ആദ്യമായി കാർ വാങ്ങുകയാണോ? എങ്കിൽ കണ്ണുംപൂട്ടി മേടിക്കാം ഈ മൂന്ന് കാറുകൾ, ഇതാണ് കാരണം
ഇന്നത്തെ കാലത്ത് സ്വന്തമായി വാഹനമില്ലാത്ത ആളുകൾ വളരെ കുറവാണ്. അതിൽ തന്നെ ഭൂരിഭാഗം പേരും കാറുകൾ സ്വന്തമായി ഉള്ളവരാണ്. പലരുടെയും സ്വപ്‌നമായിരിക്കും സ്വന്തമായി ഒരു കാർ വാങ്ങുന്നത്. എന്നാൽ നമ്മൾ ഇഎംഐ അടക്കമുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ആയിരിക്കും കൂടുതൽ പേരും കാറുകൾ വാങ്ങുന്നത്. അങ്ങനെ ആദ്യമായി ഒരു കാർ വാങ്ങുന്നയാൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
അതിൽ വാഹനത്തിന്റെ വില, അതിന്റെ ട്രാൻസ്‌മിഷൻ, കമ്പനി, സുരക്ഷ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അത്തരത്തിൽ ആദ്യമായി കാർ വാങ്ങുന്ന ഒരാളെ സംബന്ധിച്ച് ഇതെല്ലാം പരിശോധിച്ച് കാർ വാങ്ങുമ്പോഴേക്കും ഒരുപാട് വൈകും. അങ്ങനെ ഉള്ളവർക്കായി ഏറ്റവും മികച്ച ഓപ്‌ഷൻ നൽകുന്ന മൂന്ന് കാറുകൾ ഏതൊക്കെ എന്ന കാര്യം നമുക്ക് പരിശോധിക്കാം. അതിൽ ടാറ്റയുടെ രണ്ട് വാഹനങ്ങളും ഒപ്പം ഹോണ്ടയുടെ ഒരു മോഡലും ഇടംപിടിച്ചിട്ടുണ്ട്.

ടാറ്റ പഞ്ച്
രാജ്യത്ത് ഏറ്റവും സുരക്ഷിതമായ ലോ ബജറ്റ് കാറുകളിൽ ഒന്നാണ് ടാറ്റയുടെ ഈ ഇത്തിരി കുഞ്ഞൻ. 5,99,999 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത് (എക്‌സ് ഷോറൂം). ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ആണ് ഈ വാഹനത്തെ വേറിട്ട് നിർത്തുന്ന ഘടകം. 1.2 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോളും സിഎൻജി ഓപ്ഷനും പഞ്ചിൽ നൽകിയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് ടാറ്റ പഞ്ച്.
സുരക്ഷയുടെ കാര്യത്തിലും ടാറ്റ പഞ്ച് ഒട്ടും പിന്നിലല്ല. ഫൈവ് സ്‌റ്റാർ റേറ്റിങ് സ്വന്തമായുള്ള ഈ കാർ മറ്റേത് കാറിനേക്കാളും സുരക്ഷിതമാണ്. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പും ചുറ്റും കട്ടിയുള്ള ബോഡി ക്ലാഡിംഗും ഇതിനെ വേറിട്ട് നിർത്തുന്നു. 7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം, 6-സ്‌പീക്കർ ഓഡിയോ സജ്ജീകരണം, പുഷ് ബട്ടൺ സ്‌റ്റാർട്ട്/സ്‌റ്റോപ്പ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൺറൂഫ് എന്നിവ ഇതിലുണ്ടാകും.
ടാറ്റ ടിയാഗോ
പെട്രോൾ, സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളിലാണ് ടിയാഗോ ശ്രേണി ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ എൻട്രി ലെവൽ ഹാച്ച്ബാക്ക് എന്ന നിലയിൽ, ടിയാഗോ തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ വാഹനമാണ്. CNG പവർട്രെയിനിൽ എഎംടി ട്രാൻസ്‌മിഷൻ ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ കൂടിയാണ് ടിയാഗോ.
ഈ ഹാച്ച്ബാക്കിന് റെവോട്രോൺ 1.2 ലിറ്റർ, 3-സിലിണ്ടർ, പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് പരമാവധി 86പിഎസ് പവറും 113എൻഎം പീക്ക് ടോർക്കും നൽകുന്നു. ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ 5-സ്‌പീഡ് MT, 5-സ്‌പീഡ് എഎംടി എന്നിവ ഉൾപ്പെടുന്നു. പെട്രോൾ മോഡലിന്റെ എക്‌സ് ഷോറൂം വില 6 ലക്ഷം മുതലാണ് ആരംഭിക്കുന്നത്.
ഹോണ്ട അമേസ്
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഹോണ്ട കാർ ആയ അമേസാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 2018 മുതൽ ഇന്ത്യയിൽ വിൽക്കുന്ന ഹോണ്ട അമേസിന് വർഷാവസാനത്തിന് മുമ്പ് ഫേസ്‌ലിഫ്റ്റ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലപ്പഴക്കമുണ്ടെങ്കിലും, മൈലേജ്, വിശ്വാസ്യത, സുരക്ഷ എന്നിവയുടെ മികച്ച ഒത്തുചേരലാണ് അമേസ്.
പവർട്രെയിൻ ഓപ്ഷനുകളുടെ കാര്യത്തിൽ, 90 ബിഎച്ച്പിയും 110 എൻഎം പീക്ക് ടോർക്കും നൽകുന്ന 1.2 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് ഹോണ്ട അമേസിന് ശക്തി നൽകുന്നത്. ഈ യൂണിറ്റ് 5-സ്‌പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്‌റ്ററുകളോട് കൂടിയ ഒരു മികച്ച CVT ഓട്ടോമാറ്റിക്കിലാണ് വരുന്നത്. ഹോണ്ടയുടെ സൂപ്പർതാരം ലിറ്ററിന് 18.3-18.6 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications