എഐ മേഖലയിൽ വൻ മത്സരത്തിന് വഴിയൊരുങ്ങുന്നു; ആന്ധ്രയിൽ റിലയൻസിന്റെ ഡാറ്റ സെന്റർ വരുന്നു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ പുതിയൊരു എഐ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായുള്ള ആഗോള ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലും ഈ മേഖലയിലെ മത്സരവും കൂടുകയാണ്. ഇതിനോടകം, വിശാഖപട്ടണത്ത് 15 ബില്യൺ ഡോളർ നിക്ഷേപത്തിൽ ഒരു എഐ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ ഗൂഗിൾ സന്നദ്ധത അറിയിച്ചിരുന്നു
രാജ്യത്തെ ആദ്യത്തെ എഐ ഡാറ്റാ സെന്റർ ആന്ധ്രാപ്രദേശിൽ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ ഗൂഗിളുമായി കരാർ ഒപ്പിട്ടിരുന്നു. ഇപ്പോഴിതാ, വിശാഖപട്ടണത്ത് നടന്ന സിഐഐ പങ്കാളിത്ത ഉച്ചകോടിക്കിടെ, റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്‌ടർ എംഎസ് പ്രസാദും സൗത്ത് ഇന്ത്യ മെന്റർ മാധവറാവുവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൂടിക്കാഴ്‌ച നടത്തി.

സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്‌തിട്ടുണ്ട്. തുടർന്ന്, ആന്ധ്രാപ്രദേശിൽ നിക്ഷേപം നടത്താൻ റിലയൻസ് താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഒരു എഐ ഡാറ്റാ സെന്റർ, സോളാർ പവർ പ്ലാന്റ്, ഒരു ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് ഫുഡ് പാർക്ക് എന്നിവ സ്ഥാപിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്.
ഇതിന് പിന്നാലെ സംസ്ഥാനത്ത് വലിയ തോതിലുള്ള നിക്ഷേപം നടത്തുന്ന മുകേഷ് അംബാനിയോട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നന്ദി രേഖപ്പെടുത്തി. നിലവിൽ സംസ്ഥാനത്ത് 1 ജിഗാവാട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ സ്ഥാപിക്കാൻ റിലയൻസ് സമ്മതിച്ചിട്ടുണ്ട്. ഇത് ഗൂഗിൾ അടക്കമുള്ള ആഗോള ഭീമന്മാർക്ക് വെല്ലുവിളിയാകും എന്നുറപ്പാണ്.
ലോകത്തിലെ ഏറ്റവും ആധുനികമായ ജിപിയു, ടിപിയു, എഐ പ്രോസസറുകൾ എന്നിവയെ പിന്തുണയ്ക്കുന്ന തരത്തിലായിരിക്കും ഈ എഐ ഡാറ്റാ സെന്റർ നിർമ്മിക്കുക. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസിന്റെ ഗിഗാവാട്ട് തലത്തിലുള്ള എഐ ഡാറ്റാ സെന്ററുമായി ചേർന്ന് പ്രവർത്തിക്കുന്ന രീതിയിലായിരിക്കും ആന്ധ്രാപ്രദേശിലെ എഐ ഡാറ്റാ സെന്റർ. അതോടെ ഈ രണ്ട് എഐ ഡാറ്റാ സെന്ററുകളും ഏഷ്യയിലെ ഏറ്റവും ശക്തമായ എഐ അടിസ്ഥാന സൗകര്യ ശൃംഖലകളിൽ ഒന്നായി മാറും.
'സാങ്കേതികവിദ്യ നയിക്കുന്ന വളർച്ച, സുസ്ഥിരത, വ്യാവസായിക പുനരുജ്ജീവനം എന്നിവയുടെ ഒരു പുതിയ യുഗത്തിലേക്ക് ആന്ധ്രാപ്രദേശ് പ്രവേശിക്കുകയാണ്. എഐ നവീകരണം, പുനരുപയോഗ ഊർജ്ജം, നൂതന ഉൽപ്പാദനം എന്നിവയ്ക്കുള്ള ഒരു ആഗോള കേന്ദ്രമായി മാറ്റുക എന്ന ഞങ്ങളുടെ കാഴ്‌ചപ്പാടുമായി പൊരുത്തപ്പെടുന്ന റിലയൻസിന്റെ നാഴികക്കല്ലായ നിക്ഷേപങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, നമ്മുടെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യും' മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു.
ആന്ധ്രാപ്രദേശിലെ എഐ ഡാറ്റാ സെന്ററിനായി 6 ജിഗാവാട്ട് സൗരോർജ്ജ പദ്ധതിയും റിലയൻസ് സ്ഥാപിക്കും. കൂടാതെ, കർണൂലിൽ 170 ഏക്കറിൽ ഒരു ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് ഫുഡ് പാർക്ക്, ലോകോത്തര ഓട്ടോമേറ്റഡ് സൗകര്യങ്ങളോടെ നിർമ്മിക്കാനും റിലയൻസ് സമ്മതിച്ചിട്ടുണ്ട്. റിലയൻസിന്റെ ഈ വൻ നിക്ഷേപങ്ങൾ വഴി പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications