എന്തൊരു സൗന്ദര്യം, എന്തൊരു തേജസ്; ഹോളിവുഡ് മൊത്തം ഈ എഐ നായികക്ക് പിന്നാലെ, ആരാണ് ടില്ലി?
എഐ എല്ലായിടത്തും വ്യാപിക്കുകയാണ് എന്നത് വെറുതെ പറയുന്നതല്ല. പലപ്പോഴും ആളുകൾ വിചാരിക്കുന്നത് എഐക്ക് പരിമിതകൾ ഉണ്ടെന്നാണ്. എന്നാൽ അതിന് ഒരു പരിധിയും ഇല്ലെന്നാണ് ഇപ്പോഴത്തെ കാര്യങ്ങൾ തെളിയിക്കുന്നത്. അതിന് ഉദാഹരണമായി പല കാര്യങ്ങളും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. മോഡലുകൾ, യൂട്യൂബർമാർ, ഇൻഫ്ലുവൻസർമാർ എന്നിങ്ങനെ എല്ലായിടത്തും എഐ തരംഗമാണ്.
എന്നാൽ ഇപ്പോഴിതാ എഐ അഭിനേതാക്കൾക്കും പ്രശസ്‌തി കൂടുകയാണ്. ഏറ്റവും ഒടുവിലായി ടില്ലി നോർവുഡ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടിയെ വികസിപ്പിച്ച ഒരു സ്‌റ്റുഡിയോ, അവരെ പ്രതിനിധീകരിക്കാൻ തയ്യാറുള്ള ഹോളിവുഡ് എക്‌സിക്യൂട്ടീവുകളുമായും ഏജന്റുമാരുമായും ചർച്ചകൾ നടത്തിവരികയാണ്. എന്ന് വച്ചാൽ എഐ നടിയും ഇനി രംഗത്തുണ്ടാവുമെന്ന് ചുരുക്കം.

കഴിഞ്ഞ വാരാന്ത്യത്തിൽ സൂറിച്ച് ഉച്ചകോടിയിൽ, നടിയും സാങ്കേതിക വിദഗ്‌ധയുമായ എലൈൻ വാൻ ഡെർ വെൽഡെ തന്റെ എഐ ടാലന്റ് സ്‌റ്റുഡിയോയായ സിക്കോയ, നോർവുഡിന്റെ പ്രാതിനിധ്യം സംബന്ധിച്ച കരാർ പൂർത്തിയാക്കുന്നതിന് അടുത്തെത്തിയെന്ന് അറിയിച്ചതോടെയാണ് ഇക്കാര്യം ലോകത്തിൽ എല്ലായിടത്തും ചർച്ചയായത്.
നിലവിൽ സാഹചര്യത്തിൽ ഹോളിവുഡിൽ ഏതെങ്കിലും ഒരു ഏജന്റിന് അവളെ വിജയകരമായി കരാറിൽ എത്തിക്കാൻ കഴിഞ്ഞാൽ, പരമ്പരാഗതമായി മനുഷ്യ അഭിനേതാക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷണൽ പ്രാതിനിധ്യം നേടുന്ന ആദ്യത്തെ എഐ ജനറേറ്റഡ് പെർഫോമർമാരിൽ ഒരാളായിരിക്കും ടില്ലി നോർവുഡ്.
അത് അധികം അകലെ അല്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഞങ്ങൾ ആദ്യമായി ടില്ലിയെ രംഗത്ത് ഇറക്കിയപ്പോൾ ചില ആളുകൾ ചോദിച്ചു, 'അതെന്താണ്?' എന്ന് വാൻ ഡെർ വെൾഡെ തന്നെ പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ നിന്നാണ് ഈ മുന്നേറ്റം. അങ്ങനെയെങ്കിൽ വരാനിരിക്കുന്ന നാളുകളിൽ സിനിമാ അഭിനയം ഉൾപ്പെടെയുള്ള സർഗാത്മക ശേഷി ആവശ്യമുള്ള കാര്യങ്ങൾക്കും എഐ മതിയാകും.
എന്നാൽ ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നോർവുഡ് ഏജൻസിയുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ, ഹോളിവുഡ് താരങ്ങൾ തന്നെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇൻ ദി ഹൈറ്റ്സ് താരം മെലിസ ബാരേര ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ ഇതിനെതിരെ രംഗത്ത് വന്നു. സമാനമായി വേറെയും താരങ്ങൾ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
അഭിനേതാക്കളുടെ പ്രായം കുറയ്ക്കുന്നതിനും, പഴയകാല നടന്മാരുടെ ശബ്‍ദം തിരികെ കൊണ്ടുവരുന്നതിനും, സിനിമാ ട്രെയിലറുകൾ തുന്നുന്നതിനും ഒക്കെ മുമ്പ് എഐയുടെ സഹായം ഉപയോഗിച്ചിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ മാറി ഒരു എഐ നടി മുഖ്യധാരയിലേക്ക് എത്തുന്നത് ഇതാദ്യമായാണ്. അതിനാൽ തന്നെ എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുകയാണ്.












Click it and Unblock the Notifications