ഭക്ഷണം ഉണ്ടാക്കും, വീടുപണി എടുപ്പിക്കാം; ഇതാണ് പുതിയ ഹ്യൂമനോയിഡ്, വില വെറും 18 ലക്ഷം രൂപ മാത്രം!
ന്യൂയോർക്ക്: മനുഷ്യരെ റോബോട്ടുകൾ മാറ്റി നിർത്തുന്ന കാലം വിദൂരമല്ലെന്ന് പലരും പറയാറുണ്ട്, ചിലർ അക്കാര്യത്തിൽ ആശങ്കയും പ്രകടിപ്പിക്കാറുണ്ട്. ഭാവിയിൽ ഒരുപക്ഷേ എല്ലാ മേഖലകളിലും ഇത്തരം റോബോട്ടുകൾ എത്തിപ്പെടുമോ എന്നും മനുഷ്യരുടെ ഭാവി അവതാളത്തിൽ ആവുമെന്നും ഭയപ്പെടുന്നവർ ഏറെയാണ്. എങ്കിലും കമ്പനികൾ ഇത്തരം റോബോട്ടുകൾക്ക് വേണ്ടിയുള്ള ഗവേഷണങ്ങൾ നിർബാധം തുടരുകയാണ്.
ഇപ്പോഴിതാ പ്രമുഖ അമേരിക്കൻ-നോർവീജിയൻ റോബോട്ടിക്‌സ്, എഐ കമ്പനിയായ 1X ടെക്നോളജീസ്, നിയോ എന്ന പേരിൽ മനുഷ്യരൂപത്തിലുള്ളൊരു വീട്ടുസഹായി റോബോട്ടിനെ അവതരിപ്പിച്ചിരികുയാണ്. വീടുകളിലെ ജോലികൾക്കായി രൂപകൽപ്പന ചെയ്‌ത ഈ റോബോട്ട്, കമ്പനിയുടെ ഇതുവരെയുള്ള ഉൽപ്പന്നങ്ങളിൽ ഏറ്റവും വലിയ മുന്നേറ്റമായാണ് അവർ ഉയർത്തി കാട്ടുന്നത്.

AI Image
ഈ പുതിയ സാങ്കേതികവിദ്യയിലൂടെ മനുഷ്യരൂപത്തിലുള്ള റോബോട്ടുകളെ വ്യാവസായിക ആവശ്യങ്ങൾക്കപ്പുറം വീടുകളിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1X ടെക്നോളജീസ് 2022-ൽ പുനർനാമകരണം ചെയ്യപ്പെട്ടതിന് ശേഷം, എല്ലാത്തരം ജോലികളും സ്വയം ചെയ്യാൻ കഴിവുള്ള റോബോട്ടുകളിലൂടെ ഒരു സമൃദ്ധമായ സമൂഹം കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്താണ് നിയോ?
ഒരു വീട്ടുസഹായി റോബോട്ടാണ് നിയോ. ഏകദേശം 30 കിലോഗ്രാം ഭാരമുള്ള ഇതിന് 68 കിലോഗ്രാമിൽ അധികം ഭാരം ഉയർത്താനും 25 കിലോഗ്രാം വരെ വഹിക്കാനും സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് വീടുകളിലെ വിവിധ ജോലികൾക്ക് ഈ ഹ്യൂമനോയിഡുകളെ വളരെ അനുയോജ്യമാക്കി മാറ്റുന്നു.
ന്യൂട്രൽ നിറങ്ങളോടുകൂടിയ രൂപകൽപ്പന, മൃദലമായ നിറ്റ് സ്യൂട്ട്, കസ്‌റ്റമൈസ് ചെയ്യാവുന്ന ഷൂസുകൾ എന്നിവ ഈ ഹ്യൂമനോയിഡിന്റെ പ്രത്യേകതകളാണ്. ടാൻ, ഗ്രേ, ഡാർക്ക് ബ്രൗൺ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. സൗഹൃദപരവും കൂടെ നിൽക്കാൻ സുഖകരവുമായ ഒരു റോബോട്ടായാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്.
മാത്രമല്ല ഇത് പ്രവർത്തിക്കുമ്പോൾ 22 ഡെസിബെൽ മാത്രം ശബ്‌ദം ഉണ്ടാക്കുന്നു, ഇത് ഒരു സാധാരണ റഫ്രിജറേറ്ററിനേക്കാൾ ശാന്തമാണ്. 3ഡി ലാറ്റിസ് ഘടനകളോടെ നിർമ്മിച്ച മൃദലമായ പോളിമർ ബോഡിയും 22-ഡിഗ്രി-ഓഫ്-ഫ്രീഡം കൈകളും ഇതിനുണ്ട്. മനുഷ്യരുമായി സംവദിക്കുമ്പോൾ മൃദലമായ ചലനങ്ങൾക്കായി 1X-ന്റെ പേറ്റന്റ് നേടിയ ടെൻഡൻ ഡ്രൈവ് ആക്യുവേറ്റർ സിസ്‌റ്റമാണ് നിയോ ഉപയോഗിക്കുന്നത്.
എന്തൊക്കെ സൗകര്യങ്ങൾ
വൈഫൈ, ബ്ലൂടൂത്ത്, 5ജി എന്നിവയോടൊപ്പം നെഞ്ചിലും പെൽവിസ് ഭാഗത്തും ത്രിതല സ്‌പീക്കർ സംവിധാനവും നിയോയ്ക്ക് കമ്പനി നൽകിയിട്ടുണ്ട്. ഇത് ഒരു ഹോം എന്റർടെയ്ൻമെന്റ് ഉപകരണമായും ഉപയോഗിക്കാം. സംഭാഷണങ്ങൾക്കായി ഒരു ഇൻബിൽറ്റ് ലാർജ് ലാംഗ്വേജ് മോഡൽ നിയോയിൽ സജ്ജീകരിച്ചിരിക്കുന്നു.
മാത്രമല്ല തന്നോട് സംസാരിക്കുന്നത് എപ്പോഴാണെന്ന് തിരിച്ചറിയാനുള്ള ഓഡിയോ ഇന്റലിജൻസും, ചുറ്റുപാടുകളെക്കുറിച്ച് മനസിലാക്കാനുള്ള വിഷ്വൽ ഇന്റലിജൻസും റോബോട്ടിന് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുക്കളയിലെ ചേരുവകൾ തിരിച്ചറിഞ്ഞ് വിഭവങ്ങൾ നിർദ്ദേശിക്കാനും ഇതിന് കഴിയും. കൂടാതെ ആവശ്യമായ മെമ്മറി പ്രവർത്തനവും ഇതിന് കമ്പനി നൽകിയിട്ടുണ്ട്.
വില എത്ര?
നിലവിൽ നിയോ പ്രീ-ഓർഡറിനായി ലഭ്യമാണ്. 2026-ൽ യുഎസിൽ വിതരണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മറ്റ് വിപണികളിലേക്ക് 2027-ൽ വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. 20,000 ഡോളർ (ഏകദേശം 17.6 ലക്ഷം രൂപ) ആണ് ആദ്യ യൂണിറ്റുകൾക്ക് വിലയായി തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 499 ഡോളറിന്റെ സബ്‌സ്‌ക്രിപ്ഷൻ മോഡലും ലഭ്യമാണ്.












Click it and Unblock the Notifications