സിഇഒ സ്ഥാനം പോലും എഐ വഹിക്കുന്ന കാലം അകലയെല്ല? സുന്ദർ പിച്ചൈ പറയുന്നത് ഇങ്ങനെ
നിർമ്മിത ബുദ്ധിയുടെ സ്വാധീനത്തെക്കുറിച്ചും അത് തൊഴിൽ മേഖലയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും അഭിപ്രായം പങ്കുവച്ച് സുന്ദർ പിച്ചൈ. ചില ജോലികൾ അപ്രത്യക്ഷമാകുമെങ്കിലും, പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും നിലവിലുള്ളവയുടെ സ്വഭാവം മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിൽ വിജയിക്കാൻ എഐ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെയും ഗൂഗിളിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈ, എഐ സ്വന്തം പദവി പോലും ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, എഐ എല്ലാ ജോലികൾക്കും അതുപോലെ തന്റെ സിഇഒ സ്ഥാനത്തിനും ഭീഷണിയാകുമോ എന്ന ചോദ്യത്തിന് ചെറുപുഞ്ചിരിയോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു സിഇഒ ചെയ്യുന്ന കാര്യങ്ങൾ ഒരുപക്ഷേ എഐക്ക് ഒരു ദിവസം ചെയ്യാൻ കഴിയുന്ന എളുപ്പമുള്ള കാര്യങ്ങളിൽ ഒന്നായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യരാശി ഇന്നുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യയാണ് എഐ എന്നും അതിന് വലിയ നേട്ടങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും പിച്ചൈ ആവർത്തിച്ചു. എങ്കിലും ഈ സാങ്കേതികവിദ്യ സൃഷ്‌ടിക്കുന്ന തടസങ്ങളിലൂടെ സമൂഹം കടന്നുപോകേണ്ടി വരുമെന്നും അദ്ദേഹം സമ്മതിച്ചു. ചില ജോലികൾ എഐ ഇല്ലാതാക്കുമെങ്കിലും, മറ്റുചിലത് വികസിക്കുകയും രൂപാന്തരപ്പെടുകയും ചെയ്യുമെന്നും, അതിനാൽ മനുഷ്യർക്ക് അതിനോട് പൊരുത്തപ്പെടേണ്ടത് അത്യാവശ്യമാണെന്നും പിച്ചൈ പറയുന്നു.
നിലവിലെ സാങ്കേതിക മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യം പിച്ചൈ എടുത്തുപറഞ്ഞു. യൂട്യൂബ് പലർക്കും ഉള്ളടക്കം സൃഷ്‌ടിക്കാൻ വഴിയൊരുക്കിയത് പോലെ, എഐ പുതിയ അവസരങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, അടുത്ത തലമുറയോട് എഐ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.
എഐ സ്വീകരിക്കുകയും അതിനനുസരിച്ച് പൊരുത്തപ്പെടുകയും ചെയ്യുന്ന ആളുകൾക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. അധ്യാപനമോ വൈദ്യശാസ്ത്രമോ ആകട്ടെ, ഏത് തൊഴിൽ മേഖലയിലും എഐ ടൂളുകൾ ഉപയോഗിക്കാൻ പഠിക്കുന്നത് ആ മേഖലകളിലെ പ്രകടനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിഇഒമാരെ എഐ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സുന്ദർ പിച്ചൈയുടെ അഭിപ്രായങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, ഒരുനാൾ എഐ തന്നെക്കാൾ മികച്ച രീതിയിൽ തന്റെ ജോലി ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് അടുത്തിടെ തന്റെ അഭിപ്രായം അറിയിച്ചിരുന്നു. സമാനമായി, ക്ലർനയുടെ സിഇഒ സെബാസ്റ്റ്യൻ സിയമിയാറ്റ്കോവ്‌സ്‌കിയും ഇതേ അഭിപ്രായം പങ്കുവച്ചു.












Click it and Unblock the Notifications