ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക്; ബജാജ് രണ്ടും കൽപിച്ച് തന്നെ, ജൂലൈ അഞ്ചിന് നിലംതൊടും
ഓട്ടോമൊബൈൽ മേഖലയിലും നൂതന പരീക്ഷങ്ങൾ നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. വായുമലിനീകരണം തടയൽ, ഇന്ധനക്ഷമത ഉയർത്തൽ, ഭേദപ്പെട്ട പ്രകടനം ഉറപ്പാക്കൽ എന്നിങ്ങനെ ബൈക്കുകൾ ആയാലും കാറുകൾ ആയാലും ഒരുപാട് മുൻഗണനകൾ വച്ചാണ് പലരും വാഹനങ്ങൾ ഉണ്ടാക്കി എടുക്കുന്നത്. അതേപാത തന്നെയാണ് ഇന്ത്യൻ ഓട്ടോമൊബൈൽ ഭീമന്മാരായ ബജാജും പിന്തുടരുന്നത്.
മുൻപും പല പരീക്ഷണങ്ങളും നടത്തി വിജയിച്ചിട്ടുള്ള അവരിപ്പോൾ വന്നിരിക്കുന്നത് തങ്ങളുടെ ഏറ്റവും പുതിയ ഒരു അവതാരവുമായാണ്, അതെ ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് എന്ന അത്ഭുതമാണ് അവർ ഒരുക്കി വച്ചിരിക്കുന്നത്. ഏറെക്കാലമായി അഭ്യൂഹങ്ങളിലും മാധ്യമ വാർത്തകളിലും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഈ കാര്യം ഒടുവിൽ ബജാജ് ഓട്ടോ തന്നെ ഔദ്യോഗികമായി ഇപ്പോൾ നമ്മളെ അറിയിച്ചിരിക്കുകയാണ്.

ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ സിഎൻജി-പവർ മോട്ടോർസൈക്കിൾ ജൂലൈ 5ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്, ഇനി രണ്ടു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഒരു കൂട്ടം സ്പൈ ഷോട്ടുകളും മറ്റ് വിവരങ്ങളും ഇതിനിടയിൽ ചോർന്നതിന് പിന്നാലെയാണ് ലോഞ്ചിനെക്കുറിച്ച് കമ്പനി ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഔദ്യോഗികമായി ഒരു ടീസർ പുറത്തിറക്കിയത്. അതിൽ നിന്ന് തന്നെ വാഹനത്തിന്റെ ചില സവിശേഷതകൾ വ്യക്തമാണ്.
ബജാജ് സിഎൻജി ബൈക്ക്: ഡിസൈനും മറ്റ് സവിശേഷതകളും
ബജാജ് സിഎൻജി ബൈക്കിൽ സിഎൻജിക്കും പെട്രോളിനും വേണ്ടി ഇടത് സ്വിച്ച് ഗിയറിൽ ടോഗിൾ സ്വിച്ച് അവതരിപ്പിക്കും എന്നാണ് മനസിലാവുന്നത്. ഒരു വലിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, നീളമുള്ള പരന്ന വൺ പീസ് സാഡിൽ, ഒരു ചെറിയ പെട്രോൾ ഇന്ധന ടാങ്ക് എന്നിവ വീഡിയോയിൽ നിന്ന് വ്യക്തമായ കാര്യങ്ങളിൽ ഉൾപ്പെടുന്നു.
ഈ സിഎൻജി ബൈക്കിന് സ്ലോപ്പർ-സ്‌റ്റൈൽ മോട്ടോർ ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങളും മറ്റ് വിവരങ്ങളും നേരത്തെ വെളിപ്പെടുത്തിയിരുന്നു, അതേസമയം വാഹനത്തിൽ സിഎൻജി ടാങ്ക് ബൈക്കിന്റെ സീറ്റിനടിയിൽ സ്ഥാപിക്കും. കൂടാതെ സിഎൻജി ലഭ്യമല്ലാത്ത സാഹചര്യത്തിൽ പെട്രോളിൽ ബൈക്ക് ഓടിക്കാൻ ഉപയോക്താവിനെ അനുവദിക്കുന്നതിനായി ഒരു ചെറിയ പെട്രോൾ ടാങ്കും ബൈക്കിൽ ഒരുക്കും.
5-സ്‌പോക്ക് അലോയ് വീലുകളും മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്ക് സജ്ജീകരണവും ഉണ്ടായിരിക്കും ഈ വാഹനത്തിൽ, ഒപ്പം പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറിന്റെ കരുത്തും വാഹനത്തിന് തുണയാകും. രണ്ടറ്റത്തും ഡ്രം ബ്രേക്കുകൾ ആയിരിക്കും ഉപയോഗിക്കുക എങ്കിലും മുൻവശത്ത് ഒരു ഡിസ്‌ക് ബ്രേക്കിനുള്ള ഓപ്ഷൻ കൂടി അനുവദിക്കാനാണ് സാധ്യത.
ഈ 110 സിസി ബൈക്ക് ഔറംഗബാദ് ഫാക്‌ടറിയിലും പിന്നീട് പന്ത് നഗർ സൗകര്യത്തിലും ഉൽപ്പാദിപ്പിക്കാനായിരുന്നു ബജാജിന്റെ പദ്ധതി. പ്രതിവർഷം 1-1.2 ലക്ഷം സിഎൻജി ബൈക്കുകൾ ഉൽപ്പാദിപ്പിക്കാനാണ് തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്നതെങ്കിൽ നിലവിൽ ഇത് പ്രതിവർഷം 2 ലക്ഷം യൂണിറ്റായി പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് കമ്പനി.
ഇനി ഈ വാഹനത്തിന്റെ സ്വീകാര്യതക്ക് അനുസരിച്ചിരിക്കും സെഗ്‌മെന്റിലേക്ക് മറ്റ് കമ്പനികളുടെ വരവ്. വിലയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും ഇലക്ട്രിക് ബൈക്കുകൾക്ക് സമാനമായി പെട്രോൾ വേരിയന്റുകളെക്കാൾ അൽപ്പം കൂടിയ വില തന്നെ വാഹനത്തിന് ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications