ഇമ്രാൻ ഹാഷ്‌മിയുടെ പുത്തൻ റോൾസ് റോയ്‌സ് കണ്ടാൽ ഞെട്ടും; ചില്ലറക്കാരനല്ല ഗോസ്‌റ്റ്, വില 12 കോടി രൂപ..!
റോൾസ് റോയ്‌സ് വാഹനങ്ങളുടെ പ്രൗഢിയെ പറ്റി സംസാരിച്ചാൽ അതിന് ഒരിക്കലും അവസാനം ഉണ്ടാകില്ല എന്നതാണ് സത്യം. അത്രയധികം ഫീച്ചറുകളാൽ സമ്പന്നമായ, തലയെടുപ്പുള്ള വാഹനങ്ങളാണ് ഈ ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കൾ വിപണിയിൽ ഇറക്കിയ വാഹനങ്ങൾ. കുള്ളിനൻ, ഫാന്റം, ഗോസ്‌റ്റ് തുടങ്ങിയ മുൻനിര മോഡലുകൾ വളരെയേറെ ജനപ്രിയമാണ് താനും. എന്നാൽ അവ സ്വന്തമാക്കുക എന്ന ഭാഗ്യം അധികമാർക്കും സാധിക്കാത്ത കാര്യമാണ്.
ഇപ്പോഴിതാ ബോളിവുഡിലെ പ്രമുഖ നടൻ ഇമ്രാൻ ഹാഷ്‌മിയും റോൾസ് റോയ്‌സിന്റെ പ്രൗഡ് ഓണറായി മാറിയിരിക്കുകയാണ്. ടൈഗർ 3 എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെയാണ് ഇമ്രാൻ ഹാഷ്‌മി ആഡംബരത്തിന്റെ പര്യായമായ ഈ ലക്ഷ്വറി ഭീമനെ സ്വന്തം ഗ്യാരേജിലേക്ക് എത്തിച്ചിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ഔദ്യോഗികമായി ഈ വാർത്ത പുറത്തുവന്നത്.

ഗോസ്‌റ്റ് ബ്ലാക്ക് ബാഡ്‌ജ് മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 12.25 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില. ഗോസ്‌റ്റിന്റെ തന്നെ രണ്ടാംതലമുറ മോഡലിനെ അടിസ്ഥാനമാക്കിയാണ് ബ്ലാക്ക് ബാഡ്‌ജ് എഡിഷന്‍ കമ്പനി ഒരുക്കിയത്. ഭാരം കുറഞ്ഞ അലുമിനിയം ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ആദ്യ മോഡല്‍ ഇറങ്ങി 11 വര്‍ഷത്തിന് ശേഷമാണ് ഇപ്പോഴത്തെ ഗോസ്‌റ്റ് ഇന്ത്യയില്‍ എത്തിയത്.
പുറം കാഴ്‌ചയിൽ മറ്റ് റോൾസ് റോയ്‌സ് വാഹനങ്ങളെക്കാൾ ഒട്ടേറെ പ്രത്യേകതകളുമായാണ് ഗോസ്‌റ്റ് എത്തിയിരിക്കുന്നത്. കുറച്ചധികം മോഡേൺ ഡിസൈൻ എലമെന്റ്സ് ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് സാരം. ഏകദേശം 600 മീറ്റര്‍ ദൂരത്തേക്ക് പ്രകാശമെത്തുന്ന ലേസര്‍ ടെക്‌നോളജിയിലുള്ള ഹെഡ്‌ലാമ്പ്, സി-ഷേപ്പ് ഡിആര്‍എല്‍, എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയുള്ള മുന്‍ഭാഗം തുടങ്ങിയവയാണ് ഈ വാഹനത്തെ മെച്ചപ്പെടുത്തുന്നത്.
നിരവധി അത്യാഡബര സംവിധാനങ്ങളാണ് ഈ വാഹനത്തില്‍ ഒരുങ്ങിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഇല്ലുമിനേറ്റ് ചെയ്യുന്ന റൂഫ്, അത്യധികം മനോഹരമായോ ഡിസൈൻ ചെയ്‌തിട്ടുള്ള ഡാഷ്‌ബോര്‍ഡ്, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള സീറ്റുകള്‍ തുടങ്ങി മികച്ച രീതിയിലാണ് ഇന്റീരിയര്‍ പണി തീർത്തിരിക്കുന്നത്. കരുത്തിലും വാഹനം ഒട്ടും പിറകിലല്ല.
6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എഞ്ചിനാണ് ഗോസ്‌റ്റിന് ശക്തി പകരുന്നത്. ഈ എഞ്ചിന്‍ 571 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. എട്ട് സ്‌പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്‌മിഷന്‍. കേവലം 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 205 കിലോമീറ്ററോളമാണ്.












Click it and Unblock the Notifications