യക്ഷനായി കേന്ദ്ര ഐടി മന്ത്രി
ഇന്ത്യയുടെ എഐ ഭരണ തന്ത്രത്തിന് നേതൃത്വം നൽകാനായി കേന്ദ്രം "എഐ ഗവേണൻസ് ആൻഡ് എക്കണോമിക് ഗ്രൂപ്പ്" എന്നൊരു ഉന്നതതല അന്തർ-മന്ത്രാലയ സമിതിക്ക് രൂപം നൽകി. മന്ത്രാലയങ്ങൾ, വകുപ്പുകൾ, റെഗുലേറ്റർമാർ എന്നിവയിലെ എഐ നയങ്ങളെ ഇത് ഏകോപിപ്പിക്കും. എഐ ഗവേണൻസ് മാർഗനിർദ്ദേശങ്ങളുടെയും സാമ്പത്തിക സർവേയുടെയും ശുപാർശകൾക്ക് സമിതി രൂപീകരണം ഔദ്യോഗിക പ്രാബല്യം നൽകുന്നു.
ഇന്ത്യയുടെ എഐ ഭരണ ചട്ടക്കൂടിലെ സുപ്രധാന തീരുമാനമെടുക്കുന്ന സമിതിയായിരിക്കും എഐജിഇജി. നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ഭരണപരമായ കാര്യങ്ങൾക്ക് ഇത് മേൽനോട്ടം വഹിക്കും. സാമ്പത്തിക മുൻഗണനകൾ, സാമൂഹിക സ്ഥിരത, നിയമപരമായ ആവശ്യകതകൾ എന്നിവയുമായി എഐ വിന്യാസം രാജ്യത്തുടനീളം ഇത് ഉറപ്പാക്കും.

കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഈ അന്തർ-മന്ത്രാലയ സമിതിയുടെ അധ്യക്ഷൻ. ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി ജിതിൻ പ്രസാദ് ഉപാധ്യക്ഷനാകും. നയം, ശാസ്ത്രം, സാങ്കേതികവിദ്യ, സുരക്ഷ, സാമ്പത്തിക കാര്യങ്ങൾ എന്നീ മേഖലകളിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും സമിതിയിൽ അംഗങ്ങളാണ്. റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയങ്ങളുടെ ചുമതലകളും വൈഷ്‌ണവിനാണ്.
ടെക്നോളജി ആൻഡ് പോളിസി എക്സ്പെർട്ട് കമ്മിറ്റിയുടെ പിന്തുണ എഐജിഇജിക്ക് ലഭിക്കും. ആഗോള എഐ വികസനങ്ങളെയും പുതിയ സാങ്കേതികവിദ്യകളെയും കുറിച്ച് വിദഗ്‌ധ ഉപദേശം നൽകും. പുതിയ വെല്ലുവിളികൾ, നിയന്ത്രണ പ്രവണതകൾ, സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവ നിരീക്ഷിച്ച് എഐ നയത്തിലും ഭരണത്തിലുമുണ്ടാകുന്ന മാറ്റങ്ങളോട് പ്രതികരിക്കാൻ ഇത് എഐജിഇജിയെ സഹായിക്കും.
എഐ വ്യാപനം തൊഴിൽ കമ്പോളത്തിൽ വരുത്തുന്ന സ്വാധീനം വിലയിരുത്തലാണ് സമിതിയുടെ പ്രധാന ദൗത്യം. മാറാൻ സാധ്യതയുള്ള തൊഴിൽ പ്രൊഫൈലുകൾ, പ്രാദേശിക രീതികൾ, ഓട്ടോമേഷൻ തോത് എന്നിവ സമിതി പഠിക്കും. അസംഘടിത മേഖല, നൈപുണ്യ വൈവിധ്യം, പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ പരിഗണിച്ച് ലഘൂകരണ തന്ത്രങ്ങളും പരിവർത്തന പദ്ധതികളും രൂപീകരിക്കും.
അടുത്ത പത്ത് വർഷത്തേക്കുള്ള എഐ വിന്യാസത്തിനുള്ള രൂപരേഖ, വ്യവസായ മേഖലയിലെയും മറ്റ് പങ്കാളികളുമായും സഹകരിച്ച് സമിതി തയ്യാറാക്കും. നിർമ്മിത ബുദ്ധി ബാധിക്കുന്ന മേഖലകൾ, ജോലികളിലെ മാറ്റങ്ങൾ, മനുഷ്യന്റെയും യന്ത്രത്തിന്റെയും സംയോജനം സാധ്യമാകുന്നിടങ്ങൾ എന്നിവ ഇതിൽപ്പെടും. അനിയന്ത്രിതമായ ഓട്ടോമേഷനല്ല, മറിച്ച് ഉത്തരവാദിത്തമുള്ള എഐ വിന്യാസത്തിനാണ് സമിതി ഊന്നൽ നൽകുന്നത്.
നിലവിലുള്ള മേൽനോട്ട സംവിധാനങ്ങൾ സമിതി അവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്യും. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിൽ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം സമിതി ഉറപ്പാക്കും. പൊതു-സ്വകാര്യ മേഖലകളിലെ ദേശീയ എഐ ഭരണ സംരംഭങ്ങൾക്ക് മേൽനോട്ടം വഹിച്ച് മുൻഗണനാ മേഖലകളിൽ ഉത്തരവാദിത്തമുള്ള എഐ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കും.
വളർന്നുവരുന്ന വെല്ലുവിളികൾ പഠിച്ച്, നിയമപരമായ വിടവുകൾ കണ്ടെത്തുകയും ആവശ്യമായ നിയമഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്യും. ഇന്ത്യയുടെ എഐ ഭരണ തന്ത്രങ്ങളും നിലപാടുകളും രൂപപ്പെടുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും സമിതിയ്ക്ക് ചുമതലയുണ്ട്. തൊഴിൽ സാഹചര്യങ്ങളോടും സാമൂഹിക സ്ഥിരതയോടും ചേർന്നുനിൽക്കുന്ന ഒരു ഏകോപന സമിതിയെ സാമ്പത്തിക സർവേ മുമ്പുതന്നെ നിർദ്ദേശിച്ചിരുന്നു. അതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.














Click it and Unblock the Notifications