ഇന്ത്യയിൽ എഐ സാങ്കേതിക വിദ്യയുടെ കടന്നുവരവ് തൊഴിൽ നഷ്‌ടം ഉണ്ടാക്കില്ല; കാരണം വ്യക്തമാക്കി ഐടി സെക്രട്ടറി
ന്യൂഡൽഹി: എഐ സാങ്കേതികവിദ്യ മൂലമുള്ള തൊഴിൽ നഷ്‌ട ഭീഷണി പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കുറവാണെന്ന് ഐടി സെക്രട്ടറി എസ് കൃഷ്‌ണൻ. രാജ്യത്ത് വൈറ്റ് കോളർ ജോലികളുടെ എണ്ണം കുറവായതും, എസ്‌ടിഇഎം അധിഷ്‌ഠിത തൊഴിലുകളുടെ സ്വാധീനവും പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർമ്മിത ബുദ്ധിയുടെ യഥാർത്ഥ സ്വാധീനം ആപ്ലിക്കേഷനുകൾ നിർമ്മിച്ച് വിന്യസിക്കുന്നതിലൂടെയാണ് വരുന്നത്. ഇതിന് ധാരാളം പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ ആവശ്യമാണ്. ഇത് ഇന്ത്യയുടെ ശക്തിയാണെന്നും പുതിയ എഐ അധിഷ്‌ഠിത തൊഴിലവസരങ്ങൾ ഇവിടെ ഉണ്ടാകുമെന്നും എസ് കൃഷ്‌ണൻ കൂട്ടിച്ചേർത്തു.

'പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മറ്റ് ജോലികളെ അപേക്ഷിച്ച് വൈറ്റ് കോളർ ജോലികൾ വളരെ കുറവായതിനാൽ, കോഗ്നിറ്റീവ് ജോലികൾക്കുള്ള ഈ ഭീഷണി അത്ര ഗുരുതരമല്ല. മിക്ക വൈറ്റ് കോളർ ജോലികളും എസ്‌ടിഇഎം മേഖലയിലായെന്നത് നമുക്കൊരു അവസരം കൂടിയാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ വ്യാവസായിക വിപ്ലവങ്ങളെപ്പോലെ മാനുഷികമായ തൊഴിലല്ല, എഐ വിജ്ഞാന തൊഴിലാളികളെയും കോഗ്നിറ്റീവ് ജോലികളെയുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐ മറ്റ് തൊഴിലാളികളെ പൂർണ്ണമായി ഇല്ലാതാക്കുമെന്ന വാദം അദ്ദേഹം നിഷേധിച്ചു. മാത്രമല്ല മറ്റ് വിധത്തിൽ തൊഴിൽ അവസരങ്ങൾ കൂടുമെന്നും അദ്ദേഹം പറയുന്നു.
'അത്ര പെട്ടെന്ന് നാം ആ ഘട്ടത്തിലേക്ക് എത്തുമെന്ന് എനിക്ക് തോന്നുന്നില്ല. എഐ മനുഷ്യന്റെ കഴിവുകൾ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുവഴി കോഗ്നിറ്റീവ് ടാസ്ക്കുകളിൽ കൂടുതൽ ഉൽപ്പാദനക്ഷമമാകാനും വിഭവങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കും' എഐ മൂലമുണ്ടാവുമെന്ന് കരുതുന്ന തൊഴിൽ നഷ്‌ടത്തെ നിഷേധിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമായും ആഗോളതലത്തിലും എഐ പ്രയോജനപ്പെടുത്തുന്നതിനും തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും വർധിപ്പിക്കുന്നതിനും ഇന്ത്യയ്ക്ക് നല്ല സ്ഥാനമുണ്ടെന്ന് അദ്ദേഹം എടുത്തുപറയുന്നു. ഒരു തദ്ദേശീയ എഐ ആപ്ലിക്കേഷൻ മോഡൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും 2026 ഫെബ്രുവരിയിൽ നടക്കുന്ന എഐ ഉച്ചകോടിക്ക് മുമ്പ് ഇത് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള തലത്തിൽ എല്ലായിടത്തും എഐ മൂലം ജോലി നഷ്‌ടം ഉണ്ടാവുമോ എന്ന ആശങ്ക വലിയ രീതിയിൽ ബാധിച്ച സമയത്താണ് ഇത് വീണ്ടും ചർച്ചയാവുന്നത്. എന്നാൽ ഇന്ത്യയിൽ അത്തരത്തിൽ ഉള്ള ആശങ്കകൾക്ക് അടിസ്ഥാനം ഇല്ലെന്നാണ് ഐടി സെക്രട്ടറി വ്യക്തമാക്കുന്നത്. മാത്രമല്ല അതിലൂടെ ഇന്ത്യയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications