നിർമ്മിത ബുദ്ധിക്കായി വാതിലുകൾ തുറന്ന് തമിഴ്‌നാട് സർക്കാർ; 10,000 കോടിയുടെ നിക്ഷേപം, എഐ പാർക്ക് വരുന്നു
ചെന്നൈ: തമിഴ്‌നാട് സർക്കാരും സർവം എഐയും അടുത്തിടെ ഒരു ധാരണാപത്രത്തിൽ ഒപ്പിട്ടത് വലിയ വാർത്തയായിരുന്നു. സംസ്ഥാനത്ത് ഒരു എഐ പാർക്ക് സ്ഥാപിക്കുന്നതിനാണ് ഈ നീക്കം. നിലവിൽ എഐ മേഖലയുടെ വളർച്ച ത്വരിത ഗതിയിലായ ഈ കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള സർക്കാരിന്റെ നയത്തെ കൂടിയാണ് ഇത് വരച്ചു കാട്ടുന്നതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
ഈ പദ്ധതിക്ക് 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. ഇത് കമ്പ്യൂട്ടിങ്, എഐ ഗവേഷണം എന്നീ മേഖലകളിൽ 1000 ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾ സൃഷ്ട്ടിക്കും. സോവറിൻ എഐ പാർക്ക് ഒരു പ്രത്യേക എഐ ജില്ലയായി പ്രവർത്തിക്കും. മോഡൽ ലാബുകൾ, നൂതന ക്ലസ്‌റ്ററുകൾ, സുരക്ഷിത ഡാറ്റാ ചട്ടക്കൂടുകൾ, ഉന്നത കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ച്ചർ, ഭരണത്തിലെ എഐക്കായി ഒരു സ്ഥാപനം എന്നിവ ഇതിൽപ്പെടും.

സർവം എഐയുടെ സഹസ്ഥാപകൻ പ്രത്യുഷ് കുമാർ ഈ സംരംഭം ഇന്ത്യയിൽ എഐയെ പരീക്ഷണങ്ങളിൽ നിന്ന് ദേശീയ തലത്തിൽ സ്വാധീനത്തിലെത്തിക്കും എന്നാണ് അന്ന് പറഞ്ഞത്. എന്നാൽ, പദ്ധതിയുടെ സമയരേഖയെക്കുറിച്ച് പ്രത്യുഷ് കുമാറോ തമിഴ്‌നാട് സർക്കാരോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് പലരും ഉന്നയിക്കുന്ന സുപ്രധാന ചോദ്യം.
'നിലവിൽ വിദേശ മോഡലുകളെ ആശ്രയിച്ച്, നമ്മുടെ ഡാറ്റ കയറ്റുമതി ചെയ്യുകയും നിർമ്മിത ബുദ്ധി ഇറക്കുമതി ചെയ്യുകയുമാണ്. ഇത് സുസ്ഥിരമോ അഭികാമ്യമോ അല്ല,. നമുക്ക് സ്വന്തമായി എഐ ശേഷിയുള്ള ജിപിയു-കളും, കമ്പ്യൂട്ടും, മോഡലുകളും, ആപ്ലിക്കേഷനുകളും ആവശ്യമാണ്. ഈ ധാരണാപത്രം അത് നൽകും' എന്നാണ് പ്രത്യുഷ് പറഞ്ഞത്.
നിക്ഷേപം പ്രധാനമായും കമ്പ്യൂട്ട് ഇൻഫ്രാസ്ട്രആക്ച്ചറിലും ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം. സ്‌റ്റാലിൻ സർക്കാരിന്റെ അഭിപ്രായത്തിൽ, സംസ്ഥാനത്തിന്റെ വിശ്വാസ അതിരുകൾക്കുള്ളിൽ ഡാറ്റ, മോഡലുകൾ, കമ്പ്യൂട്ട് എന്നിവ അടങ്ങുന്ന ഫുൾ-സ്‌റ്റാക്ക് സംവിധാനമായി ഇത് പ്രവർത്തിക്കും.
ഇത് എഐ സംവിധാനങ്ങൾക്ക് പരമാധികാരവും, നൈതികവും, സമഗ്രവുമായ ആവാസവ്യവസ്ഥ ഉറപ്പാക്കാൻ സഹായിക്കും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, പൗരസേവനങ്ങൾ തുടങ്ങിയ രംഗങ്ങളിലെ എഐ ആപ്ലിക്കേഷനുകളെ പ്ലാറ്റ്‌ഫോം പിന്തുണയ്ക്കും എന്നാണ് വിവരം. അക്കാദമിക് മേഖലയ്ക്ക് പ്രധാന പങ്കുണ്ടാവും ഇതിൽ.
പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെ ഐഐടി മദ്രാസ് കാമ്പസിന് സമീപം ഒരു വലിയ ഡാറ്റാ സെന്റർ സ്ഥാപിക്കും. തെളിവ് അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം, ഫലനിർണയം, സ്വകാര്യ മേഖലയിലെ ഉപയോഗം എന്നിവ ലക്ഷ്യമിട്ട് പൊതു ഡാറ്റ ഡിജിറ്റൈസ് ചെയ്യും. ഇതിനായി ഐഐടി മദ്രാസ് റിസർച്ച് പാർക്കിന് സമീപം സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications