എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാർക്ക് ആശ്വാസം; ഇനി എഐ മൂലം ഒരാൾക്ക് പോലും ജോലി പോവില്ല! കാരണം?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ ലോകമെമ്പാടും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല. വിവിധ മേഖലകളിൽ, പ്രത്യേകിച്ചും സ്വകാര്യമേഖലയിലെ വലിയ ഐടി കമ്പനികളിൽ എഐ ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ എഐയുടെ വ്യാപനം വലിയ തോതിലുള്ള തൊഴിൽ നഷ്‌ടങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
ഈ വർഷം ഇതുവരെ ടെക് വ്യവസായത്തിൽ തൊണ്ണൂറായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എഐ കാരണമുള്ള ഈ പിരിച്ചുവിടലുകൾ നിലവിലുള്ള ജീവനക്കാർക്കിടയിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്‌ടിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലും എഐ ഉപയോഗം വർധിച്ചുവരുന്നതിനാൽ, അവിടെയും തൊഴിൽ നഷ്‍ടം ഉണ്ടാകുമോ എന്ന ഭയം വ്യാപകമാണ്.

അതിനിടെ, പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് തങ്ങളുടെ ജീവനക്കാർക്ക് ഇപ്പോൾ ഒരു ശുഭവാർത്ത അറിയിച്ചിരിക്കുകയാണ്. എഐ കാരണം ബാങ്കിൽ തൊഴിൽ നഷ്‍ടം ഉണ്ടാകില്ലെന്ന് അവർ വ്യക്തമാക്കി. നിലവിൽ, ജനറേറ്റീവ് എഐ ഉൾപ്പെടെയുള്ള വിവിധ സാങ്കേതികവിദ്യകളിൽ എച്ച്ഡിഎഫ്‌സി ബാങ്ക് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇവയുടെ ഫലങ്ങൾ അടുത്ത 18-24 മാസത്തിനുള്ളിൽ പുറത്തുവരുമെന്ന് സിഇഒയും എംഡിയുമായ ശശിധർ ജഗദീഷ് അറിയിച്ചു.
എഐ ഉപയോഗം കാരണം ബാങ്കിൽ ഒരു തരത്തിലുള്ള തൊഴിൽ വെട്ടിച്ചുരുക്കലും ഉണ്ടാകില്ലെന്ന് ശശിധർ ജഗദീഷ് ഉറപ്പുനൽകി. എന്നാൽ, നിലവിൽ ഫ്രണ്ട്-എൻഡ്, ബാക്ക്-എൻഡ് ജോലികൾ ചെയ്യുന്ന ജീവനക്കാരെ എഐയുമായി ബന്ധപ്പെട്ട പുതിയ റോളുകളിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. AI കാരണം പല മേഖലകളിലും തൊഴിൽ നഷ്‌ടം സംഭവിക്കുമെന്ന ആശങ്ക നിലനിൽക്കെ, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഈ പ്രഖ്യാപനം ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ എച്ച്ഡിഎഫ്‌സി ബാങ്ക് ഏകദേശം അയ്യായിരം പുതിയ ജീവനക്കാരെ നിയമിച്ചു. ഇതോടെ സെപ്റ്റംബർ അവസാനത്തോടെ ആകെ ജീവനക്കാരുടെ എണ്ണം 2.2 ലക്ഷമായി ഉയർന്നു. എഐയുമായുള്ള പരീക്ഷണങ്ങൾ വിജയിക്കുകയാണെങ്കിൽ, ബാക്ക്-എൻഡ് ജീവനക്കാരെ ഫ്രണ്ട്-എൻഡ് ജോലികളിലേക്ക് പുനർവിന്യസിക്കുമെന്ന ശശിധർ ജഗദീഷിന്റെ പ്രസ്‌താ എച്ച്ഡിഎഫ്‌സി ജീവനക്കാർക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്.
അതേസമയം, 1994-ൽ സ്ഥാപിതമായ എച്ച്ഡിഎഫ്‌സി ബാങ്ക്, വ്യക്തിഗത ബാങ്കിംഗ്, കോർപ്പറേറ്റ് ബാങ്കിംഗ്, ലോണുകൾ, നിക്ഷേപങ്ങൾ, ഡിജിറ്റൽ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഒന്നാണ്. 2022-ൽ എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായുള്ള ലയനത്തോടെ ബാങ്കിന്റെ വലിപ്പം കൂടുതൽ വർധിച്ചിരുന്നു. ബാങ്കിന് ഏകദേശം 2.20 ലക്ഷം ജീവനക്കാർ ഉണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. ആയിരക്കണക്കിന് ബ്രാഞ്ചുകളാണ് അവർക്ക് രാജ്യമെമ്പാടുമുള്ളത്.












Click it and Unblock the Notifications