ശനിയും ചൊവ്വയും ഒന്നിച്ചാൽ എട്ടിന്റെ പണി; ഈ രാശിക്കാരുടെ നിശ്ചയിച്ച വിവാഹം മുടങ്ങും, സാമ്പത്തിക നഷ്‌ടം
ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായാണ് ജ്യോതിഷത്തിൽ പറയുന്നത്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട്. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നോക്കി കാണാൻ.
അശുഭകരമായ ഗ്രഹങ്ങളിൽ ഒന്നായാണ് ശനിയെ എല്ലാവരും കണക്കാക്കുന്നത്. എന്നാൽ സത്യമെന്തെന്നാൽ ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും നൽകി വരിക.

കൂടാതെ നീതിയുടെ ദേവൻ എന്ന വിശേഷണവും ശനീശ്വരന് ഉണ്ട്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി ഫലങ്ങൾ നൽകുന്നത്. കഷ്‌ടകാലം എന്ന ചിന്തയാണ് ശനിയെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം ഓടിവരിക. അതിൽ പക്ഷേ പൂർണമായ യാഥാർഥ്യമില്ല എന്നതാണ് വാസ്‌തവം. എങ്കിലും ചിലപ്പോഴൊക്കെ ശനിയുടെ സ്വാധീനം നമ്മെ വട്ടം കറക്കാനും ഇടയുണ്ടെന്ന് മറക്കരുത്.
അതുപോലെ ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നല്ല നിലയിലല്ലെങ്കിൽ അവരുടെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കും. കുടുംബ തർക്കങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ബുദ്ധിമുട്ടുകൾ, വിവാഹത്തിലെ കാലതാമസം, വർധിച്ചുവരുന്ന കടബാധ്യത എന്നിവയൊക്കെ അതിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രമാണ്. ചൊവ്വ വിചാരിച്ചാൽ ചില രാശിക്കാരുടെ ജീവിതം തന്നെ തലകീഴായി മറിച്ചിടാൻ സാധിക്കും.
ഏപ്രിൽ 2ന് ശനിയും ചൊവ്വയും മീനം രാശിയിൽ ഒന്നിച്ചെത്തുമ്പോൾ അത് വലിയ രീതിയിൽ ചിലരിൽ സ്വാധീനം ചെലുത്തുകയാണ്. ശനി നിലവിൽ മീനം രാശിയിലാണ് സഞ്ചാരം. ഇവിടേക്ക് ചൊവ്വയും വന്നുചേരുകയാണ്. 18 മാസങ്ങൾക്ക് ശേഷമാണ് ചൊവ്വ മീനം രാശിയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഫലം വളരെ ശക്തമായി മാറും. അതിനാൽ മൂന്ന് രാശിക്കാർ ഇതിനെ ജാഗ്രതയോടെ നോക്കി കാണണം.
മേടം
ഈ രാശിക്കാർക്ക് വളരെയധികം വെല്ലുവിളി നിറഞ്ഞൊരു സമയമായിരിക്കും കടന്നുവരുന്നത്. മാനസിക സമ്മർദ്ദം കൂടാൻ സാധ്യതകൾ ഏറെയാണ്. ഇക്കൂട്ടരുടെ ജോലിയിൽ തടസങ്ങൾ നേരിട്ടേക്കാം. ബിസിനസുകാരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കാതിരിക്കുക എന്നതാണ് മറ്റൊരു കാര്യം. അത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. പുതിയ പദ്ധതികൾക്ക് തുടങ്ങാൻ സമയം അനുകൂലമല്ല. യാത്രകളും ഒഴിവാക്കാം.
കന്നി
പരമാവധി ഈ കാലയളവിൽ ജാഗ്രതയോടെ എല്ലാ കാര്യങ്ങളെയും സമീപിക്കുക. ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും. ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകുന്നത് അൽപം വെല്ലുവിളി നിറഞ്ഞതായിരിക്കുമെങ്കിലും അത് തുടരുക. കാര്യമായി ചെലവുകൾ കൂടും. വിവാഹ കാര്യങ്ങളിൽ തടസം നേരിട്ടേക്കാം. നിശ്ചയിച്ച വിവാഹം പോലും മുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായേക്കാം.
മീനം രാശി
ഈ ഗ്രഹ സംയോഗം സംഭവിക്കുന്നത് മോശം സമയത്താണ്. പറ്റുമെങ്കിൽ പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇക്കൂട്ടരുടെ മാനസിക സമ്മർദ്ദം കൂടും. ജീവിതത്തിലേക്ക് കടന്നുവരുന്ന പുതിയ ആളുകളെ പെട്ടെന്ന് വിശ്വസിക്കരുത്. സ്വന്തം ജോലിയിൽ ജാഗ്രത വേണം. ചെറിയ തെറ്റുകൾ പോലും വലിയ പ്രശ്‌നങ്ങൾക്ക് കാരണമാവാൻ സാധ്യതയുണ്ട്. മാത്രമല്ല കോടതി കേസുകളിൽ കൂടുതൽ കാലതാമസം ഉണ്ടാവാനും സാമ്പത്തിക നഷ്‌ടത്തിനും സാധ്യത.












Click it and Unblock the Notifications