ഓഫ്റോഡറിന്റെ പൗരുഷവുമായി ഹിമാലയൻ എത്തി; അതും ഈ കുറഞ്ഞ വിലയ്ക്ക്...
റോയൽ എൻഫീൽഡ് ഹിമാലയന്റെ പുതിയ പതിപ്പ് വിപണിയിലേക്ക്. കാലങ്ങളായി വാഹന പ്രേമികൾ കാത്തിരുന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഓഫ്‌റോഡ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഈ മോട്ടോർ സൈക്കിലിന്റെ വില 2.69 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് ആരംഭിക്കുന്നത്. ഡിസംബർ 31 വരെയാണ് ഈ വിലയ്ക്ക് ബുക്കിംഗ് സ്വീകരിക്കുക.
ഹിമാലയൻ 450 സീരീസിൽ ഒന്നിലധികം വേരിയന്റുകളുണ്ട്. ബേസ് വേരിയന്റ് 2.74 ലക്ഷം രൂപയ്ക്കും, പാസ് വേരിയന്റ് 2.79 ലക്ഷം (എക്‌സ്-ഷോറൂം) രൂപയ്ക്കും, ടോപ്-ടയർ സമ്മിറ്റ് ഹാൻലെ ബ്ലാക്ക് 2.84 ലക്ഷം രൂപയ്ക്കുമാണ് ലഭ്യമാവുക. ഈ വേരിയന്റുകളിൽ എല്ലാം ഒട്ടുമിക്ക ഫീച്ചറുകളും സമാനമാണെങ്കിലും, ഓരോ വേരിയന്റിനും വ്യത്യസ്‌ത നിറമാണ് നൽകിയിരിക്കുന്നത്.

റോയൽ എൻഫീൽഡ് പുതിയതായി വികസിപ്പിച്ച ഷെർപ 450 എഞ്ചിൻ പ്ലാറ്റ്‌ഫോമിലാണ് ഇരട്ട-സ്‌പാർ ഫ്രെയിം ഫീച്ചർ ചെയ്യുന്ന ഈ ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് മാറ്റത്തിന്റെ കാഹളം മുഴക്കിയ ശേഷം വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യ മോഡലുകളിൽ ഒന്ന് കൂടിയാണിത്.
പുതിയ ഹിമാലയന് 452 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് അവതരിപ്പിച്ചിരിക്കുന്നത്, ഇത് റോയൽ എൻഫീൽഡിനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സുപ്രധാന മാറ്റമാണ്. 39.4 ബിഎച്ച്പിയും 40 എൻഎം പീക്ക് ടോർക്കും നൽകാൻ ശേഷിയുള്ള ഈ എഞ്ചിൻ സ്ലിപ്പർ ക്ലച്ച് ഘടിപ്പിച്ച 6-സ്‌പീഡ് ഗിയർബോസ്‌കുമായി ഘടിപ്പിച്ചിരിക്കുന്നു.
ഹിമാലയൻ 450 മോഡലിന്റെ സസ്‌പെൻഷൻ, മുൻവശത്ത് യുഎസ്‌ഡി ഫോർക്കുകളും പിന്നിൽ മോണോഷോക്കും നൽകിയിരിക്കുന്നു. ഇത് ഓഫ്‌റോഡ് അനുഭവം കൂടുതൽ സുഗമമാകുന്നതാണ്.
320 എംഎം ഫ്രണ്ട് ഡിസ്‌കും 270 എംഎം റിയർ ഡിസ്‌ക്കും അടങ്ങുന്നതാണ് ബ്രേക്കിംഗ് സിസ്‌റ്റം. 230 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് ബൈക്കിന് നൽകിയത്. ബൈക്കിന്റെ സീറ്റ് ഉയരം ക്രമീകരിക്കാവുന്നതാണ്, 825 എംഎം മുതൽ 845 എംഎം വരെ ഇത്തരത്തിൽ ക്രമീകരിച്ചു വയ്ക്കാം.
കെടിഎം 390 അഡ്വഞ്ചർ, ട്രയംഫ് സ്‌ക്രാംബ്ലർ 400 എക്‌സ്, യെസ്‌ഡി അഡ്വഞ്ചർ എന്നിവയ്ക്ക് എതിരെയാവും പ്രധാനമായും ഹിമാലയൻ വിപണിയിൽ ഏറ്റുമുട്ടുക. നിലവിൽ പ്രഖ്യാപിച്ച വിലകളെല്ലാം തന്നെ ആദ്യഘട്ടത്തിൽ മാത്രം ലഭ്യമാവുന്നതാണ്. വരും ദിവസങ്ങളിൽ തന്നെ വാഹനത്തിന്റെ വിതരണം ആരംഭിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.












Click it and Unblock the Notifications