എഐ സംബന്ധിച്ച ന്യൂഡൽഹി പ്രഖ്യാപനത്തിൽ ഒപ്പുവച്ച് 3 രാജ്യങ്ങൾ കൂടി; ആകെ അംഗങ്ങൾ 91 ആയി ഉയർന്നു
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച ന്യൂഡൽഹി പ്രഖ്യാപനത്തിൽ 91 രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പങ്കാളികളായതായി അധികൃതർ. കഴിഞ്ഞയാഴ്‌ച തലസ്ഥാന നഗരിയിൽ സമാപിച്ച 'എഐ ഇമ്പാക്റ്റ് ഉച്ചകോടി 2026' ലാണ് ഈ പ്രഖ്യാപനം അംഗീകരിച്ചത്. ആഗോള എഐ സഹകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. ചൊവ്വാഴ്‌ചയാണ് ഈ വിവരം കേന്ദ്ര സർക്കാർ അറിയിച്ചത്.
ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം നൽകിയ വിവരമനുസരിച്ച്, 2026 ഫെബ്രുവരി 21 വരെ 88 രാജ്യങ്ങളും സംഘടനകളും പ്രഖ്യാപനത്തിന് അംഗീകാരം നൽകിയിരുന്നു. പിന്നീട്, ബംഗ്ലാദേശ്, കോസ്‌റ്ററിക്ക, ഗ്വാട്ടിമാല എന്നീ മൂന്ന് രാജ്യങ്ങൾ കൂടി ചേർന്നതോടെ ആകെ അംഗങ്ങളുടെ എണ്ണം 91 ആയി ഉയരുകയായിരുന്നു.

'സർവജൻ ഹിതായ, സർവജൻ സുഖായ' (എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം) എന്ന തത്വമാണ് ഈ പ്രഖ്യാപനത്തെ നയിക്കുന്നത്. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നന്മയ്ക്കും എഐ ഉപയോഗപ്പെടുത്തുന്നതിനുള്ള ആഗോള സമവായത്തെ ഇത് പ്രതിഫലിക്കുന്നു. എഐയുടെ നേട്ടങ്ങൾ മാനവരാശിക്ക് തുല്യമായി ലഭിക്കണമെന്ന് പ്രഖ്യാപനം അടിവരയിടുന്നു.
അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക, വിവിധ തലങ്ങളിലുള്ള പങ്കാളിത്തം ഉറപ്പാക്കുക, ദേശീയ പരമാധികാരം മാനിക്കുക, വിശ്വസനീയവും പ്രാപ്യമായതുമായ എഐ ചട്ടക്കൂടുകൾ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്ക് ഈ പ്രഖ്യാപനം ഊന്നൽ നൽകുന്നു.
സാമ്പത്തിക പരിവർത്തനത്തിൽ എഐയുടെ പങ്ക്, തുറന്നതും ലഭ്യമായതുമായ എഐ ഇക്കോസിസ്‌റ്റങ്ങളുടെ പ്രാധാന്യം, ഊർജ്ജക്ഷമതയുള്ള എഐ ഇൻഫ്രാസ്ട്രക്ച്ചർ, ശാസ്ത്രം, ഭരണം, പൊതുസേവനം, ആഗോള സഹകരണം എന്നിവയിൽ എഐയുടെ വിപുലീകരണം എന്നിവയും പ്രഖ്യാപനം എടുത്തു കാണിക്കുന്നു.
'ഘടനാപരമായ തടസങ്ങൾ നീക്കം ചെയ്യുന്നതും എഐ ഗവേഷണ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതും രാജ്യത്തുടനീളമുള്ള ശാസ്ത്ര ഗവേഷണത്തിലും വികസനത്തിലും എഐയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അന്താരാഷ്ട്ര ശാസ്ത്ര സഹകരണങ്ങൾക്ക് അതുല്യമായ വൈദഗ്ദ്ധ്യം, കാഴ്‌ചപ്പാടുകൾ, വിഭവങ്ങൾ എന്നിവ കൊണ്ടുവന്ന് ഗവേഷണത്തിലും വികസനത്തിലും എഐയുടെ സാധ്യതകൾ തുറക്കാൻ കഴിയും' പ്രഖ്യാപത്തിൽ പറയുന്നു.
"വസുധൈവ കുടുംബകം" (ലോകം ഒരു കുടുംബം) എന്ന തത്വം ഉൾക്കൊണ്ട്, എല്ലാ രാജ്യങ്ങൾക്കും പൗരന്മാരുടെ പ്രയോജനത്തിനായി എഐ വികസിപ്പിക്കാനും ഉപയോഗിക്കാനും ആവശ്യമായ വിഭവങ്ങളുടെ ലഭ്യതയും താങ്ങാനാവുന്ന വിലയും വർധിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രഖ്യാപനം കൂട്ടിച്ചേർത്തു. അടുത്തിടെ നടന്ന എഐ ഇമ്പാക്റ്റ് ഉച്ചകോടിയിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരാണ് പങ്കെടുത്തത്.












Click it and Unblock the Notifications