ഇന്ത്യൻ വിപണി പിടിക്കാൻ പുതിയ നീക്കവുമായി ഓപ്പൺഎഐ; ചാറ്റ്ജിപിടി ഗോ ഇനി രാജ്യത്ത് സൗജന്യം..!
ന്യൂഡൽഹി: ഇന്ത്യൻ വിപണിയിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി നിർണായക നീക്കവുമായി ഓപ്പൺഎഐ. നവംബർ 4 മുതൽ ചാറ്റ്ജിപിടി ഗോ സേവനം ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി നൽകുമെന്നാണ് ഇപ്പോൾ കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ചാറ്റ്ജിപിടി ഉപയോക്താക്കളെ സംബന്ധിച്ച് ഏറ്റവും നല്ല വാർത്തകളിൽ ഒന്നാണ് ഇതെന്നതിൽ ഒട്ടും സംശയം വേണ്ട.
ഓപ്പൺഎഐയുടെ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ ഇടത്തരം സബ്‌സ്‌ക്രിപ്ഷൻ പ്ലാനാണ് ചാറ്റ്ജിപിടി ഗോ. ലോകത്തിലെ രണ്ടാമത്തെ വലിയതും അതിവേഗം വളരുന്നതുമായ വിപണിയായി ഇന്ത്യയെ ഓപ്പൺഎഐ കണക്കാക്കുന്നത് കൊണ്ട് കൂടിയാണ് ഈ നീക്കം. ഗൂഗിൾ, പെർപ്ലെക്‌സിറ്റി തുടങ്ങിയ എതിരാളികൾ സമാനമായ രീതിയിൽ ഉപയോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഓപ്പൺഎഐയും തന്ത്രം മെനയുന്നത്.

അടുത്തിടെ ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഇരു കമ്പനികളും അടുത്തിടെ തങ്ങളുടെ പ്രീമിയം എഐ ഫീച്ചറുകൾക്ക് സൗജന്യ,മാണെന്ന് പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികൾക്കായി പ്രതിവർഷം 19,500 രൂപ വിലവരുന്ന തങ്ങളുടെ എഐ പ്രോ അംഗത്വം ഒരു വർഷത്തേക്ക് സൗജന്യമാക്കിയ ഗൂഗിളിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഓപ്പൺഎഐയുടെ ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമായാണ്.
ഓഗസ്‌റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച ചാറ്റ്ജിപിടി ഗോയ്ക്ക് തുടക്കത്തിൽ പ്രതിമാസം 399 രൂപയായിരുന്നു വില.സൗജന്യ ചാറ്റ്ജിപിടി ഗോ സേവനത്തിലൂടെ ഇന്ത്യൻ ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. കൂടുതൽ മെസേജ് പരിധി, വർധിച്ച പ്രതിദിന ഇമേജ് ജനറേഷനും അപ്‌ലോഡുകളും, കൂടുതൽ വ്യക്തിഗതവും സാഹചര്യാനുസൃതവുമായ പ്രതികരണങ്ങൾക്കായി ദൈർഘ്യമുള്ള മെമ്മറി എന്നിവ ഇതിൽ ഉൾപ്പെടുന്ന ചിലതാണ്.
ചാറ്റ്ജിപിടി ഗോ ഇന്ത്യയിൽ അവതരിപ്പിച്ചതുമുതൽ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച സ്വീകാര്യതയും സർഗ്ഗാത്മകതയും പ്രചോദനം നൽകുന്നതാണെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റും മേധാവിയുമായ നിക്ക് ടർലി തന്റെ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ജനറേറ്റീവ് എഐകളിൽ ഒന്നാണ് ചാറ്റ്ജിപിടി.
അതേസമയം, ഓപ്പൺഎഐയുടെ സ്ഥാപകനും സിഇഒയുമായ സാം ആൾട്ട്മാൻ അടുത്തിടെ ഇന്ത്യ ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ വിപണി മാത്രമല്ല, അതിവേഗം വളരുന്ന രാജ്യവുമാണെന്ന് കഴിഞ്ഞ ദിവസം എടുത്തു പറഞ്ഞിരുന്നു. പണമടച്ചുള്ള ചാറ്റ്ജിപിടി ഗോ ടയർ അവതരിപ്പിച്ചതിനുശേഷം, ഇന്ത്യയിലെ മൊത്തത്തിലുള്ള പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഇരട്ടിയിലധികമായതായി കമ്പനി അവകാശപ്പെടുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications