ഭർത്താവിന്റെ ഐശ്വര്യത്തിനും ഉന്നതിക്കും ഭാര്യയുടെ ത്യാഗം; തിങ്കളാഴ്‌ച വ്രതം ഉത്തമം, എങ്ങനെ അനുഷ്‌ഠിക്കാം?
ഭാരതീയ ഹിന്ദു വിശ്വാസ പ്രകാരം ഒട്ടേറെ ആചാരങ്ങളുണ്ട്. സാധാരണ ഗതിയിൽ നമ്മൾ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് വലിയൊരു കാര്യം തന്നെയാണെങ്കിലും അതിലും പതിന്മടങ്ങ് വ്യാപ്‌തി ഉണ്ടാക്കുന്ന ഒരു കാര്യമാണ് വ്രതങ്ങൾ അനുഷ്‌ഠിക്കുക എന്നത്. വളരെ അധികം പരിപാവനമായ, പവിത്രതയോടെ ആയിരിക്കും ഇത്തരം വ്രതങ്ങൾ അനുഷ്‌ഠിക്കുക. അതുകൊണ്ട് ആയിരിക്കും പല സ്ത്രീകളും ഇത്തരം വ്രതങ്ങൾ അനുഷ്‌ഠിക്കുക എന്ന പതിവുണ്ട്.
പൂർണമായ ഉപവാസമെടുത്തോ അല്ലാതെയോ ആചരിക്കുന്ന വ്രതങ്ങൾക്ക് അത് അനുഷ്‌ഠിക്കുന്ന ദിനങ്ങൾക്ക് അനുസൃതമായി പല ഫലങ്ങളാണ് ലഭിക്കുക. ശിവരാത്രി വ്രതം, വൈകുണ്‌ഠ ഏകാദശി വ്രതം തുടങ്ങിയ വ്രതങ്ങൾ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ആചരിക്കുന്നത് എന്നത് പ്രത്യേകം നിങ്ങൾ നോക്കണം. എന്തെന്നാൽ ഇവ സവിശേഷമായ ചില ദിനങ്ങളോട് ചേർന്ന് കൊണ്ടാണ് വ്രതങ്ങൾ അനുഷ്‌ഠിക്കുന്നത്.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്‌തമായി എല്ലാ ആഴ്‌ചകളിലും ആചരിക്കുന്ന വ്രതങ്ങളുമുണ്ട്. അതിൽ പ്രധാനമാണ് തിങ്കളാഴ്‌ച വ്രതം. സ്ത്രീ പുരുഷഭേദമന്യേ എല്ലാവരും സാധാരണയായി വ്രതങ്ങൾ എടുക്കാറുണ്ടെന്ന് അറിയാമല്ലോ. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി സ്ത്രീകൾ മാത്രമാണ് തിങ്കളാഴ്‌ച വ്രതം നോൽക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ വിവാഹശേഷവും, അല്ലാതെ ഇഷ്‌ടപ്പെട്ട വരനെ ലഭിക്കാനും ഒക്കെ ഈ വ്രതം നോൽക്കാറുണ്ട്.
ഇതിന്റെ പൂർണമായ ഫലം കിട്ടാൻ പക്ഷേ ചില കാര്യങ്ങൾ കൂടി നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 12 തിങ്കളാഴ്‌ചകളിൽ തുടർച്ചയായി വ്രതം എടുക്കുന്നത് വിവാഹം നടക്കാൻ സഹായിക്കുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. പലകാരണങ്ങളാൽ മുടങ്ങി പോകുന്ന വിവാഹം ഉത്തമനായ വരനെ കണ്ടെത്തി നടക്കുവാൻ ഭഗവാൻ ശിവൻ അനുഗ്രഹിക്കുന്നു.
മറ്റൊരു സവിശേഷമായ കാര്യം എന്തെന്നാൽ മേടം, ഇടവം, വൃശ്ചികം, ചിങ്ങം എന്നീ മലയാള മാസങ്ങളിലെ തിങ്കളാഴ്‌ച വ്രതം ഏറെ ഗുണകരമായാണ് കണക്കാക്കുന്നത്. ഇപ്പോൾ ചിങ്ങമാസമാണ് എന്ന് കൂടി ഓർക്കണം. തിങ്കളാഴ്‌ചയും രോഹിണി നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസത്തെ വ്രതം ഏറെ പ്രധാനവുമാണ്. ഈ ദിവസങ്ങളിൽ വ്രതമെടുക്കുന്നത് കൊണ്ട് ദാമ്പത്യജീവിതത്തിൽ എന്ത് ആഗ്രഹിച്ചാലും നടക്കാൻ കാരണമാവും.
തിങ്കളാഴ്‌ച വ്രതത്തിന്റെ ഐതിഹ്യം
ഈ വ്രതം സീമന്തിനി എന്ന രാജകുമാരി ആദ്യമായി അനുഷ്‌ഠിച്ച ഒന്നാണ്. ശിവ-പാർവ്വതി ദേവതകളെ നേർച്ചയോടെ ഭജിച്ച് എല്ലാ ദുഖങ്ങളും ഭയങ്ങളും ഇല്ലാതാക്കുകയും ചെയ്‌തു എന്നാണ് ഐതിഹ്യം. ഒരിക്കൽ സീമന്തിനിയുടെ ജാതകം നോക്കിയപ്പോൾ വളരെ ചെറിയപ്രായത്തിൽ തന്നെ ഭർത്താവ് മരണപ്പെട്ട് വിധവയാകാൻ യോഗമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ദുഖിതയായ രാജകുമാരി ഇതിനെ മറികടക്കാൻ നടത്തിയ വഴിയായിരുന്നു ശിവപൂജ.
എങ്ങനെയാണ് ഇത് അനുഷ്‌ഠിക്കേണ്ടത്?
ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം ഭക്ഷണത്തിലോ, ജീവിതപരമായ എല്ലാ കാര്യങ്ങളിലും പരിശുദ്ധി പാലിക്കണം. തലേന്ന് രാത്രി ഉപവാസം തുടങ്ങി, തിങ്കളാഴ്‌ച രാവിലെ ശുദ്ധമായി കുളിച്ച് ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. ശിവന് കൂവളത്തിന്റെ ഇലയും പാർവ്വതിക്ക് വെളുത്ത പുഷ്‌പങ്ങളും സമർപ്പിക്കുക. ആ ദിവസം ഒരു പ്രാവശ്യത്തേക്കു മാത്രം അരിയാഹാരം കഴിക്കുക.
മറ്റേതെങ്കിലും നേരങ്ങളിൽ അരിയാഹാരം ഒഴിവാക്കണം. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് ജപിക്കുകയും ചൊവ്വാഴ്‌ച പുലർച്ചെവരെ ശിവ സ്‌മരണയിൽ കഴിയുക ഉത്തമമാണ്. 'നമ: ശിവായ ശിവായ നമ:' എന്ന പഞ്ചാക്ഷരീ മന്ത്രം 108 തവണ ജപിക്കുക എന്നത് ഐശ്വര്യദായകമാണ്. വ്രതദിനത്തിൽ ശുദ്ധവും സാമാന്യമായ ഭക്ഷണവും മാത്രം സ്വീകരിക്കുക.












Click it and Unblock the Notifications