എഐ മത്സരം നിർത്തിവയ്ക്കൂ; ആന്ത്രോപിക്, ഓപ്പൺഎഐ ആസ്ഥാനങ്ങളിലേക്ക് വമ്പൻ പ്രതിഷേധ പ്രകടനം
ന്യൂയോർക്ക്: ഇന്നിപ്പോൾ പുതിയ കാലത്തിന്റെ ഒട്ടേറെ മാറ്റങ്ങൾ ലോകത്ത് നടപ്പായി കഴിഞ്ഞു. അതിൽ പ്രധാനമാണ് എഐയുടെ ആവിർഭാവം. പലപ്പോഴും നമ്മുടെയൊക്കെ ഭാവി ജീവിതം എഐ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്ക പലരിലും പ്രകടമാണ്. അത് ചില ഘട്ടങ്ങളിൽ അഭിപ്രായ പ്രകടനങ്ങളായും സോഷ്യൽ മീഡിയ പോസ്‌റ്റുകളായും ഒക്കെ പുറത്തുവരുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ നേരിട്ടുള്ള പ്രതിഷേധങ്ങളും ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.
സാങ്കേതികവിദ്യയുടെയും ഇന്നൊവേഷന്റെയും ആഗോള തലസ്ഥാനമായി അറിയപ്പെടുന്ന സാൻ ഫ്രാൻസിസ്കോ, നിർമിത ബുദ്ധിയുടെ അതിരുകൾ കടന്നുള്ള വളർച്ച നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് വേദിയായിരിക്കുകയാണ് ഇപ്പോൾ. ഭീഷണിയായേക്കാവുന്ന അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനായാണ് എഐ സുരക്ഷാ ഗ്രൂപ്പുകൾ ഈ ആവശ്യം ഉന്നച്ചു രംഗത്ത് വന്നിരിക്കുന്നത്.

"എഐ മത്സരം നിർത്തുക" എന്ന ബാനറിന് കീഴിൽ ഏകദേശം 200 പ്രതിഷേധക്കാർ അണിനിരന്നു. ആന്ത്രോപിക്കിന്റെ ആസ്ഥാനത്ത് നിന്ന് ആരംഭിച്ച് ഓപ്പൺഎഐ, എക്‌സ് എഐ എന്നിവയുടെ ഓഫീസുകളിലേക്ക് പ്രകടനം നീണ്ടു. പ്രതിഷേധ പരിപാടിയുടെ സൈൻ-അപ്പ് പേജിൽ വ്യക്തമാക്കിയതനുസരിച്ച്, മറ്റ് എല്ലാ എഐ ലാബുകളും സമ്മതിക്കുകയാണെങ്കിൽ, പ്രധാന എഐ കമ്പനികളുടെ സിഇഒമാർ നിർമിത ബുദ്ധി വികസനം നിർത്തിവെക്കാൻ പരസ്യമായി പ്രതിജ്ഞാബദ്ധരാകണമെന്ന് ഗ്രൂപ്പ് ആവശ്യപ്പെട്ടു.
പോസ് എഐ, ക്വിറ്റ്ജിപിടി തുടങ്ങിയ വിവിധ സംഘടനകളിൽ നിന്നുള്ളവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അക്കാദമിക് വിദഗ്ധരും മുൻ എഐ ലാബ് ജീവനക്കാരും പ്രകടനത്തിൽ ഉൾപ്പെട്ടിരുന്നു.
നിർമിത ബുദ്ധിയുടെ വികസനം അതിവേഗം വർദ്ധിപ്പിച്ച് എഐ ലാബുകൾ സുരക്ഷാ വാഗ്ദാനങ്ങൾ ലംഘിക്കുകയും മനുഷ്യരാശിയുടെ വംശനാശ സാധ്യത വർധിപ്പിക്കുകയാണെന്നും പ്രതിഷേധക്കാർ വാദിച്ചു.
എഐ അമിതമായി അപകടകരമായാൽ വികസനം നിർത്തിവെക്കാമെന്ന ഫെബ്രുവരിയിലെ പ്രതിജ്ഞ ആന്ത്രോപിക് ലംഘിച്ചുവെന്ന ആരോപണങ്ങളാണ് പ്രതിഷേധത്തിന് പ്രേരണയായതെന്നും ഇവന്റ് പേജിൽ പറയുന്നു. ഓപ്പൺഎഐ ഒരു ലാഭകരമായ കോർപ്പറേഷനായി പുനഃസംഘടിപ്പിക്കുമ്പോൾ സുരക്ഷാ പ്രതിബദ്ധതകൾ ദുർബലമാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, ആന്ത്രോപിക്, ഓപ്പൺഎഐ, എക്‌സ് എഐ ഉൾപ്പെടെയുള്ള പ്രമുഖ എഐ കമ്പനികളൊന്നും വാരാന്ത്യത്തിൽ നടന്ന ഈ പ്രതിഷേധങ്ങളോട് നേരിട്ട് പ്രതികരിച്ച് ഔദ്യോഗിക പ്രസ്‌താവനകൾ പുറത്തിറക്കിയില്ല. 2022-ൽ ഓപ്പൺഎഐ ചാറ്റ്ജിപിടി പുറത്തിറക്കിയതുമുതൽ, സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന കഴിവുകളെക്കുറിച്ച് നിരവധി വിദഗ്ദ്ധർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.
പ്രധാനമായും അടുത്ത കാലത്ത് വന്ന മാറ്റങ്ങൾക്ക് അപ്പുറം ഇനിയുള്ള കാലത്ത് സംഭവിക്കാൻ ഇരിക്കുന്ന കാര്യങ്ങളാണ് കൂടുതൽ പേരെയും ഇരുത്തി ചിന്തിപ്പിക്കുന്നത്. പലരും വരാനിരിക്കുന്ന ഭീമമായ തൊഴിൽ നഷ്‌ടത്തെ കുറിച്ചും ആശങ്ക ഉയർത്തി. കൂടാതെ എഐ ഉയർത്തുന്ന സുരക്ഷാ ആശങ്കകളും പല കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.












Click it and Unblock the Notifications