മനുഷ്യർ ചെയ്യുന്ന ഏത് ജോലിയും എഐ ഏറ്റെടുക്കുമോ? ആ പണി ചെയ്യാൻ ഇത്തിരി കൂടി വളരണമെന്ന് ബിൽ ഗേറ്റ്‌സ്
ന്യൂയോർക്ക്: കൃത്രിമ ബുദ്ധി നിലവിൽ ലളിതമായ ജോലികളിൽ മനുഷ്യരെ മാറ്റിസ്ഥാപിക്കാൻ കഴിവുള്ളതാണെങ്കിലും, ഏറ്റവും സങ്കീർണ്ണമായ കോഡിംഗ് ജോലികൾ കൈകാര്യം ചെയ്യാൻ ഇതിന് കഴിവില്ലെന്ന് വ്യക്തമാക്കി മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സ്. ഈ ടെക് ശതകോടീശ്വരൻ സിഎൻഎന്റെ ഫരീദ് സക്കറിയയുമായുള്ള അഭിമുഖത്തിലാണ് എഐയുടെ വേഗതയേറിയ പുരോഗതിയെക്കുറിച്ചുള്ള തന്റെ കാഴ്‌ചപ്പാടുകൾ പങ്കുവച്ചത്.
എഐയ്ക്ക് ഈ കഴിവ് അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ നേടാനാകുമോ അതോ ഇനിയും ഒരു ഏറെനാൾ അകലെയാണോ എന്നതിനെക്കുറിച്ച് ഈ മേഖലയിലെ വിദഗ്‌ധർക്കിടയിൽ പോലും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഗേറ്റ്സ് ചൂണ്ടിക്കാട്ടി. ഇത്രയൊക്കെ ആണെങ്കിലും എഐ തന്നെ അത്ഭുതപ്പെടുത്തുന്ന വേഗതയിൽ മെച്ചപ്പെടുകയാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുകയുണ്ടായി.

'ആളുകൾ കോഡ് എഴുതുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ലളിതമായ കോഡിംഗ് ജോലികളിൽ ഇന്ന് എഐക്ക് മനുഷ്യരുടെ ജോലിയെ മാറ്റിസ്ഥാപിക്കാൻ കഴിയും. പക്ഷേ ഏറ്റവും സങ്കീർണ്ണമായ കോഡിംഗ് ജോലികൾ, അത് ഇതുവരെ ചെയ്യാൻ എഐക്ക് കഴിവില്ല. ഈ മേഖലയിലെ ആളുകൾക്കിടയിൽ, അത് അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സംഭവിക്കുമോ അതോ പത്ത് വർഷം അകലെയാണോ എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്' അദ്ദേഹം പറയുന്നു.
'പക്ഷേ, എഐ എന്നെ അത്ഭുതപ്പെടുത്തുന്ന വേഗതയിൽ മെച്ചപ്പെടുകയാണ്. ഈ ആഴത്തിലുള്ള ഗവേഷണ ശേഷി പോലുള്ള കാര്യങ്ങളിൽ പ്രത്യേകിച്ചും. ദിവസത്തിൽ കുറച്ച് തവണ ഞാൻ ചില സങ്കീർണ്ണമായ ചോദ്യങ്ങൾ എടുക്കുന്നു, വെറുതെ രസത്തിനായി, എഐ എല്ലാ വിവരങ്ങളും ശേഖരിച്ച് എനിക്ക് അറിയേണ്ടത് സംഗ്രഹിച്ച് നൽകുന്നതിൽ വളരെ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നത് ഞാൻ കാണുന്നുണ്ട്' ഗേറ്റ്സ് വെളിപ്പെടുത്തി.
പാരലീഗലുകൾ, എൻട്രി ലെവൽ അക്കൗണ്ടന്റുമാർ തുടങ്ങിയ പാറ്റേൺ റെക്കഗ്നിഷൻ ഉൾപ്പെടുന്ന ജോലികളെ എഐ എങ്ങനെ സ്വാധീനിക്കുമെന്നും കോളേജ് വിദ്യാഭ്യാസം നേടിയ ബിരുദധാരികൾക്ക് അത്തരം മേഖലകളിൽ ജോലി കണ്ടെത്തുന്നത് എങ്ങനെ ബുദ്ധിമുട്ടാവുമെന്നും ഗേറ്റ്സ് വിശദീകരിച്ചു. എഐ കുതിക്കുന്ന കാലത്താണ് ടെക് മേഖലയിലെ വമ്പനായ ഗേറ്റ്സ് തന്നെ അതിനെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വരുന്നത്.
അതേസമയം, എഐ കൂടുതൽ ശക്തമാവുന്ന സാഹചര്യത്തിൽ പല മേഖലകളിലും തൊഴിൽ നഷ്‌ടം ഉണ്ടാവുമെന്ന ഭയത്തിലാണ് കൂടുതൽ പേരും. കാരണം പലയിടത്തും എഐ കൊണ്ട് തന്നെ ജോലികൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് കഴിയുന്നുണ്ട്. ഇതോടെ എഐയുടെ വരവ് നിരവധി ആളുകളുടെ ജോലി കളയുമെന്ന ഭയം നിലനിൽക്കുന്നുണ്ട്.












Click it and Unblock the Notifications